തലസ്ഥാനത്തും പരിസരത്തും ലഹരിവേട്ട: ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ലഹരിവേട്ടയിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നിരവധി പേർ പൊലിസിന്റെ പിടിയിലായി. തിരുവനന്തപുരത്ത് 27 ഗ്രാം എംഡിഎംഎയുമായി എറണാകുളം പള്ളുരുത്തി സ്വദേശി ഫൈസൽ (55) അറസ്റ്റിലായി. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ ഓട്ടോയിൽ പോകവേയാണ് ഇയാൾ പിടിയിലായത്.
നഗരത്തിലും പരിസരപ്രദേശങ്ങളിലും ഓട്ടോ ഓടിച്ചിരുന്ന ഫൈസലിന്റെ ധരിച്ചിരുന്ന സോക്സിനുള്ളിൽ നിന്നാണ് എംഡിഎംഎ ഒളിപ്പിച്ച നിലയിൽ പൊലിസ് കണ്ടെത്തിയത്. ഇയാളുടെ ഓട്ടോ പൊലിസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൃപ്രയാറിൽ യുവാവും യുവതിയും പിടിയിൽ
തൃപ്രയാർ തളിക്കുളത്തെ ഫ്ലാറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 33.5 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിലായി. എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശി വലിയകത്ത് വീട്ടിൽ ഫസീല (33) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. അഖിലിനെതിരെ കാട്ടൂർ, മതിലകം പൊലിസ് സ്റ്റേഷൻ പരിധികളിൽ രണ്ട് വധശ്രമ കേസുകളും മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച കേസും നിലവിലുണ്ട്.
തൃശ്ശൂർ ജില്ലാ പൊലിസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, വാടാനപ്പിള്ളി പൊലിസ് സ്സ്റ്റേഷൻ എസ്എച്ച്ഒ എൻ.ബി. ഷൈജു, വലപ്പാട് എസ്ഐ സി.എൻ. എബിൻ, ജിഎസ്ഐ പി.യു. ഉണ്ണി, തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ എസ്ഐ സി.ആർ. പ്രദീപ്, എഎസ്ഐ ലിജു ഇയ്യാനീ, എസ് സിപിഒ സി.കെ. ബിജു, സിപിഒ സുർജിത് സാഗർ, വലപ്പാട് ജിഎസ് സിപിഒ അനൂപ്, സിപിഒ സിജി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."