കുഞ്ഞി മരക്കാരുടെ പച്ച ബെൽറ്റ്
അച്ഛനെ ചിതയിലേക്കെടുക്കുമ്പോള്‍ അമ്മ പിന്നാമ്പുറത്തെ വാതിലിലൂടെ മുറ്റത്തേക്കിറങ്ങിയിരുന്നു. അന്ന് അമ്മക്ക് എന്നെ രണ്ടുമാസം വയറ്റിലാണ്. അമ്മയുടെ വിരലുതൂങ്ങി രണ്ടു ചേട്ടന്മാരും ചേച്ചിയുമുണ്ട്. വലിയ തോട്ടിലേക്ക് തോണിയിലേറി അമ്മ ഞങ്ങളെയും കൊണ്ട് പുന്നിയൂര്ക്കുളത്തുനിന്ന് പോത്തന്നൂരിലെ ചേലേപ്പുറത്ത് തറവാട്ടിലേക്കു കയറി. കൊയ്ത്തും മെതിയും കാര്യസ്ഥന്മാരുമുള്ള ആഢ്യത്വമുള്ള തറവാട്. തൊട്ടുതീണ്ടായ്മയുടെ കാലം. പക്ഷേ, അമ്മ പഠിപ്പിച്ചത് മനുഷ്യസ്നേഹമായിരുന്നു...
നെറ്റിയിലെ ചന്ദനക്കുറിയും അരയിലെ പച്ചബെല്‍റ്റും കാണിച്ച് മുന്‍ എം.പിയും എം.എല്‍.എയും കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായ സി. ഹരിദാസ് പൊന്നാനിയിലിരുന്ന് അക്കഥ പറയുമ്പോള്‍ ഇന്നത്തെ ആസുരകാലത്തെയോര്‍ത്ത് പലപ്പോഴും അദ്ദേഹം വിതുമ്പി. അമ്മ പഠിപ്പിച്ച മഹനീയ പാരമ്പര്യത്തിന് അതിവിശിഷ്ടമായ ചില വശങ്ങളുണ്ട്. അതില്‍ സുപ്രധാനമാണ് ഈ മണ്ണില്‍ പാര്‍ക്കുന്ന മനുഷ്യര്‍ക്കിടയില്‍ ശതകങ്ങളിലൂടെ നിലനിന്നുപോന്ന മമതയും മൈത്രിയും സമുദായ സൗഹാര്‍ദവും. ഇത് കേരളത്തില്‍, പ്രത്യേകിച്ച് മലപ്പുറത്ത് ഒരാശയമോ സങ്കല്പമോ അല്ല. മറിച്ച് അനര്‍ഘമായ ഒരു പ്രയോഗവും അനിഷേധ്യമായ സത്യവുമാണ്.
അമ്മ നല്കിയ ഭൂമിയിലെ ജുമാമസ്ജിദ്
ചേലേപ്പുറത്ത് കുട്ടിമാളു അമ്മ എന്നാണ് അമ്മയുടെ പേര്. ജാതിയും മതവും നോക്കാതെ ജീവിക്കാന്‍ പഠിപ്പിച്ച അമ്മ. തറാവാട്ടില്‍ കാര്യസ്ഥന്മാര് ഏറെയും മുസ് ലിംകളായിരുന്നു. അവരില്‍ പ്രധാനി കുഞ്ഞിമരക്കാരും മൊയ്തുവും വീരാവുണ്ണിയും ബാപ്പുട്ടിയും. ഇതില്‍ 18-ാം വയസില്‍ എന്റെ അരയില്‍ ഇന്നും കാത്തുസൂക്ഷിക്കുന്ന ഈ പച്ചബെല്‍റ്റ് കെട്ടിത്തന്നത് കാര്യസ്ഥന് കുഞ്ഞിമരക്കാരായിരുന്നു. മകനെപ്പോലെ കൊണ്ടുനടന്നു. കണ്ണെത്താദൂരത്തോളമുള്ള വയലും പറമ്പും അവര്‍ കാത്തുസൂക്ഷിച്ചു. ഇന്നും ആ ഓര്‍മയ്ക്കാണ് എന്റെ അരയിലെ ഈ പച്ചബെല്‍റ്റ്. ഒരിക്കല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്റെ ബെല്‍റ്റ് ഒന്ന് മാറ്റിത്തത്തന്നു. ഈ നാട് ഇങ്ങനെയൊക്കെയാണ്.
