തിരിച്ചുപിടിക്കണം സൗഹാർദകാലം
1943ലാണല്ലോ ജനനം. അക്കാലത്തെ പഠനരീതി?
സ്കൂളില്‍ തന്നെയായിരുന്നു അക്കാലത്തെ പ്രാഥമിക മതപഠനം. ഒന്നാം ക്ലാസില്‍ മതവിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഒരു ഉസ്താദ് ഉണ്ടായിരിക്കും. ഇന്നത്തെ പോലെയുള്ള മദ്റസാ സംവിധാനം അന്നില്ല. മതപഠനത്തിനു പ്രത്യേകമായി സിലബസ് പുസ്തകങ്ങളും ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കുമായി ഒറ്റ ഉസ്താദാണ് ഉണ്ടാവുക. വിവിധ ക്ലാസുകളിലായി പഠിക്കുന്ന രീതിയും അന്നില്ല. ഓരോ കുട്ടിക്കും വേറെയായിട്ടാണ് പഠിപ്പിച്ചിരുന്നത്. ഒരാള്‍ക്ക് ഫാത്തിഹ ആണ് പഠിപ്പിക്കേണ്ടതെങ്കില്‍ അതുകഴിഞ്ഞ് മറ്റൊരാള്‍ക്കു മറ്റേതെങ്കിലും സൂറത്തുകള്‍ പഠിപ്പിക്കും.
പ്രധാനമായും ഖുര്‍ആന്‍ പാരായണമായിരുന്നു പാഠ്യവിഷയം. അന്ന് പുസ്തകത്തിനു പകരം ഓരോ പലകയാണ് ഉണ്ടായിരുന്നത്. അതില്‍ മഷിപുരട്ടി ഉണക്കി ഉസ്താദിനു കൊടുക്കും. ശേഷം ഓരോ കുട്ടിക്കും വെവ്വേറെയായി ഉസ്താദ് എഴുതിക്കൊടുക്കും. ആ പലകയില്‍ തന്നെ നോക്കിയാണ് അടുത്ത മൂന്നോ നാലോ ദിവസത്തെ പഠനം. അതുകഴിഞ്ഞ് വീണ്ടും പശ പുരട്ടി ഉണക്കി കൊണ്ടുകൊടുക്കും. ഉസ്താദ് അടുത്തതു പഠിക്കാനുള്ള കാര്യങ്ങള്‍ എഴുതിത്തരും. ഇങ്ങനെയായിരുന്നു അക്കാലത്തെ പഠനരീതി.
അഞ്ചുവരെയുള്ള സ്കൂള്‍ ആയിരുന്നു അത്. ആ അഞ്ചു കൊല്ലത്തെ ദീനീപഠനം കൊണ്ട് നിസ്കരിക്കാനും ഓതാനുമൊക്കെ കുട്ടികള്‍ പഠിച്ചെടുക്കുമെന്ന് ഉസ്താദ് പറയുന്നു.
ഈ മതപഠനം സ്കൂള്‍ പഠനം ആരംഭിക്കുന്നതിനു മുമ്പായിരുന്നു. പത്തുമണിക്കാണ് സ്കൂള്‍ പഠനം തുടങ്ങുന്നത്. അതിനുമുമ്പാണ് മതപഠന ക്ലാസുകള്‍ നടന്നിരുന്നത്. ഞങ്ങളുടെ നാട്ടില്‍ മാത്രമല്ല, പൊതുവെ എല്ലായിടത്തും ഇങ്ങനെ തന്നെയായിരുന്നു. നാട്ടിലെ കാരണവന്മാരായ ആളുകളാണ് ഈ ഉസ്താദിനെ നിശ്ചയിച്ചിരുന്നത്. ഉസ്താദിനുള്ള ശമ്പളം കൊടുത്തിരുന്നതും അവരായിരുന്നു.
ദര്‍സ് പഠനം
കോട്ടുമല ഉസ്താദായിരുന്നു (കോട്ടുമല അബൂബക്കര്‍ മുസ്്ലിയാര്‍) എന്റെ നാട്ടില്‍ ദര്‍സ് നടത്തിയിരുന്നത്. 11 വര്‍ഷക്കാലം. അതില്‍ അവസാന വര്‍ഷമാണ് ഞാന്‍ ആ ദര്സില് ചേരുന്നത്. അവരാണ് എനിക്ക് മുതഫരിദ് കിതാബ് തുടങ്ങിത്തന്നത്. ആ വര്‍ഷം കോട്ടുമല ഉസ്താദ് ഞങ്ങളുടെ നാട്ടില്‍നിന്ന് പരപ്പനങ്ങാടി പനയത്തിലേക്കു മുദരിസായി പോയി. പിന്നീട് പാണക്കാട്, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി വീണ്ടും കോട്ടുമല ദര്‍സിലേക്കു തന്നെ മടങ്ങിയെത്തി. അവിടെ നിന്നാണ് പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് ഉപരി പഠനത്തിനായി പോകുന്നത്.
