ജമാഅത്തെ ഇസ്‌ലാമി; പരിണാമരാഷ്ട്രീയത്തിന്റെ പ്രഹസനങ്ങള്‍
പുതിയ പ്രഭാതഭേരി മുഴക്കാനുളള ശ്രമത്തിലാണ് ജമാഅത്തെ ഇസ്‌ലാമി. മത മൗലികവാദികളെന്ന് വിരല്‍ചൂണ്ടി ജനാധിപത്യ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നതോടെ അവര്‍ക്കിനി മൗദൂദിയന്‍ കുപ്പായം അത്ര പ്രകടമായി അണിയാന്‍ സാധ്യമല്ലാതായി. ജനാധിപത്യത്തിന്റെ പച്ചപ്പ് തേടി അവര്‍ യാത്ര ആരംഭിച്ചതിന്റെ സാമൂഹിക പശ്ചാത്തലം അതാണ്.
പരമ്പരാഗത ചിന്തകൊണ്ട് നേരിടാനാവാത്തതാണ്, പുതിയ കാലത്തെ രാഷ്ട്രീയം അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ പുതിയ സമരഭൂമികളെ നേരിടാനാവാതെ കൗമാരത്തിലോ യൗവനത്തിലോ തന്നെ വാര്‍ദ്ധക്യം ബാധിച്ച് കഴിയുകയാണ് ജമാഅത്തെ ഇസ്‌ലാമി. ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വളരെയേറെ ആഴവും പരപ്പും ഏറിയതാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും അതനുസരിച്ച് ചില മാറ്റങ്ങള്‍ക്ക് വിധേയമാവേണ്ടിവരും. ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന പ്രശ്‌നവും അതാണ്. ഒരു തരം അങ്കലാപ്പും ഭയവും ഇവരുടെ സ്ഥായീഭാവമാണ്.
ജനാധിപത്യവും മൗദൂദിസവും ഒരു നിലക്കും ചേരുംപടി ചേരില്ല. ഇസ്‌ലാമിക രാജ്യങ്ങളിലൊന്നും ജനാധിപത്യപോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി ഈ ആഗോള പ്രസ്ഥാനം രംഗത്തു വന്നതായി അറിവില്ല. മനുഷ്യ വിമോചനത്തിന്റെ അവസാനത്തെ അത്താണി മതരാഷ്ട്രീയം തന്നെയാണവര്‍ക്ക്. അതിനാല്‍ ബഹുസ്വരമായ ജീവിതഘടനയെ അഭിസംബോധനചെയ്യാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധ്യമല്ല. ഒരു മുസ്‌ലിംലീഗുകാരനെപ്പോലെ തെരഞ്ഞെടുപ്പ് കളത്തില്‍ ഇതര സമുദായങ്ങളുടെ വോട്ട് വ്യാപകമായി നേടാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് സാദ്ധ്യമല്ല. ഇടുങ്ങിയതും രഹസ്യാത്മകവുമായ ഒരു ലോകത്തേ ഇത്തരം സംഘടനകള്‍ക്ക് നിലനില്‍ക്കാനാവൂ. സ്വന്തം രാഷ്ട്രീയ (ദാര്‍ശനിക) അടിത്തറയായ മൗദൂദിസത്തെ കുറിച്ച് അവര്‍ വല്ലാതെ വര്‍ത്തമാനം പറയാത്തത് ജനാധിപത്യത്തിലുളള വിശ്വാസം കൊണ്ടല്ല, അതിവിടെ വേവില്ലെന്ന് ബോധ്യമുളളത് കൊണ്ടാണ്. ഇത്തരം നിലപാടുകളെക്കുറിച്ച് പണ്ടത്തെ ഒരു ചൊല്ലുണ്ട്. 'ചിരിച്ചതല്ല അമ്മാമേ ചിറി ഇളിഞ്ഞതാണ്' എന്ന്. ജമാഅത്തെ ഇസ്‌ലാമിയുടെ മതേതര ജനാധിപത്യ നാട്യങ്ങളെ പൊതുസമൂഹം സംശയത്തോടെ കാണുന്നത് അതുകൊണ്ടാണ്. മതരാഷ്ട്ര വാദത്തോട് വല്ലാത്തൊരു ആഭിമുഖ്യം ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. സി.പി.എം ബുദ്ധിജീവി കെ.ഇ.എന്‍. കുഞ്ഞഹമ്മദിനോട് അവര്‍ കാണിക്കുന്ന വാത്സല്യം തന്നെ മികച്ച ഉദാഹരണം. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷ ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെയും വികസനത്തിന്റെ പേരില്‍ ഇരകളാക്കപ്പെടുന്ന പാവപ്പെട്ട മനുഷ്യര്‍ക്കൊപ്പവും നില്‍ക്കുന്നു. എന്നാലവര്‍ വാത്സല്യത്തോടെ കൊണ്ടുനടക്കുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഇടതുപക്ഷത്തിന്റെ മാഫിയാ/ ഗുണ്ടാസംസ്‌കാരത്തിന്റെ ശക്തനായ വക്താവാണ്. ഭരണകൂട ദല്ലാളനാണ്.