തികഞ്ഞ വിശ്വാസിയാണ് ഞാന്‍. എന്നാല്‍ എന്റെ സഹോദര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും തികഞ്ഞ ബഹുമാനത്തോടെയാണ് കാണുന്നത്. മരണംവരെ അതിനായി പ്രവര്‍ത്തിക്കും. ഗാന്ധിയന്‍ ആദര്‍ശം മാത്രമല്ല, അമ്മ പഠിപ്പിച്ച സാഹോദര്യത്തിന്റെ സ്നേഹവായ്പ്പ് കൂടിയാണ്. പൊന്നാനി എന്നു പറഞ്ഞാല്‍ മുസ് ലിം വിഭാഗത്തിലുള്ള സാധാരണക്കാരുടെ മക്ക എന്നറിയപ്പെടുന്ന ജുമാമസ്ജിദ് ഉള്‍ക്കൊള്ളുന്ന പ്രദേശമാണ്. ഇവിടെ ജനിച്ചതാണ് എന്റെ ഏറ്റവും വലിയ സുകൃതം.
പോത്തന്നൂരിലെ ജുമാമസ്ജിദ് നിര്‍മിക്കാന്‍ അമ്മയാണ് സ്ഥലം നല്‍കിയത്. 43 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഒരു മഹല്ല് രൂപീകരിച്ചപ്പോള്‍ പള്ളി നിര്‍മിക്കാന്‍ അമ്മ സ്ഥലം കൊടുത്തു. പോത്തന്നൂര്‍ ജുമാമസ്ജിദ് പുതുക്കിപ്പണിതപ്പോള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നെ വിളിച്ച് പറഞ്ഞു. 'ഹരീ, നീ വരണം. അന്ന് പള്ളിയുടെ നിര്‍മാണത്തിന് ഉപയോഗിച്ച മരവും ഓടുകളുമെല്ലാം അവിടെയുണ്ട്. നീ വന്ന് കാണണം'.
ഞാന്‍ പോയി. അമ്മ നല്കിയ എല്ലാം ഭദ്രമാണ്. ആ മസ്ജിദില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരിലും എന്റെ അമ്മക്കു വേണ്ടിയുള്ള പ്രാര്‍ഥനയുണ്ടാവും. പിന്നീട് അമ്മ സ്ഥലംനല്‍കി നിര്‍മിച്ച പള്ളിയാണ് നൈതല്ലൂരിലെ മസ്ജിദ്. മണ്ണിന്റെ മണവും മനുഷ്യന്റെ സ്നേഹവുമാണ് ഇവിടെയുള്ളവരുടെ ചരിത്രം. സമുദായ സൗഹാര്‍ദത്തിന്റെ നിസ്തുലഭാവങ്ങളാല് ധന്യമാണ് മസ്ജിദും ക്ഷേത്രവും ക്രിസ്ത്യന്‍ ചര്‍ച്ചുമെല്ലാം. അവയെല്ലാം തോളുരുമ്മിനില്‍ക്കുന്ന ദൃശ്യം ഈ നാട്ടിലല്ലാതെ വേറെ എവിടെയാണ് കാണാനാവുക. ഈ ജനതയുടെ കളങ്കരഹിതമായ സൗഹാര്‍ദത്തിന്റെ ആഴവും പരപ്പും കാണാന്‍ എവിടെയും സാധിക്കും.
ഓത്തുപലകയും ദഫ്മുട്ടും
മുസ് ലിം കുട്ടികള്‍ക്കു മതപഠനത്തിന് പഴയകാലത്ത് ഓത്തുപലകയുണ്ടാകും. എന്നാല്‍ അതില്ലാത്തതിനാല്‍ പഠനം മുടങ്ങുന്ന നിരവധി കുട്ടികളുണ്ടായിരുന്നു. അവര്‍ക്കായി അമ്മ ആശാരിയെ കൊണ്ടുവന്ന് ഓത്തുപലക നിര്‍മിച്ചുനല്‍കുന്നത് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. മരത്തില്‍ വട്ടത്തിലുള്ള പലകയാണത്. ആ പലകയില്‍ പഠിച്ചുവളര്‍ന്ന ഒരാളും മതത്തെ ചൊല്ലി തര്‍ക്കിക്കില്ല. അതുപോലെ അമ്മ മാപ്പിളകലകള്‍ പഠിപ്പിക്കാനും സൗകര്യമൊരുക്കിയിരുന്നു. കോല്‍ക്കളിയും ദഫ്മുട്ടുമായിരുന്നു ഇതില്‍ പ്രധാനം.
