ചാറ്റ് ജി.പി.ടി വഴി ചോദ്യപേപ്പർ; കാലിക്കറ്റിൽ വെട്ടിലായത് വിദ്യാർഥികൾ; സിലബസ് ഘടന പരിഗണിക്കുന്നില്ലെന്ന് പരാതി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സിലബസ് ഘടന പോലും പരിഗണിക്കാതെ ചാറ്റ് ജി.പി.ടി വഴി ബിരുദ ചോദ്യപേപ്പർ തയാറാക്കുന്നത് വിദ്യാർഥികളെ വെട്ടിലാക്കുന്നതായി പരാതി. സിലബസിലെ മൊഡ്യൂളുകൾക്കു നൽകിയ മാർക്ക് വെയ്റ്റേജ് അനുസരിച്ചല്ല ചോദ്യങ്ങൾ വരുന്നതെന്നാണ് ആരോപണം.
ബി.കോം മൂന്നാം സെമസ്റ്റർ ബിസിനസ് റെഗുലേഷൻസ്, ഫിനാൻഷ്യൽ സ്ട്രാറ്റജി ഫോർ സ്റ്റാർട്ടപ്പ്സ്, കോർപ്പറേറ്റ് അക്കൗണ്ടിങ് എന്നീ പേപ്പറുകളിൽ ഓരോ മൊഡ്യൂളുകൾക്കും സിലബസിൽ നൽകിയ മാർക്ക് വെയ്റ്റേജ് അനുസരിച്ചല്ല ചോദ്യങ്ങൾ വന്നത്. വിഷയത്തിന്റെ ടൈറ്റിലിനോട് സാമ്യമുള്ള ചെറിയ മൊഡ്യൂളുകൾ പഠിച്ച വിദ്യാർഥികൾക്ക് 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടാവുന്ന രൂപത്തിലാണ് ചോദ്യപേപ്പർ തയാറാക്കിയിരിക്കുന്നത്. 10 മാർക്ക് വെയ്റ്റേജ് നൽകേണ്ട ബിസിനസ് റെഗുലേഷൻ വിഷയത്തിലെ മൊഡ്യൂളിൽ നിന്ന് 49 മാർക്കിന്റെ ചോദ്യങ്ങൾ വന്നു.
സെയിൽസ് മാനേജ്മെൻ്റ് വിഷയത്തിൻ്റെ രണ്ടാമത്തെ ചാപ്റ്ററിലെ ചെറിയ രണ്ട് സബ്-ടോപ്പിക്കുകളിൽ നിന്നു മാത്രം 37 മാർക്കിനുള്ള ചോദ്യങ്ങളും മറ്റൊരു ചാപ്റ്ററിലെ സെയിൽസ് ടെറിട്ടറി എന്ന ഉപവിഭാഗത്തിൽ നിന്ന് 16 മാർക്കിന്റെ ചോദ്യങ്ങളും ആവർത്തിച്ച് വന്നിട്ടുണ്ട്. മൂന്നു ചെറിയ ടോപ്പിക്കുകൾ മാത്രം പഠിച്ച വിദ്യാർഥികൾക്ക് 70ൽ 53 മാർക്ക് നേടാനുള്ള അവസരമാണ് ഉണ്ടായത്.
മൂന്നാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ ചോദ്യപ്പേപ്പർ തയാറാക്കിയതിലും സമാന പിഴവ് സംഭവിച്ചതായി പരാതിയുണ്ട്. നവംബർ 6-ന് നടന്ന കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് പരാതിക്കിടയാക്കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ജേണലിസം പഠനസമിതി അധ്യക്ഷൻ സമർപ്പിച്ച റിപ്പോർട്ടനുസരിച്ച്, 70 മാർക്കുള്ള പരീക്ഷയിൽ വെറും 20 മാർക്ക് മാത്രം അനുവദിച്ചിരിക്കുന്ന മൂന്നാം മൊഡ്യൂളിൽ നിന്നാണ് ഭൂരിഭാഗം ചോദ്യങ്ങളും വന്നത്. സിലബസിലെ രണ്ടും നാലും മൊഡ്യൂളുകൾ പൂർണമായും അവഗണിക്കപ്പെട്ടതായും ഒന്നാം മൊഡ്യൂളിനും ആവശ്യമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ചോദ്യങ്ങളുടെ വിന്യാസവും വെയിറ്റേജും പരിഗണിക്കാതെ ചാറ്റ്‌ജി.പി.ടി ഉപയോഗിച്ച് ചോദ്യപേപ്പർ തയാറാക്കിയതാണ് ഇതിനു കാരണം എന്നതാണ് അധ്യാപകരുടെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ, ലിബറൽ മൂല്യനിർണയം നടപ്പാക്കണമെന്നാണ് കൊമേഴ്സ്, ജേണലിസം പഠന ബോർഡ് അധ്യക്ഷന്മാർ നിർദേശിച്ചിരിക്കുന്നത്. പരീക്ഷാ കൺട്രോളർ ഈ നിർദേശം അംഗീകരിക്കുകയും ചെയ്തു. എങ്കിലും പരീക്ഷാ കൺട്രോളർക്ക് ഇത്തരത്തിലുള്ള നിർദേശം നൽകാൻ നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."