കേരളത്തില്‍, സംസ്ഥാനത്തിന്റെ സവിശേഷ ചുറ്റുപാടുകള്‍ കണക്കിലെടുത്തുകൊണ്ട് രാഷ്ട്രീയ പ്രവേശനത്തിനുളള മുന്നുപാധിയായി ഇടതു ചുവയുളള മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ഒരു യുവജനസംഘടനയ്ക്ക് നേരത്തെ ജമാഅത്തെ ഇസ്‌ലാമി രൂപം നല്‍കിയിരുന്നു. 2003 മേയില്‍ നിലവില്‍ വന്ന സോളിഡാരിറ്റിയായിരുന്നു അത്. ഈ സംഘടനയുടെ വായില്‍ വിപ്ലവ മുദ്രാവാക്യങ്ങള്‍ തിരുകിക്കയറ്റിയ മാതൃസംഘടനസി.പി.ഐ. എമ്മിനോട് അനുഭാവം പുലര്‍ത്താനും തെരഞ്ഞെടുപ്പുകളില്‍ അനുകൂലനിലപാട് സ്വീകരിക്കാനും ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചു. തങ്ങളെ തുറിച്ചു നോക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം എങ്ങനെമറികടക്കണമെന്ന ആലോചനയില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി. സമീപ കാലത്തായി ഇക്കൂട്ടര്‍ അണിയുന്ന കപട വിപ്ലവവേഷം അതാണ് സൂചിപ്പിക്കുന്നത്. അറബ് വസന്തം കാമ്പയിന്‍ നടത്തി ആഘോഷിച്ചത് ശുദ്ധകാപട്യമല്ലാതെ മറ്റെന്ത്?
നിലവിലുളള സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം ദുസ്സാധ്യമാണെന്ന് തിരിച്ചറിഞ്ഞ മൗദൂദിസ്റ്റ് സംഘടന മതസ്ഥാപനം എന്ന ലക്ഷ്യത്തെ തങ്ങളുടെ മുന്‍ഗണനാ പട്ടികയുടെ മുകള്‍ത്തട്ടില്‍ നിന്നു അല്‍പം താഴോട്ട് നീക്കി. മത-സമുദായ വൈകാരികതയുടെ ഭൂമികയില്‍ നിന്നുകൊണ്ട് പ്രസ്ഥാനത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനായി പിന്നീട് ഊന്നല്‍. അപ്പോഴും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെകുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. മതവികാരവും സമുദായ വികാരവും എത്ര ശക്തമായി ജ്വലിപ്പിക്കാന്‍ ശ്രമിച്ചിട്ടും അണികളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ സംഭവിച്ച പരാജയമായിരുന്നു കാരണം.
