കാര്യങ്ങൾ ചർച്ച ചെയ്യാതെ എംഒയു ഒപ്പുവെക്കാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായത്: വി.ഡി സതീശൻ
കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ. മന്ത്രിസഭയിലും മുന്നണിയിലും കാര്യങ്ങൾ ചർച്ചചെയ്യാതെ കേന്ദ്ര സർക്കാരിന്റെ എംഒയു ഒപ്പുവെക്കാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്നാണ് വിഡി സതീശൻ ചോദിച്ചത്. കേരളത്തിലെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നും കബളിപ്പിക്കപ്പെട്ട ഈ സാഹചര്യത്തിൽ സിപിഐ മന്ത്രിമാർ രാജിവെക്കുകയാണ് ചെയ്യേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎം ശ്രീ കരാറിൽ ഒപ്പിട്ടിരിക്കുന്നത് ഒക്ടോബർ 16നാണ്. മുഖ്യമന്ത്രി പ്രധാന മന്ത്രിയുമായും അമിത്ഷായുമായും കൂടികാഴ്ച നടത്തിയത് പത്താം തീയതിയും ആണ്. ഈ കാര്യം 22ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പോലും അറിയിച്ചില്ല. പിഎം ശ്രീയിൽ ഒപ്പുവെക്കരുതെന്ന് ആ യോഗത്തിൽ സിപിഐ മന്ത്രി കെ രാജൻ പറയുമ്പോഴും ഒപ്പിട്ട കാര്യം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറച്ചുപിടിച്ചു. ഇതിലൂടെ ഒപ്പമുള്ള മന്ത്രിമാരെയും എൽഡിഎഫിലെ മാറ്റ് ഘടകകക്ഷികളെയും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
പിഎം ശ്രീയിൽ ഒപ്പുവെക്കാൻ എന്ത് നിർബന്ധമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പുറത്ത് പറയണമെന്നും ഏത് തരത്തിലുള്ള ബ്ലാക്ക്മെയിൽ ആണ് ഇതിനു പിന്നിൽ നടന്നതെന്നും വിഡി സതീശൻ ചോദിച്ചു. ഈ വിഷയം ഇടതു മുന്നണിയിൽ ചർച്ച ചെയ്യണമെന്ന് പറഞ്ഞെങ്കിലും മുന്നണിയിൽ ചർച്ച ചെയ്തില്ല. മന്ത്രിസഭയിൽ പോലും ചർച്ച ചെയ്തില്ല. ഒപ്പുവെച്ച സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പോലും അറിഞ്ഞിട്ടില്ല. ആരും അറിയാതെ ഇത്ര രഹസ്യ സ്വഭാവത്തിൽ പിഎം ശ്രീയിൽ ഒപ്പുവെക്കാനുള്ള ദുരൂഹതയാണ് ഇനി പുറത്തു വരാനുള്ളതെന്ന് വിഡി സതീശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."