മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ കടയുടമകളായ രണ്ട് പേർ അറസ്റ്റിലായി. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ് എന്നിവരാണ് പിടിയിലായത്.
കിഴിശ്ശേരിയിലെ ഒരു സ്റ്റേഷനറി കടയിൽ മോഷണം നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കുട്ടികളെ പ്രതികൾ പിടികൂടിയത്. കടയുടമകളായ ആഷിക്കും ആദിൽ അഹമ്മദും ചേർന്ന് കുട്ടികളെ കടയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമായി മർദിക്കുകയായിരുന്നു.മർദിക്കാൻ ഇരുമ്പ് വടിയും മരത്തിന്റെ തടിയുമാണ് ഇവർ ഉപയോഗിച്ചത്.ക്രൂരമായ മർദനത്തെ തുടർന്ന് കുട്ടികൾ അവശരായി.
മർദനത്തിൽ അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് ഇവർ പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടികൾക്കെതിരെ മോഷണശ്രമത്തിന് കേസെടുത്തെങ്കിലും, അവർക്കെതിരെയുണ്ടായ ക്രൂരമർദനത്തിന്റെ പേരിൽ കടയുടമകൾക്കെതിരെ പൊലിസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.പ്രതികൾക്കെതിരെ കുട്ടികൾക്ക് നേരെയുള്ള അതിക്രമം, തടഞ്ഞുവെക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."