ബേപ്പൂർ തുറമുഖത്തെ വർധിപ്പിച്ച സേവന നിരക്കുകൾ പുന പരിശോധിക്കണമെന്ന് ലക്ഷദ്വീപ് എം.പി
ലക്ഷദ്വീപ് കപ്പലുകളും ചരക്ക് വാഹനങ്ങളും ആശ്രയിക്കുന്ന ബേപ്പൂർ തുറമുഖത്തെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ കുത്തനെ വർധിപ്പിച്ച കേരള മാരിടൈം ബോർഡ് നടപടി പുന പരിശോധിക്കണമെന്ന് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. സംസ്ഥാന തുറമുഖ മന്ത്രി വി.എൻ. വാസവന് അടിയന്തര നടപടികൾ ആവശ്യപ്പെട്ട് എംപി കത്ത് നൽകി.
യാത്രാക്കപ്പലുകളുടെ പിന്മാറ്റത്തിന് ശേഷം പ്രതിസന്ധിയിൽ ആയിരിക്കുന്ന പ്രദേശത്തെ തൊഴിലാളികൾക്കും ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന വിവിധ ചരക്ക് വാഹനങ്ങളെയും ഈ നിരക്ക് വർധനവ് സാരമായി ബാധിക്കും.കപ്പലുകളിലേക്കും മറ്റ് ജലവാഹനങ്ങളിലേക്കും ചരക്കുകൾ കയറ്റുന്ന ക്രെയിനുകളുടെ സർവീസ് ചാർജ് മൂന്നിരട്ടിയോളം വർദ്ധിപ്പിച്ചിരിക്കുകയാണ്. ചരക്ക് വാഹനങ്ങൾക്ക് തുറമുഖത്തേക്കുള്ള പ്രവേശന ഫീസ് ഇരട്ടിയായി ഉയർത്തിയിരിക്കുന്നു. തുറമുഖ തൊഴിലാളികൾ അടക്കം ഉപയോഗിച്ചുവരുന്ന ശുദ്ധജലത്തിനും ഇനി മുതൽ വലിയ ചാർജാണ് ഈടാക്കുന്നത്. കപ്പലുകളെ തുറമുഖത്തേക്ക് അടുപ്പിക്കുന്ന ടഗ് സർവീസുകളുടെ ചാർജും തുറമുഖത്തിലെ ചരക്ക് സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ വാടകയും വർദ്ധിപ്പിച്ചിരിക്കുന്നു.
ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള നിർത്തിവച്ച യാത്രാ വെസൽ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിൽ ഇത്തരത്തിൽ തുറമുഖത്തെ സേവന ചാർജുകൾ വർധിപ്പിച്ചത് ഈ നീക്കങ്ങൾക്ക് കൂടി തടസ്സമാവുമെന്നും എംപി കൂട്ടിച്ചേർത്തു. ഇതിലൂടെ ഭാവിയിൽ ചരക്ക് നീക്കത്തിനും കപ്പലുകളുടെ വരവിനും ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയും കത്തിൽ എടുത്തുപറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."