സിറിയയുമായും ഇറാനുമായും അടുക്കുമെന്ന് ട്രംപ്; ഇന്ന് യു.എസ്- അറബ് ഉച്ചകോടി; സിറിയന്‍, ഫലസ്തീന്‍ ഭരണാധികാരികള്‍ പങ്കെടുക്കും, നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് പശ്ചിമേഷ്യ | Trump Saudi Visit
റിയാദ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് പര്യടനത്തിന്റെ രണ്ടാംദിനമായ ഇന്ന് അറബ് - യു.എസ് ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഫലസ്തീന്‍, സിറിയന്‍ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ ഗസ്സയിലെ വെടിനിര്‍ത്തലും ഭാവിഭരണവുമായും ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തേക്കും. ഗസ്സയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ഏറെ ഗൗരവമേറിയ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ ചെയ്യാനും തീരുമാനം പ്രഖ്യാപിക്കാനുമാണ് ട്രംപ് എത്തിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ഗസ്സ ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ പരിശ്രമിക്കുമെന്ന് ഇന്നലെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ നടക്കുന്നത് ഭീകരമായ കാര്യങ്ങളാണെന്ന് ഇസ്‌റാഈലിന്റെ പേരു പറയാതെ ട്രംപ് പറഞ്ഞു. അമേരിക്കന്‍ ബന്ദികളെ ഹമാസ് വിട്ടയച്ചത് അദ്ദേഹം എടുത്തുപറഞ്ഞു. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് അറിയിച്ചു. സഊദി അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവച്ച് ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.
ഇന്നലെ സഊജിയിലെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. റിയാദില്‍ വിമാനമിറങ്ങിയ ട്രംപിനെ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തി സ്വീകരിച്ചു. രണ്ടാം തവണ പ്രസിഡന്റായ ശേഷം പശ്ചിമേഷ്യയിലേക്കുള്ള ട്രംപിന്റെ ചരിത്രപരമായ ആദ്യ യാത്രയ്ക്കാണ് ഇന്നലെ റിയാദില്‍ തുടക്കമായത്. നാലു ദിവസത്തെ പര്യടനത്തിനിടയില്‍ ഇന്ന് ഖത്തറിലും നാളെ യു.എ.ഇയിലും അദ്ദേഹം സന്ദര്‍ശനം നടത്തും.
ഇന്നലെ രാവിലെ പത്ത് മണിയോടെ സഊദി വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനം പ്രവേശിച്ചയുടന്‍ സഊദി വ്യോമസേനയുടെ എഫ്15 യുദ്ധവിമാനങ്ങള്‍ ട്രംപിന്റെ വിമാനത്തിന് അകമ്പടി സേവിച്ചു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റിനെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഊഷ്മളമായി സ്വീകരിച്ചു. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചില്‍ ട്രംപിനൊപ്പം സഊദി കോഫിയും കുടിച്ച് അദ്ദേഹം വിശേഷങ്ങള്‍ പങ്കിട്ടു. തുടര്‍ന്ന് സഊദി രാജകൊട്ടാരത്തിലും ഗംഭീര സ്വീകരണമാണ് ട്രംപിന് നല്‍കിയത്.
ഉച്ചവിരുന്നില്‍ ഇലോണ്‍ മസ്‌ക്, മാര്‍ക് സുകര്‍ബര്‍ഗ്, ഓപ്പണ്‍ എ.ഐ മേധാവി സാം ആള്‍ട്ട്മാന്‍, ഊബര്‍ സി.ഇ.ഒ, ഗൂഗ്ള്‍ പ്രതിനിധി, ആമസോണ്‍ പ്രതിനിധി തുടങ്ങി ആഗോള ബിസിനസ് പ്രമുഖരുമുണ്ടായിരുന്നു.