ജാമിഅയില്‍ ശംസുല്‍ ഉലമ ദര്‍സ് നടത്തുന്ന കാലമാണല്ലോ. ആ ദര്‍സ് രീതികൾ
ജാമിഅയിലെ മൂന്നുവര്‍ഷവും ശംസുല്‍ ഉലമയില്നിന്നാണ് സ്വഹീഹുല്‍ ബുഖാരി പഠിച്ചത്. സ്വഹീഹുല്‍ ബുഖാരി പൂര്‍ണമായും ശംസുല്‍ ഉലമയില്‍ തന്നെ ഓതാനുള്ള സൗഭാഗ്യമുണ്ടായി. വളരെ ആഴത്തിലിറങ്ങിയുള്ള ചര്‍ച്ചകളായിരുന്നു ശംസുല്‍ ഉലമയുടെ ഓരോ ബുഖാരി ദര്‍സുകളും. ഓരോ ഹദീസുമായി ബന്ധപ്പെട്ടും മദ്ഹബുകളെ വിശദീകരിക്കുമെങ്കിലും ശാഫിഈ മദ്ഹബിനെ കൂടുതല്‍ പ്രബലമാക്കുകയും അതിന്റെ ന്യായങ്ങള്‍ നിരത്തുകയും ചെയ്തുള്ള ഗഹനമായ ദര്‍സുകളായിരുന്നു അവരുടേത്. ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട 'ചഗ്മീനിയും' നിസ്കാരസമയ ഖിബ്്ല ദിശനിര്‍ണയ പഠനവുമായി ബന്ധപ്പെട്ട 'രിസാല'യും ശൈഖുന തന്നെയായിരുന്നു ദര്‍സ് നടത്തിയിരുന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ ജാമിഅയിലേക്ക് അധ്യാപകനായി തിരഞ്ഞെടുക്കപ്പെടുന്നുണ്ടല്ലോ
ജാമിഅയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം പള്ളിപ്പുറം, മൈലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ അഞ്ചുവര്‍ഷം ദര്‍സ് നടത്തി. ശേഷമാണ് ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും പ്രത്യേക നിര്‍ദേശപ്രകാരം ജാമിഅയില്‍ മുദരിസായി എത്തുന്നത്. അന്ന് ജാമിയയില്‍ മുത്വവ്വല്‍ ക്ലാസുകള്‍ക്കു പുറമെ ചെറിയ ക്ലാസുകള്‍കൂടി ആരംഭിക്കാന്‍ തീരുമാനിക്കുകയും അതിലേക്ക് ചെറുപ്പക്കാരായ അധ്യാപകരെ നിയമിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഞാനും ഇപ്പോഴത്തെ സമസ്തയുടെ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്ലിയാരും ജാമിഅയില്‍ അധ്യാപകരായി എത്തുന്നത്.
സമസ്തയുമായി ചെറുപ്പകാലത്തുള്ള ബന്ധം എങ്ങനെ.
കോട്ടുമല ഉസ്താദിനെ പോലെയുള്ള എന്റെ ഉസ്താദുമാരൊക്കെ സമസ്തയുടെ പുതിയ നേതാക്കളായിരുന്നു. അവരിലൂടെയാണ് സമസ്തയെ അറിയുന്നതും മനസിലാക്കുന്നതും. ചെറുപ്പകാലത്ത് സമസ്തയെക്കുറിച്ച് നമ്മുടെ നാടുകളിലുള്ളവര്ക്കൊന്നും അങ്ങനെ കൂടുതല്‍ പരിചയങ്ങളും ബന്ധങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് മദ്റസകള്‍ സ്ഥാപിക്കപ്പെടുകയും അതിലൂടെ സമസ്തയുടെ ഓരോ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും സാധാരണക്കാരായ ആളുകള്‍ മനസിലാക്കുകയുമായിരുന്നു.