ഇസ്‌ലാമിനു അതിന്റേയായ രാഷ്ട്രീയ വ്യവസ്ഥയുണ്ടെങ്കില്‍ മുസ്‌ലിമിന് എങ്ങനെ ഇസ്‌ലാമേതര മതേതര രാഷ്ട്രീയ വ്യവസ്ഥയോ പ്രജാധിപത്യ രാഷ്ട്രീയ വ്യവസ്ഥയോ സോഷ്യലിസ്റ്റ് രാഷ്ട്രീയ വ്യവസ്ഥയോ സ്വീകരിക്കാനാവും? ഈ ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് മൗദൂദി ഇസ്‌ലാമിക രാഷ്ട്രീയത്തിലും ഇസ്‌ലാമിക ഭരണസംവിധാനത്തിലും അടിവരയിട്ടത്. നിങ്ങള്‍ മുസ്‌ലിമാണോ, എങ്കില്‍ നിങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയം കൈയാളുകയും ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതിന് കഠിനപ്രയത്‌നം നടത്തുകയും ചെയ്യണം. അല്ലാഹുവിന്റെ ഇച്ഛ അതാണെന്നു അദ്ദേ ഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞുവെക്കുകയും ചെയ്തു. അവിഭക്ത ഇന്ത്യയില്‍ ഏഴുപതിറ്റാണ്ടു മുമ്പ് ജമാഅത്തെ ഇസ്‌ലാമി നിലവില്‍ വരുമ്പോള്‍ ഇസ്‌ലാമിക ഭരണത്തിന്റെ സംസ്ഥാപനം എന്നതായിരുന്നു അതിന്റെ രാഷ്ട്രീയ ലക്ഷ്യം. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ മൗദൂദി പാക്കിസ്ഥാനിലേക്ക് ചേക്കേറി. ഇന്ത്യയില്‍ അവശേഷിച്ച മൗദൂദിയന്‍ ശിഷ്യന്മാര്‍ 1948ല്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് രൂപം നല്‍കി.
.jpg)
സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം പുനഃസ്ഥാപിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പ്രഥമ ഭരണഘടനയില്‍ ഇസ്‌ലാമിക ഭരണത്തിന്റെ സ്ഥാപനമാണ് ലക്ഷ്യമായി ചേര്‍ത്തത്. പക്ഷേ ജമ്മുകാശ്മീരില്‍ ഒഴികെ മറ്റൊരിടത്തും കാര്യമായി ജനപിന്തുണയാര്‍ജ്ജിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ തിരസ്‌കരിക്കുകയാണ് ദീര്‍ഘകാലം ജമാഅത്ത് ചെയ്തത്.
ഈ കാലയളവില്‍ തങ്ങള്‍ക്ക് ഇന്ത്യയിലെ 'അനിസ്‌ലാമിക ഭരണകൂട'ത്തോടുളള അമര്‍ഷവും രോഷവും പ്രകടിപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി മടിച്ചിട്ടില്ല. അനിസ്‌ലാമിക സര്‍ക്കാറിനു കീഴില്‍ മുസ്‌ലിംകള്‍ ജോലി ചെയ്യുന്നത് പോലും മഹാപാതകമാണെന്നും ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്നും അവര്‍ പ്രചരിപ്പിച്ചു. 1960 കളുടെ അവസാനം വരെ ഈ നിലപാട് അവര്‍ തുടര്‍ന്നു. ഇന്ത്യയിലെ മതേതര ജനാധിപത്യത്തെ നിരന്തരം ആക്രമിക്കുന്ന കുറിപ്പുകളും വിശകലനങ്ങളുമായിരുന്നു ആ കാലസന്ധിയില്‍ ജമാഅത്ത് മാധ്യമങ്ങളിലെ മുഖ്യവിഭവങ്ങള്‍.