രണ്ട് പ്രസിഡന്റ് കാലാവധികളിലായി രണ്ടാം തവണയാണ് ട്രംപ് സഊദിയില്‍ എത്തുന്നത്. രണ്ട് തവണയും ട്രംപ് ആദ്യ സന്ദര്‍ശനത്തിനായി സഊദിയെ തിരഞ്ഞെടുത്തത് ഏറ്റവും ശക്തമായ അറബ് രാജ്യങ്ങളിലൊന്നായ സഊദിയുടെ സ്ഥാനമാണ് വ്യക്തമാക്കുന്നത്. ലോകം ഏറെ ആകാംക്ഷയോടെയാണ് ട്രംപിന്റെ സന്ദര്‍ശനത്തെ കാത്തിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാര്‍
പ്രതിരോധ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ വില്‍പ്പന കരാറില്‍ ആണ് ഇന്നലെ യുഎസു ംസഊദിയും ഒപ്പുവച്ചത്. 14,200 കോടി ഡോളറിന്റെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. സഊദിക്ക് ഒരു ഡസനിലധികം യു.എസ് പ്രതിരോധ സ്ഥാപനങ്ങളില്‍നിന്നുള്ള അത്യാധുനിക യുദ്ധോപകരണങ്ങളും സേവനങ്ങളും നല്‍കും. യു.എസില്‍ സഊദി 60,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഉറപ്പുലഭിച്ചതായി വൈറ്റ്ഹൗസും അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ഇസ്‌റാഈല്‍ അതൃപ്തി മറികടന്ന് സഊദിക്ക് നൂതന ആയുധങ്ങള്‍ നല്‍കുന്ന കരാറില്‍ ട്രംപ് ഒപ്പുവച്ചത്. ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, ബഹിരാകാശം, ധാതുവിഭവങ്ങള്‍ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലും നീതിന്യായ വകുപ്പുമായുള്ള സഹകരണം, പകര്‍ച്ചവ്യാധികളെ നേരിടല്‍, സാങ്കേതികവിദ്യ സഹകരണം എന്നിവയ്ക്കുള്ള ധാരണാപത്രത്തിലും സഊദിയും യു.എസും ഒപ്പുവച്ചു.
സിറിയയുമായും ഇറാനുമായും അടുക്കും
സിറിയയോടും ഇറാനോടും അടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സിറിയയ്ക്കുമേലുള്ള ഉപരോധം യു.എസ് പിന്‍വലിക്കം. സഊദി കിരീടാവകാശിക്കു വേണ്ടിയാണ് ഇതെന്ന് ട്രംപ് പറഞ്ഞു. മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമാണ് ഉപരോധം പിന്‍വലിക്കാന്‍ തനിക്ക് പ്രേരണയായതെന്നും ട്രംപ് തുറന്നുപറഞ്ഞു. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇതാദ്യമായാണ് ട്രംപ് ഇറാനുമായി അടുക്കുമെന്ന് പറയുന്നത്. ഇറാനുമായി ആണവ കരാറിലെത്താന്‍ ശ്രമിക്കും. എന്നാല്‍ ഇറാന്‍ സമാധാന പാത സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകും. എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിക്കും. ഇറാനുമായി പഴയ ശത്രുത അവസാനിപ്പിച്ച് നല്ല ഭാവിക്കുവേണ്ടി പുതിയ പങ്കാളിത്തം ഉണ്ടാക്കാനാണ് ആഗ്രഹമെന്നും ട്രംപ് പറഞ്ഞു.
ഗസ്സ ശാന്തമാക്കാന്‍ ശ്രമിക്കും
ഗസ്സ ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ പരിശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. അവിടെ നടക്കുന്നത് ഭീകരമായ കാര്യങ്ങളാണെന്ന് ഇസ്‌റാഈലിന്റെ പേരു പറയാതെ ട്രംപ് പറഞ്ഞു. അമേരിക്കന്‍ ബന്ദികളെ ഹമാസ് വിട്ടയച്ചത് അദ്ദേഹം എടുത്തുപറഞ്ഞു. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് അറിയിച്ചു. സഊദി അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവച്ച് ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
US president says he will remove Syria sanctions Trump Saudi visit
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."