കുവൈത്ത് മലയാളി ദമ്പതികളുടെ മരണം; ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ, ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ
കുവൈത്ത് സിറ്റി: അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്ലാറ്റിൽ എറണാകുളം സ്വദേശികളായ മലയാളി നഴ്സ് ദമ്പതികൾ സൂരജിനെയും ബിൻസിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. പ്രാഥമിക പൊലീസ് അന്വേഷണം അനുസരിച്ച്, സൂരജ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി, ഹാളിൽ രക്തം തളം കെട്ടിയിരുന്നു.
സംഭവദിവസം രാത്രി, ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ റിപ്പോർട്ട് ചെയ്തു. ഫ്ലാറ്റ് പൂട്ടിയിരുന്നതിനാൽ ഇടപെടാൻ കഴിഞ്ഞില്ല. നിലവിളി കേട്ട അയൽക്കാർ ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരമറിയിച്ചു. ഇത് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫർവാനിയ പൊലീസ് സ്ഥലത്തെത്തി. പൊലീസ് വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമില്ലാത്തതിനാൽ, പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്.
പൊലീസും പബ്ലിക് പ്രോസിക്യൂട്ടറും മൃതദേഹങ്ങൾ പരിശോധിച്ചു, സംഭവസ്ഥലത്ത് നിന്ന് വിരലടയാളങ്ങൾ ശേഖരിച്ചു. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കീഴില്ലം സ്വദേശിനിയായ ബിൻസിയും കണ്ണൂർ സ്വദേശിയായ സൂരജും മക്കളെ നാട്ടിൽ വിട്ട് കുവൈത്തിലേക്ക് മടങ്ങിയെത്തിയത്. കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി. കുടുംബം ആദ്യം കുന്നുക്കുരുടിയിൽ താമസിച്ചിരുന്നു, പിന്നീട് കീഴില്ലത്തേക്ക് മാറി. ഏഴും നാലും വയസ്സുള്ള രണ്ട് മക്കളുള്ള ദമ്പതികൾ ഓസ്ട്രേലിയയിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."