കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊൽക്കത്ത: കൊൽക്കത്തയെ നടുക്കിയ യുവ ഡോക്ടറുടെ ബലാത്സംഗക്കേസിലെ പ്രധാന പ്രതിയുടെ അനന്തരവളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ അലമാരയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് 11 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആർ.ജി. കാർ മെഡിക്കൽ കോളേജ് കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗ് ആണ് മരിച്ചത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയെയും കൈയേറ്റം ചെയ്തു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ ആരോപിക്കുന്നു. നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മർദ്ദിക്കുകയും ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
11കാരിയെ അച്ഛനും രണ്ടാനമ്മയും പതിവായി മർദ്ദിച്ചിരുന്നതായി നാട്ടുകാർ
സ്ഥലത്തെത്തിയ പൊലിസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെയായിരുന്നു ഭോലാ സിംഗ് ആദ്യം വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തിലുള്ള മകളാണ് മരിച്ച സുരഞ്ജന. ഏതാനും വർഷങ്ങൾക്ക് മുൻപ് ബബിത ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബബിതയുടെ ഇളയ സഹോദരിയെ ഭോലാ സിംഗ് വിവാഹം ചെയ്യുകയായിരുന്നു.
അലമാരയിലെ ഒരു ഹാംഗറിലുണ്ടായിരുന്ന തുണിയിൽ തൂങ്ങിയ നിലയിലാണ് സുരഞ്ജനയുടെ മൃതദേഹം കണ്ടെത്തിയത്. പൂജ ആശുപത്രിയിൽ പോയി തിരിച്ച് വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ മാതാപിതാക്കൾ 11കാരിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി അയൽവാസികൾ ആരോപിക്കുന്നു.
രാത്രി വൈകിയും പുലർച്ചെയും കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതും ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നതും തല ഭിത്തിയിൽ പിടിച്ച് ഇടിക്കുന്നതും പതിവായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതക സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കുടുംബാംഗങ്ങൾ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."