കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; അമ്മാവന് പിന്നിലെ അമ്മയും അറസ്റ്റില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതു അറസ്റ്റില്‍. അമ്മാവൻ ഹരികുമാർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീതുവിനെ തമിഴ്‌നാട്ടിൽ നിന്നാണ് ബാലരാമപുരം പൊലിസ് കസ്റ്റഡിയിലെടുത്തത്. കേസിൽ രണ്ടാം പ്രതിയാണ് ശ്രീതു.
ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ് പ്രായമുള്ള ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അമ്മയുടെ സഹോദരനായ ഹരികുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന ഹരികുമാറിന്റെ മൊഴിയിൽ പൊലിസ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവാണ് എന്ന് ഹരികുമാർ മൊഴി നൽകിയിരുന്നു.
ചോദ്യം ചെയ്യലിൽ തുടർച്ചയായി മൊഴിമാറ്റിയതോടെ ഹരികുമാറിനെയും കുട്ടിയുടെ അമ്മയെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലിസ് തയാറാകുന്നതിനിടെയാണ് ശ്രീതുവിനെ ചേർത്തുള്ള ഹരികുമാറിന്‍റെ മൊഴി പുറത്തുവന്നത്.
സഹോദരന്റെ മൊഴി ശ്രീതു തള്ളിയിരുന്നു. എന്നാൽ, ശ്രീതുവിനെതിരെ കുട്ടിയുടെ പിതാവും സംശയം പ്രകടിപ്പിച്ച് ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകൾ ഇല്ലാത്തതിനാൽ ആദ്യ ഘട്ടത്തിൽ പ്രതി ചേർത്തിരുന്നില്ലെങ്കിലും കുറ്റപത്രത്തിൽ ശ്രീതുവിനെയും പൊലിസ് ഉൾപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്.
ദേവേന്ദുവിന്റെ കൊലപാതകത്തിൽ ശ്രീതുവിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലിസ് കണ്ടെത്തൽ. അമ്മയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലിസ് പറയുന്നു. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."