ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടായാലും, വിശക്കുന്ന വയറിന് മുമ്പിൽ ഒരു വികസനത്തിനും വിലയില്ല; അതിദാരിദ്ര്യം പോയാലും ദാരിദ്ര്യം ബാക്കിയെന്നും മമ്മൂട്ടി
തിരുവനന്തപുരം: 'അതിദാരിദ്ര്യ മുക്ത കേരളം' പ്രഖ്യാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത മെഗാസ്റ്റാർ മമ്മൂട്ടി, വികസനം എന്നാൽ വെറും കെട്ടിടങ്ങളല്ല, വിശക്കുന്നവന്റെ വയറാണെന്ന് ശക്തമായി ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ, കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളെ അഭിനന്ദിച്ചും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുമാണ് അദ്ദേഹം സംസാരിച്ചത്.
വികസനം: ആർക്കുവേണ്ടി?
ഏകദേശം എട്ടോ ഒമ്പതോ മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താൻ ഒരു പൊതുവേദിയിൽ എത്തുന്നത് എന്ന് പറഞ്ഞ മമ്മൂട്ടി, ഈ ചെറിയ കാലയളവിൽ സംസ്ഥാനത്തുണ്ടായ വികസനത്തെയും പ്രശംസിച്ചു. എറണാകുളത്തുനിന്ന് താൻ യാത്ര ചെയ്താണ് എത്തിയതെന്നും,ഒരുപാട് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ആറേഴ് മാസങ്ങള്‍ക്കകം ആ യാത്ര സുഗമമാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു അദ്ദേഹം പ്രത്യാശിച്ചു പറഞ്ഞു.
"ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടായാലും, വിശക്കുന്ന വയറിന് മുമ്പിൽ ഒരു വികസനത്തിനും വിലയില്ല. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കപ്പെടുന്നതുകൊണ്ട് നാം വികസിക്കുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരിപൂർണ്ണമായി തുടച്ചുമാറ്റപ്പെടണം."വികസന പദ്ധതികൾ പൂർത്തിയാകുമ്പോൾ അത് വിശക്കുന്ന വയറുകൾ കണ്ടിട്ട് തന്നെയാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിദാരിദ്ര്യം മാത്രം പോരാ, ദാരിദ്ര്യം പോകണം
ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ 20-ൽ ഒരംശം പോലും സാമ്പത്തിക ശേഷിയില്ലാത്ത കേരളം കൈവരിച്ച സാമൂഹിക നേട്ടങ്ങൾ ലോകത്തെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. 'എനിക്ക് കേരളത്തെക്കാൾ പ്രായമുണ്ട്, അതുകൊണ്ട് തന്നെ കേരളം എന്നെക്കാൾ ഇളയതാണ്,' എന്ന തമാശയും അദ്ദേഹം പങ്കുവെച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ അതിദാരിദ്ര്യ മുക്തമായ പ്രഖ്യാപനം നടത്തുന്നതിലൂടെ വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്."നാം അതിദാരിദ്ര്യത്തിൽനിന്ന് മാത്രമേ മുക്തമായിട്ടുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്."പ്രതിസന്ധികളെ തോളോട് തോൾ ചേർന്ന് അതിജീവിച്ചതുപോലെ, ദാരിദ്ര്യത്തിനെതിരെയും സാഹോദര്യത്തോടെ പോരാടാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.കേരളപ്പിറവി ആശംസിച്ചുകൊണ്ട് മമ്മൂട്ടി തന്റെ പ്രസംഗം അവസാനിപ്പിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപന റിപ്പോർട്ട് മമ്മൂട്ടിക്ക് കൈമാറുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."