പെട്രോള്‍ മാക്സിന്റെ വെളിച്ചം ഉയര്‍ന്ന ഒരു പ്രതലത്തില്‍ വയ്ക്കും. എന്നിട്ട് മുറ്റത്താണ് കോല്‍ക്കളി. കൈമെയ് മറന്ന് ഇശലുപാടി വാഴ്ത്താരിക്കനുസരിച്ച് കോലടിയുമായി ചാഞ്ഞും ചെരിഞ്ഞും വിസ്മയം തീര്‍ക്കുന്നവര്‍. ദഫ്മുട്ടില് അറബി ബൈത്തുകളുടെ ഈരടികളാണ്. ഇതൊക്കെയാണ് ഞാന്‍ കണ്ടുവളര്‍ന്ന നാട്. ഇതിങ്ങനെ തന്നെ നിലനില്ക്കണമെന്ന് മരണംവരെ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മക്കളെയും ഈ ചിന്തയോടെയാണ് വളര്‍ത്തിയത്. വര്‍ഗീയത കുത്തിപ്പൊക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിവുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍. പുറത്തു വല്ല പ്രശ്നങ്ങളുമുണ്ടായാല്തന്നെ അതു മലപ്പുറത്തിന്റെ പരമ്പരാഗത സൗഹൃദത്തെ ഒരിക്കലും പ്രതികൂലമായി ബാധിക്കാറില്ല. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് നമ്മളതു കണ്ടതാണ്. ഈ പാരമ്പര്യമാണ് നമ്മള് കാത്തുസൂക്ഷിക്കേണ്ടത്. ഇന്നും അമ്പലമായാലും പള്ളിയായാലും എന്റെ വിഹിതം ഞാന്‍ മുടങ്ങാതെ നല്കുന്നതിനു കാരണം ഈ മണ്ണില്‍ അമ്മ എന്നെ പഠിപ്പിച്ച വളര്‍ത്തിയ പാഠമാണ്. അടുത്തിടെ കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഉപഹാരം എനിക്കായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചിരുന്നു. എന്നാല്‍, അവരുടെ ഉപഹാരം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല. ആയതിനാല്‍ ഞാനതു സ്വീകരിക്കാതെ മടക്കിയയച്ചു. ഈ രാജ്യം എല്ലാവരുടേതുമാണെന്നു വിശ്വസിക്കാനാണ് ഞാന്‍ പഠിച്ചത്. അതിനായി അവസാനനിമിഷം വരെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
പ്രതിസന്ധികള്‍ക്കിടയിലും മാനവമൈത്രി കാത്തുസൂക്ഷിച്ച് പോരാടാന്‍ മലപ്പുറത്തെ ജനങ്ങള്‍ക്കു കഴിയുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍, സമ്മര്‍ദങ്ങളുടെ പ്രേരണയല്ല, നിഷ്കളങ്കമായ അഭിനിവേശമാണ് ഇവിടുത്തുകാരെ സൗഹാര്‍ദത്തിന്റെ കാവല്‍ക്കാരാക്കുന്നത്. എല്ലാ മതങ്ങളുടെയും മൗലികതത്വങ്ങളിലൂന്നിപ്പറയുന്ന മനുഷ്യസാഹോദര്യത്തിന്റെ പാഠങ്ങള്‍ അതിന്റെ ഊര്ജസ്രോതസുകളായി ഇവിടെ നിലകൊള്ളുന്നു. ലാളിത്യത്തിന്റെ, ആര്‍ദ്രതയുടെ നീരുറവയാണ് ഈ പ്രദേശം. ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്ക്കെതിരേയാണ് നാം ഒറ്റക്കെട്ടാവേണ്ടത്.
