കള്ളവൗച്ചറുകൾ, ഇരട്ടിവില രേഖപ്പെടുത്തൽ; ജീവനക്കാരുടെ ശമ്പളവും മീനിന്റെ വിലയും എഴുതി 9 ലക്ഷം രൂപ തട്ടി: റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ
വിഴിഞ്ഞം: അവധിയിലുള്ള ജീവനക്കാരുടെ ശമ്പളം, സാധനങ്ങളുടെ യഥാർത്ഥ വിലയേക്കാൾ അധികവില എന്നിവ കള്ളവൗച്ചറുകളായി എഴുതി ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ. വിഴിഞ്ഞത്തെ 'കടൽ' റെസ്റ്റോറൻ്റ് മാനേജരും കണ്ണൂർ ചിറക്കര സ്വദേശിയുമായ മുഹമ്മദ് ദിൽഷാദി (38) നെയാണ് റെസ്റ്റോറന്റ് ഉടമയുടെ പരാതിയിൽ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് ഇയാൾ ഇത്രയും തുക തട്ടിയെടുത്തതെന്ന് പൊലിസ് അറിയിച്ചു.
തട്ടിപ്പ് രീതി
മാനേജരായ മുഹമ്മദ് ദിൽഷാദി രണ്ടുരീതിയിലാണ് പണം തട്ടിയെടുത്തിരുന്നത്.അവധിയിലുള്ള ജീവനക്കാരുടെ ശമ്പളം അവധിയെടുത്ത ജീവനക്കാർ ജോലിയിലുണ്ടെന്ന് രേഖപ്പെടുത്തി അവരുടെ ശമ്പളം വൗച്ചർ എഴുതി പ്രതി കൈക്കലാക്കി.സാധനങ്ങൾക്ക് അധികവില- റെസ്റ്റോറൻ്റിലേക്ക് മത്സ്യം അടക്കമുള്ള സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക് യഥാർത്ഥ വില നൽകിയ ശേഷം, വൗച്ചറിൽ അതിൻ്റെ ഇരട്ടിവില എഴുതി അധിക തുക തട്ടിയെടുത്തു.
അടുത്തിടെ റെസ്റ്റോറൻ്റ് ഉടമ നടത്തിയ പരിശോധനയിലാണ് മാനേജരുടെ തട്ടിപ്പ് വ്യക്തമായത്. തുടർന്ന് ഉടമ വിഴിഞ്ഞം പൊലിസിൽ പരാതി നൽകുകയായിരുന്നു.എസ്.എച്ച്.ഒ. ആർ. പ്രകാശിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ.മാരായ രജിൻ, ഷെഫിൻ ജോൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."