പള്ളിയിൽ പോയി തിരിച്ചെത്തിയ വീട്ടമ്മ കണ്ടത് തകർന്ന അലമാര; തലസ്ഥാനത്ത് 30 പവന്റെ സ്വർണം കവർച്ച
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച് വീണ്ടും കവർച്ചാ പരമ്പര. മാറനല്ലൂർ പുന്നാവൂരിലെ ഒരു വീട്ടിൽ നിന്ന് 30 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കിയായിരുന്നു മോഷണം.
മാറനല്ലൂർ പുന്നാവൂർ, റോഡരികത്ത് കൈതയിൽ ബാബുവിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.രാത്രി 7.30-ഓടെ ബാബുവും ഭാര്യ ഉഷയും മരുമകൾ അനീഷയും കുഞ്ഞുങ്ങളുമായി പുന്നാവൂർ കർമ്മലമാതാ പള്ളിയിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്.മോഷ്ടാക്കൾ വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്നു. തുടർന്ന്, ബെഡ്‌റൂമിലെ തടി അലമാര തകർത്ത് അതിൽ സൂക്ഷിച്ചിരുന്ന അനീഷയുടെ വളകൾ, നെക്ലസ്, മാല തുടങ്ങിയ 30 പവനോളം സ്വർണം മോഷ്ടിക്കുകയായിരുന്നു.
കുഞ്ഞിന് ഷാൾ എടുക്കാനായി അനീഷ പെട്ടെന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തകർന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അകത്ത് കയറി പരിശോധിച്ചപ്പോൾ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
മാറനല്ലൂർ പൊലിസ് ഉടൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീട്ടുകാർ പള്ളിയിലേക്ക് പോയ വിവരം മോഷ്ടാക്കൾക്ക് അറിയാമായിരുന്നോ എന്ന കാര്യമാണ് പൊലിസ് പ്രധാനമായും പരിശോധിക്കുന്നത്. "വീട്ടുകാരുമായി അടുത്ത ബന്ധമുള്ള ആർക്കെങ്കിലും മോഷണത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. നിലവിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."