ടി-20യിലെ ധോണിയുടെ റെക്കോർഡും തകർത്തു; വീണ്ടും ചരിത്രമെഴുതി സഞ്ജു
ദുബൈ: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ അപരാജിതമായാണ് ഫൈനലിലേക്ക് മുന്നേറിയത്. സൂപ്പർ ഓവറിലാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസ് നേടിയത്.
ഒടുവിൽ സൂപ്പർ ഓവർ വിധിയെഴുതിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക രണ്ട് റൺസാണ് നേടിയത്. സൂപ്പർ ഓവറിൽ അർഷ്ദീപ് സിങ് ഇന്ത്യക്കായി രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ ശ്രീലങ്കയുടെ സ്കോർ രണ്ട് റൺസിൽ അവസാനിക്കുകയിരുന്നു. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ മൂന്ന് റൺസ് നേടി വിജയം കൈവരിക്കുകയായിരുന്നു.
ഓപ്പണർ അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. 31 പന്തിൽ 61 റൺസാണ് അഭിഷേക് നേടിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് അഭിഷേക് ശർമയുടെ ബാറ്റിൽ നിന്നും പിറന്നത്. തിലക് വർമ്മ 49 റൺസ് നേടി പുറത്താകാതെയും നിന്നു. 34 പന്തിൽ നാല് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിന് അവസരം ലഭിക്കാതെ പോയ സഞ്ജു ഇത്തവണ തനിക്ക് ലഭിച്ച അവസരം സഞ്ജു കൃത്യമായി വിനിയോഗിച്ചു. മത്സരത്തിൽ 22 പന്തുകളിൽ നിന്നും 39 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് കൂറ്റൻ സിക്സുകളും ആണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.
മത്സരത്തിൽ നേടിയ മൂന്ന് സിക്സുകൾക്ക് പിന്നാലെ ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന വിക്കറ്റ് കീപ്പർ ആവാനും സഞ്ജുവിന് സാധിച്ചു. 55 സിക്സുകളാണ് മലയാളി താരം ഇതുവരെ നേടിയിട്ടുള്ളത്. 52 സിക്സുകൾ നേടിയ എംഎസ് ധോണിയെ മറികടന്നാണ് സഞ്ജുവിന്റെ ഈ നേട്ടം. 44 സിക്സുകൾ നേടിയ റിഷബ് പന്താണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. 36 സിക്സുകൾ നേടിയ ഇഷാൻ കിഷനാണ് നാലാം സ്ഥാനത്തുള്ളത്.
അതേസമയം മത്സരത്തിൽ സെഞ്ച്വറി നേടിയ പാത്തും നിസ്സങ്കയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ. 57 പന്തിൽ നിന്നും 107 റൺസാണ് താരം നേടിയത്. ഏഴു ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. കുശാൽ മെൻഡീസ് അർദ്ധ സെഞ്ച്വറി നേടിയും നിർണായകമായി. 32 പന്തിൽ എട്ട് ഫോറുകളും ഒരു സിക്‌സും അടക്കം 52 റൺസാണ് നേടിയത്.
India defeated Sri Lanka in the final match of the Asia Cup Super Four to advance to the final unbeaten. Malayali superstar Sanju Samson put up a brilliant batting performance in the match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."