എയിംസ് എവിടെ വേണം? വിവിധ ജില്ലകൾക്കായി നേതാക്കളുടെ അടിപിടി; തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകരുതെന്ന് ആരോഗ്യമന്ത്രി
കൊച്ചി: കേരളത്തിൽ എയിംസ് എവിടെവേണമെന്നതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കാസർഗോഡ് ജില്ലകളിൽ വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോൺഗ്രസ്, ബിജെപി നേതാക്കൾ തമ്മിൽ പരസ്പരം പോരടിക്കുകയാണ്. എന്നാൽ വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്നും മന്ത്രി പറഞ്ഞു.
എയിംസ് തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന് വിവാദത്തിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി സുരക്ഷ ഗോപിയാണ്. സംസ്ഥാന സർക്കാരും കേന്ദ്രസംഘവും കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് വരുമെന്ന പ്രതീക്ഷയിൽ ഭരണപക്ഷം നിൽക്കുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഉണ്ടായത്. തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അതു നടന്നില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് എയിംസ് കൊണ്ടുപോകുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ ബിജെപി തന്നെ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നു.
ഒരിക്കലും സുരേഷ് ഗോപിയുടെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് വ്യക്തമാക്കി. എയിംസ് കേരളത്തിനാണ്, ജില്ലക്കല്ല എന്ന് പറഞ്ഞ രമേശ് സുരേഷ് ഗോപിയുടെ കടുംപിടിത്തം അദ്ദേഹത്തോട് ചോദിക്കണം എന്നും പറഞ്ഞു. സുരേഷ് ഗോപിയുടെ അഭിപ്രായം ബിജെപിക്കില്ല, എല്ലാ ജില്ലക്കാർക്കും അവകാശപ്പെടാം എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കിനാലൂരിൽ എയിംസ് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. 2014ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എയിംസിനായി കിനാനൂരിലെ 150 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രസംഘം കേരളത്തിലെത്തി സ്ഥലം പരിശോധിച്ച് തൃപ്തി അറിയിച്ചതാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. കേന്ദ്ര സംഘം നിർദേശിച്ചതിനനുസരിച്ച് 50 ഏക്കർ ഭൂമി കൂടി പിന്നീട് ഏറ്റെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാൽ രംഗത്തെത്തി. സുരേഷ് ഗോപിയുടെ ആവശ്യം സ്വാഗതാർഹമാണെന്നാണ് പറഞ്ഞ അദ്ദേഹം സുരേഷ് ഗോപി മുന്നോട്ട് വന്നാൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, എയിംസ് കാസർഗോഡ് സ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ ആലപ്പുഴ ആവശ്യത്തെ എതിർത്ത അദ്ദേഹം അടുത്ത കാലത്ത് ബിജെപി രാഷ്ട്രീയത്തിൽ വന്ന് നേതാവായവർക്ക് വിഷയം അറിയില്ല എന്നും ആരോപിച്ചു. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുകയാണ്. എയിംസ് വേണ്ടത് കാസര്ഗോഡിനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിന് എയിംസ് അനുവദിച്ചെന്ന് ഇന്ന് കേന്ദ്രം പറഞ്ഞാൽ നാളെ രാവിലെ 11 മണിക്ക് സൗജന്യമായി സ്ഥലം കൊടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനിടെയാണ് നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചത്. മറ്റുസംസ്ഥാനങ്ങളിൽ രണ്ട് എയിംസ് അനുവദിച്ചപ്പോൾ കേരളത്തിൽ ഒരു എയിംസ് എങ്കിലും എന്തുകൊണ്ടായിക്കൂടാ എന്നും മന്ത്രി ചോദിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അയച്ച കത്തിനോടും പോസിറ്റീവായി തന്നെയാണ് പ്രതികരിച്ചിട്ടുള്ളത് എന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."