ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കാന്‍ കേരളം; എതിര്‍പ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി കേരളം പിന്‍വലിക്കുന്നു. നിലവില്‍ ഗവര്‍ണറുടെ പരിഗണനയില്‍ അനുമതിക്കായി ബില്ലുകള്‍ ബാക്കിയില്ലെന്നും അതിനാല്‍ തങ്ങളുടെ ഹരജി അപ്രസക്തമായെന്നും ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ പിന്‍മാറ്റം. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ കേരളത്തിന് വേണ്ടി ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു.
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരേ സുപ്രീംകോടതിയില്‍ രണ്ട് ഹരജികളാണ് കേരളത്തിന്റെതായി ഉള്ളത്. ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടതിനെതിരായ ഹരജിയാണ് രണ്ടാമത്തേത്. ഈ രണ്ടാമത്തെ ഹരജി നിലനില്‍ക്കുമെന്നും കേരളം കോടതിയെ ഇന്നലെ അറിയിച്ചു.
അതേസമയം, ഹരജി പിന്‍വലിക്കുന്നതിനെതിരേ കേന്ദ്രം സുപ്രിംകോടതിയിലെത്തി. കേരളം ഉന്നയിച്ചത് സുപ്രധാന വിഷയമാണെന്നും അതിനാല്‍ അതില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ തങ്ങളാണ് ഹരജി സമര്‍പ്പിച്ചതെന്നും അത് പിന്‍വലിക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും കേരളം നിലപാടെടുത്തു. കേസ് അടുത്തയാഴ്ച പരിഗണിക്കും. കേരളം നല്‍കിയ ഹരജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്ന ആശങ്ക കേരളത്തിനുണ്ട്. തമിഴ്‌നാടുമായുള്ള ഏറ്റുമുട്ടലില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇത് മറികടക്കാന്‍ കേസ് ഭരണഘടനാ ബെഞ്ചില്‍ എത്തിക്കാനാണ് കേന്ദ്ര നീക്കം. ഈ സാഹചര്യത്തിലാണ് ഹരജി പിന്‍വലിക്കാന്‍ കേരളം തീരുമാനിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."