പൊന്നാനിയിലെ പൈതൃകം
കേരളത്തെക്കുറിച്ച് രചിക്കപ്പെട്ട ആദ്യ പ്രാമാണിക ചരിത്രകൃതിയായ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥം പൊന്നാനിയിലെ മഖ്ദൂം കുടുംബത്തില്‍പ്പെട്ട പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദൂമിന്റേതാണ്. അക്കാലത്തെ സാമൂഹികജീവിതം അവതരിപ്പിച്ചുകൊണ്ട് ഹിന്ദു കുടുംബങ്ങളിലെ ആചാരവിശേഷങ്ങള്‍ സൂക്ഷ്മമായി അദ്ദേഹം ആ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഹിന്ദു തറവാടുകള്ക്കുള്ളിലെ ചെറിയ കാര്യങ്ങള്‍പോലും അദ്ദേഹം വിട്ടുകളഞ്ഞില്ല. അഗാധമായ ഹിന്ദു- മുസ്്ലിം മൈത്രീ ബന്ധത്തിന്റെ ഉള്ളറകളിലേക്കാണ് ആ ഗ്രന്ഥം വെളിച്ചംവീശുന്നത്.
ഇനി മറ്റൊരു കഥ, വലിയ കൂട്ടുകാരായിരുന്ന മങ്ങാട്ടച്ചന്റെയും കുഞ്ഞായിന്‍ മുസ്്ലിയാരുടേതുമാണ്. ഫലിതത്തില്‍ ചാലിച്ച അവരുടെ പരസ്പരബന്ധവും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെത്തന്നെ രസനീയമായ അധ്യായമാണ്. രസികസാമ്രാട്ടും കവിയുമായിരുന്ന കുഞ്ഞായിന്‍ മുസ്്ലിയാര്‍ പഠിച്ചതും വളര്‍ന്നതും ഈ പൊന്നാനിയിലാണ്. ഈ പൊന്നാനിയില്‍ ഇന്നുവരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒരു ആക്രമണങ്ങളുമുണ്ടായിട്ടില്ല.
എ.കെ ആന്റണിയുംവയലാര് രവിയും പിന്നെ ഞാനും
എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലത്താണ് ഞാനും എ.കെ ആന്റണിയും വയലാര്‍ രവിയുമൊക്കെ കൂട്ടാകുന്നത്. വൈക്കം വിശ്വവും ക്ലാസിലുണ്ടായിരുന്നു. ഒരേ ക്ലാസില്‍ മാത്രമല്ല, ഹോസ്റ്റലില്‍ ഒരേ മുറിയിലാണ് താമസം. അവിടെനിന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സത്യത്തില്‍ അമ്മയും ഗാന്ധിയും പറഞ്ഞ പാതയാണ് കോണ്‍ഗ്രസ്. അന്ന് സിനിമയിലേക്കു ക്ഷണിച്ചെങ്കിലും അമ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നു വച്ചു.
ഞങ്ങളുടെ കാലഘട്ടത്തിലാണ് കേരളത്തിലെ കെ.എസ്.യുവിന്റെ രൂപീകരണം. കെ.എസ്.യുവിന്റെ പതാക മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ എന്റെ റൂമില്‍നിന്നാണ് ഡിസൈന്‍ ചെയ്തത്. ഞാന്‍ മഹാരാജാസില്‍ ആര്‍ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കെ.എസ്.യുവിന്റെ ആദ്യ വിജയമായിരുന്നു അത്.
യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലയിലെ ആദ്യ പ്രസിഡന്റ്, മലപ്പുറം ജില്ലയിലെ ഡി.സി.സി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ വഹിച്ചിട്ടുണ്ട്. 1980ല്‍ നിലമ്പൂരില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ ആയി തെരഞ്ഞെടുത്തെങ്കിലും പത്തു ദിവസത്തിനു ശേഷം ആര്യാടന് മുഹമ്മദിനു വേണ്ടി രാജിവച്ച് ഒഴിഞ്ഞുകൊടുക്കാനും മടിച്ചില്ല. കേരളത്തിലെ എറ്റവും കുറച്ചുകാലം എം.എല്‍.എ ആയ വ്യക്തി എന്ന റെക്കോര്‍ഡ് ഇന്നും എന്റെ പേരിലാണ്. അതേവര്‍ഷം കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി. 1986 വരെ എം.പിയായി തുടര്‍ന്നു. 2000 മുതല്‍ 2005 വരെ ഹരിദാസ് പൊന്നാനി നഗരസഭയുടെ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."