സമസ്തയുടെ പണ്ഡിതന്മാര് വലിയ ദര്സുകള് നടത്തുമ്പോഴും ആ നാട്ടിലെ സാധാരണക്കാരും ഇതരമതസ്ഥരുമെല്ലാം പണ്ഡിതരെ തങ്ങളുടെ ആശ്രയമായി കണ്ടിരുന്നുവല്ലോ. എന്തായിരുന്നു അതിനു കാരണം
എല്ലാവര്ക്കും ആലിമീങ്ങളെ വലിയ ആദരവും ബഹുമാനവുമായിരുന്നു. അവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു സാധാരണക്കാര്‍ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചിരുന്നത്. അന്യമതസ്ഥരായ സഹോദരങ്ങള്‍ക്കും നമ്മുടെ പണ്ഡിതന്മാരോട് വലിയ ബഹുമാനമായിരുന്നു. ഉസ്താദുമാരെ കൊണ്ട് മന്ത്രിപ്പിക്കാനും ദുആ ചെയ്യിക്കാനും നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും സമീപിക്കാറുണ്ടായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞ സ്കൂളുകളില്‍ മതം പഠിപ്പിച്ചിരുന്ന ഉസ്താദുമാരെയായിരുന്നു പൊതുവെ ആളുകള്‍ കൂടുതലും ആശ്രയിച്ചിരുന്നത്. നമ്മുടെ പള്ളികള്‍, മറ്റു ദീനിസംരംഭങ്ങള് എന്നിവയ്ക്കെല്ലാം അമുസ്്ലിംകളായ സഹോദരങ്ങള്‍ സംഭാവനങ്ങളും സഹായങ്ങളും ചെയ്തിരുന്നു. അങ്ങനെ വളരെ സ്നേഹത്തിലും സൗഹാര്‍ദത്തിലുമായിരുന്നു പരസ്പരം എല്ലാവരും കഴിഞ്ഞിരുന്നത്.
സൗഹാർദ സമീപനങ്ങൾ
വിശേഷദിവസങ്ങളിലും അതുപോലുള്ള സന്ദര്‍ഭങ്ങളിലും ഉണ്ടാക്കുന്ന പ്രത്യേക ഭക്ഷണമെല്ലാം ഇതരമതവിഭാഗങ്ങൾക്ക് നല്‍കുകയും അങ്ങനെ പരസ്പരം സന്തോഷം പങ്കിടുകയും ചെയ്യുന്ന രീതി അക്കാലത്തും ഇന്നുമുണ്ട്. നമ്മുടെ കാര്യങ്ങളെ അവരും അവരുടെ കാര്യങ്ങള്‍ നമ്മളും പരസ്പരം പരിഗണിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. പരസ്പരം അനിഷ്ടകരമായ കാര്യംപോലും ഉണ്ടായതായി എനിക്കോര്‍മയില്ല. രാഷ്ട്രീയമായ സംഘട്ടനങ്ങളും അന്ന് വളരെ കുറവായിരുന്നു. ഞങ്ങളുടെ അടുത്ത പ്രദേശമാണ് പാണക്കാട്. പൂക്കോയ തങ്ങളുമായി എല്ലാവരും വളരെ സ്നേഹത്തിലും ബഹുമാനത്തിലും കഴിയുന്നത് ഞാന്‍ അന്നേ കണ്ടിട്ടുണ്ട്.
എന്റെ ഉമ്മയുടെ നാടാണ് പാണക്കാട്. ഉമ്മയുടെ വീട്ടുകാര്‍ അവിടുത്തെ വലിയ ഉമറാക്കളുടെ കൂട്ടത്തില്പെട്ടവരായിരുന്നു. പൂക്കോയ തങ്ങളുടെ വലിയ ഖാദിമായിരുന്ന അഹമ്മദ് ഹാജി അമ്മാവനാണ്. അതുകൊണ്ടുതന്നെ ചെറുപ്പത്തില്‍ ഇടയ്ക്കിടെ അവിടെ പോവുകയും തങ്ങന്മാരെ കാണുകയും ചെയ്തിരുന്നു.
അവിടെ പോയി അനുവാദം വാങ്ങിയിട്ടാണ് കല്യാണം പോലെയുള്ള പ്രധാന കാര്യങ്ങള്‍ തുടങ്ങാറുള്ളത്.
വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സൗഹൃദങ്ങള്‍ മുന്‍കാലത്തേക്കാള്‍ ഇന്ന് കുറഞ്ഞുപോയിട്ടുണ്ടോ
അതെ, അതുണ്ട്. കുറെയൊക്കെ അത്തരം കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് രാഷ്ട്രീയകാരണങ്ങളാലാണ്. അത് വളര്‍ന്നുവലുതായി വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള കുഴപ്പങ്ങളായി മാറുകയാണ്. ഏതായാലും വളരെ സൗഹാര്‍ദത്തിലും സന്തോഷത്തിലും കഴിയാന്‍ എല്ലാവര്ക്കും സാധിക്കട്ടെ. സമസ്തയുടെ നൂറാം വാര്‍ഷിക മഹാ സമ്മേളനം അത്തരത്തിലുള്ള കുറേ നന്മ നിറഞ്ഞ സന്ദേശങ്ങളാണ് ജനങ്ങള്‍ക്കു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."