ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
ഇടുക്കി: അടിമാലിക്ക് സമീപം കൂമ്പൻ പാറയിലെ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി. അപകടകരമായ നിലയിലായിരുന്ന മണ്ണാണ് താഴേക്ക് പതിച്ചത്. ബിജു, ഭാര്യ സന്ധ്യ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.
വിവരമറിഞ്ഞ് പൊലിസും ഫയർഫോഴ്സും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ സന്ധ്യയുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. വീടിന്റെ കോൺക്രീറ്റ് ഭാഗം കേന്ദ്രീകരിച്ചാണ് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്.
പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനായി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് നേരത്തെ 25 ഓളം കുടുംബങ്ങളെ അടിമാലി ഗവൺമെൻ്റ് സ്കൂളിൽ തുറന്ന ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇക്കൂട്ടത്തിൽ ബിജുവും ഭാര്യയും ഉൾപ്പെട്ടിരുന്നു.
അടിമാലി ഉന്നതിയിൽ നിന്നും കുടുംബങ്ങളെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഉന്നതിക്ക് മുകൾ ഭാഗത്തായി വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് സുരക്ഷാ മുൻകരുതലെന്ന നിലയിൽ ക്യാമ്പ് തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."