ഇന്ത്യക്ക് ആശ്വാസം; ഇറാന്റെ ചബഹാര്‍ തുറമുഖത്തിനുള്ള ഉപരോധത്തില്‍ ഇളവ്, യുഎസുമായുള്ള വ്യാപരചര്‍ച്ച നടന്നുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്മേല്‍ യു.എസിലെ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ആറുമാസത്തെ ഇളവ് പ്രഖ്യാപിച്ചു. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 29ന് നിലവില്‍വന്ന ഉപരോധം ആണ് ഒരുമാസം പൂര്‍ത്തിയായതോടെ തല്‍ക്കാലത്തേക്ക് ഇളവ് നല്‍കിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ 2024 മെയ് മാസത്തില്‍ ഇറാനുമായി 10 വര്‍ഷത്തെ കരാര്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായി ചാബഹാര്‍ തുറമുഖത്തിലെ ഷഹീദ് ബെഹെഷ്തി ടെര്‍മിനല്‍ വികസിപ്പിക്കുന്ന പദ്ധതി ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും മധ്യേഷ്യയിലേക്കും ചരക്കുകള്‍ എത്തിക്കാനുള്ള ഒരു പകരം വ്യാപാരപാതയായാണ് ചാബഹാര്‍ തുറമുഖത്തെ ഇന്ത്യ കാണുന്നത്. യു.എസ് ഇളവ് രേഖപ്പെടുത്തിയതോടെ പദ്ധതിയുമായി ഇന്ത്യക്ക് മുന്നോട്ടുപോകാനാകും.
അതേസമയം, റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ നിര്‍ത്തിയാലുള്ള പ്രത്യാഘാതങ്ങള്‍ ഇന്ത്യ പഠിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആഗോള വിപണിയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ണയിക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഉപരോധങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ആഗോള വിപണിയിലുള്ള മാറ്റങ്ങള്‍ സ്വാഭാവികമായി ഇന്ത്യയുടെ തീരുമാനങ്ങളെ സ്വാധീനിക്കും. ഊര്‍ജസുരക്ഷയെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാല്‍ വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് നിലവില്‍ റഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതലായി എണ്ണ ഇറക്കുമതി ചെയ്യുന്നത്. റഷ്യക്ക് പുതിയ ഓര്‍ഡര്‍ നല്‍കേണ്ടെന്ന് റിലയന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും നിലവില്‍ റഷ്യയില്‍നിന്നാണ്. പ്രതിദിനം ശരാശരി 19 ലക്ഷം വീപ്പ എണ്ണയാണ് റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നത്.
അതേസമയം, എച്ച്.പി.സി.എല്‍-മിത്തല്‍ എനര്‍ജിയും റഷ്യന്‍ എണ്ണ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചു. റഷ്യന്‍ എണ്ണ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യന്‍ റിഫൈനര്‍ കൂടിയാണ് എച്ച്.എം.ഇ.എല്‍. പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും (എച്ച്.പി.സി.എല്‍) സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ മിത്തല്‍ എനര്‍ജിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എച്ച്.എം.ഇ.എല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."