കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവും പ്രശസ്ത നടനുമായ വിജയ് കരൂർ ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേർ മരിച്ചു. മരിച്ചവരിൽ 6 കുട്ടികളും 16- ലധികം സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാളെ പുലർച്ചെ തിരുച്ചി വഴി കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ന് രാത്രിയോടെ കരൂരിലേക്ക് തിരിക്കുമെന്നാണ് വിവരം. അടിയന്തര ചികിത്സയും രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കാൻ മന്ത്രിമാരായ വി. സെന്തിൽ ബാലാജിയെയും മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചു. അതേസമയം അപകടത്തിൽ മരണസംഖ്യ ഉയരുന്നതിൽ അതീവ ആശങ്ക സൃഷ്ടിക്കുന്നുണ്ട്
2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയുടെ സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായാണ് കരൂരിൽ റാലി സംഘടിപ്പിച്ചത്. എന്നാൽ, ലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തിയതോടെ സ്ഥലം ജനസാഗരമായി മാറി. തിക്കും തിരക്കും നിയന്ത്രിക്കാനാകാതെ വന്നതോടെ നിരവധി പേരാണ് ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതിനിടെ വിജയ് തന്റെ പ്രസംഗം താൽക്കാലികമായി നിർത്തി, ജനങ്ങളോട് ശാന്തരാകാനും ആംബുലൻസുകൾക്ക് വഴിനൽകാനും അഭ്യർത്ഥിച്ചു.
ദുരന്തത്തിനിടെ, 9 വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്തു. കുട്ടിയെ കണ്ടെത്താൻ പോലീസിന്റെയും പാർട്ടി പ്രവർത്തകരുടെയും സഹായം തേടണമെന്ന് വിജയ് പരസ്യമായി അഭ്യർത്ഥിച്ചു.
സർക്കാർ ഇടപെടൽ
ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി സ്റ്റാലിൻ അടിയന്തര നടപടികൾ സ്വീകരിച്ചു. ആശുപത്രികൾക്ക് അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകി. ജില്ലാ കളക്ടറുമായും എ.ഡി.ജി.പി.യുമായും ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശിച്ചു. സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജനങ്ങൾ സർക്കാരിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
A tragic incident occurred at a rally organized by Tamilaga Vettri Kazhagam (TVK) leader and actor Vijay in Karur, where over 30 people, including children and women, lost their lives due to a massive crowd surge. Chief Minister M.K. Stalin will visit the site tomorrow, and ministers have been deployed to coordinate rescue and medical efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."