തെരഞ്ഞെടുപ്പ് ചെലവും കണക്കുമില്ല; മന്ത്രി വി. അബ്ദുറഹിമാന്റെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ, നോട്ടിസ് നൽകി
കോഴിക്കോട്: കണക്കുകൾ സമർപ്പിക്കാത്തതിനാൽ അംഗീകാരം റദ്ദാക്കുകയാണെന്ന് കാണിച്ച് നാഷനൽ സെക്കുലർ കോൺഫറൻസിന് (എൻ.എസ്.സി.) തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടിസ്. മന്ത്രി വി. അബ്ദുറഹിമാൻ അംഗമായ പാർട്ടിയാണ് നാഷനൽ സെക്കുലർ കോൺഫറൻസ്. എൻ.എസ്.സി 2021-22 മുതൽ കണക്ക് സമർപ്പിച്ചിട്ടില്ലെന്ന് കമ്മിഷൻ നോട്ടിസിൽ പറയുന്നു. പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കും സമർപ്പിച്ചിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 90 ദിവസത്തിനകവും പാർട്ടികൾ ഓഡിറ്റ് ചെയ്ത കണക്ക് കമ്മിഷന് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. സെപ്റ്റംബർ 30നകം വിശദീകരണം നൽകുകയും ഒക്ടോബർ മൂന്നിന് കമ്മിഷൻ ഓഫിസിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ഹാജരാവുകയും വേണമെന്ന് നോട്ടിസിൽ പറയുന്നു. ഒരു നടപടിയും ഉണ്ടായില്ലെങ്കിൽ രജിസ്‌ട്രേഡ് രാഷ്ട്രീയപാർട്ടി എന്ന പട്ടികയിൽ നിന്ന് എൻ.എസ്.സി.യെ ഒഴിവാക്കുമെന്നും പറയുന്നു.
പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് മുസ്‌ലിം ലീഗ് പുറത്താക്കിയ പി.ടി.എ റഹീം കുറേക്കാലം മുസ്‌ലിം ലീഗ് റഹീം വിഭാഗം എന്ന പേരിൽ പ്രവർത്തിച്ച ശേഷം 2011ലാണ് എൻ.എസ്.സി രൂപീകരിച്ചത്. 2021ൽ പാർട്ടി ഇന്ത്യൻ നാഷനൽ ലീഗിൽ ലയിച്ചുവെങ്കിലും പി.ടി.എ റഹീമിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം എൻ.എസ്.സിയിൽ തുടർന്നു. ഇടതുമുന്നണിയുമായി സഹകരിക്കുന്ന മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായി രൂപാന്തരപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് മുസ്‌ലിം, ലീഗ് എന്നീ വാക്കുകൾ ചേർക്കാത്ത പേര് പാർട്ടിക്ക് കണ്ടെത്തിയതെങ്കിലും ഐ.എൻ.എല്ലിനെയാണ് ഇടതുമുന്നണിയിൽ എടുത്തത്. ഇതോടെയായിരുന്നു ഐ.എൻ.എൽ- എൻ.എസ്.സി. ലയനം. സ്ഥാപകനായ പി.ടി.എ റഹീം കുന്ദമംഗലത്ത് മത്സരിച്ചത് എൽ.ഡി.എഫ് സ്വതന്ത്രനായാണ്.
പി.ടി.എ റഹീം വിഭാഗം ലയിച്ചതിന് പിന്നാലെ ഐ.എൻ.എൽ പിളരുകയും ഒരുവിഭാഗം നാഷനൽ ലീഗ് രൂപീകരിക്കുകയും ചെയ്തു. എൻ.എസ്.സിയിൽ നിന്ന് ഐ.എൻ.എല്ലിൽ എത്തിയവരെല്ലാം നാഷനൽ ലീഗിലാണ് പ്രവർത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."