ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ
ബെംഗളൂരു: ബെംഗളൂരുവിലെ തമ്മനഹള്ളിയിൽ 21 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ ദേവിശ്രീ ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പൊലിസ് സംശയിക്കുന്നു. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് പ്രേംവർധനായി പൊലിസ് തിരച്ചിൽ ആരംഭിച്ചു.
ബിബിഎം വിദ്യാർത്ഥിനിയായ ദേവിശ്രീ, ആൺസുഹൃത്തായ പ്രേംവർധനൊപ്പം തമ്മനഹള്ളിയിലെ വാടക ഫ്ലാറ്റിൽ എത്തുകയായിരുന്നു. പ്രേമിന്റെ സുഹൃത്തായ മാനസയുടെ ഫ്ലാറ്റിലായിരുന്നു ഇരുവരും എത്തിയത്.ഫ്ലാറ്റിലെത്തിയ ഇരുവരും 11 മണിക്കൂറിലധികം അവിടെ ചെലവഴിച്ചു.
ഇതിനുശേഷം പ്രേം ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ടു.
ജോലിക്ക് പോയിരുന്ന ഫ്ലാറ്റുടമയായ മാനസ ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് ദേവിശ്രീയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാനസ പൊലിസിനെയും ആന്ധ്രാപ്രദേശിലുള്ള ദേവിശ്രീയുടെ മാതാപിതാക്കളെയും കോളേജ് അധികൃതരെയും വിവരമറിയിച്ചു. മതനായ്ക്കനഹള്ളി പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
കൊലപാതകമെന്ന് സംശയം
ദേവിശ്രീയുടെ മരണം കൊലപാതകമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണ് മൃതദേഹത്തിൽ ഉള്ളതെന്നാണ് പൊലിസ് പറയുന്നത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
പ്രേംവർധനെ കാണാതായതോടെ ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസ് സംശയിക്കുന്നത്. എന്നാൽ, കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഒളിവിൽ പോയ പ്രേംവർധനുവേണ്ടി പൊലിസ് വിപുലമായ തിരച്ചിൽ ആരംഭിച്ചു. ഇയാൾ പിടിയിലാകുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് പൊലിസും ബന്ധുക്കളും. ദേവിശ്രീയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."