രണ്ടരപതിറ്റാണ്ടുകാലം തെരഞ്ഞെടുപ്പു പ്രക്രിയയില്‍ നിന്ന് മാറിനിന്ന ജമാഅത്ത് ആദ്യമായി വോട്ടവകാശം വിനിയോഗിക്കാന്‍ മുന്നോട്ടുവന്നത് 1977ല്‍ നടന്ന അടിയന്തിരാവസ്ഥാനന്തര തെരഞ്ഞെടുപ്പിലാണ്. അതിനു പ്രത്യേക കാരണമുണ്ടായിരുന്നു. വര്‍ഗീയ- മതമൗലിക സംഘടനഎന്ന നിലയ്ക്ക് അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടു. അവരുടെ ചില നേതാക്കള്‍ തടവിലാക്കപ്പെടുകയും ചെയ്തു. ഏതാനും ദിനങ്ങള്‍ കാരാഗൃഹത്തിന്റെ മാധുര്യം നുണഞ്ഞപ്പോള്‍ മൗദൂദിസ്റ്റ് നേതാക്കളുടെ ആദര്‍ശവീര്യം പമ്പ കടക്കുകയും തങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി യാതൊരു ബന്ധമില്ലെന്നു സത്യവാങ്മൂലം നല്‍കി അവര്‍ ജയില്‍ മോചിതരാവുകയും ചെയ്തു എന്നത് മറക്കാന്‍ പാടില്ലാത്ത ചരിത്രം. സംഘടനയെ നിരോധിക്കുകയും നേതാക്കളെ തടവിലടക്കുകയും ചെയ്ത കോണ്‍ഗ്രസ്സിനെപാഠം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1977ല്‍ മൗദൂദിസ്റ്റുകള്‍ ആദ്യമായി പോളിംഗ് ബൂത്തുകള്‍ കണ്ടു.
എഴുപതുകളില്‍ മറ്റൊരു സവിശേഷത കൂടിയുണ്ടായി. ഗള്‍ഫ് ധനസ്രോതസ്സുകള്‍ ജമാഅത്തെ ഇസ്‌ലാമി പോലുളള സംഘടനകളെ അനുഗ്രഹിക്കാന്‍ തുടങ്ങി എന്നതായിരുന്നു അത്. വിഭവ ദാരിദ്ര്യംമൂലം വലഞ്ഞ മൗദൂദിസ്റ്റ് സംഘടന പൊടുന്നനെ സമ്പന്നമായി. എഴുപതുകള്‍ ആയപ്പോഴേക്ക് സംഘടനയുടെ ആസ്തികളിലും അധോഘടനാ സൗകര്യങ്ങളിലും അമ്പരപ്പിക്കുന്ന കുതിപ്പാണുണ്ടായത്. പ്രചരണയുദ്ധം കൊഴുപ്പിക്കാന്‍ മാത്രമല്ല, സാമ്പത്തിക പ്രലോഭനങ്ങള്‍ വഴി അനുയായി വൃന്ദത്തിന്റെ വ്യാപ്തിയും വികാസവും വര്‍ദ്ധിപ്പിക്കാനും വിദേശഫണ്ടുകള്‍ ജമാഅത്തിനെസഹായിച്ചു. ഈ പശ്ചാത്തലത്തിലാണ് 1985 ഫെബ്രുവരി 15-20 തീയതികളില്‍ ചേര്‍ന്ന ജമഅത്തെ ഇസ്‌ലാമിയുടെ കേന്ദ്രകൂടിയാലോചനാ സമിതി മൂല്യബോധമുളള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാമെന്ന തീരുമാനമെടുത്തത്. ജമാഅത്ത് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ തങ്ങള്‍ക്കനുകൂലമായി സ്വാധീനിക്കാനുളള തന്ത്രമായിരുന്നു ഈ മൂല്യബോധസമ്മതിദാനം.
ഏതായാലും 1985നു ശേഷം 'മൂല്യബോധമാപിനി'യുമേന്തിക്കൊണ്ടായി മൗദൂദിസ്റ്റുകളുടെ സഞ്ചാരം. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും സ്ഥാനാര്‍ത്ഥികളുടെ മൂല്യം അളന്നു തിട്ടപ്പെടുത്തുന്ന തിരക്കിലായി അവര്‍. ജമ്മുകാശ്മീരിനു പുറമെ കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത്, ഒറീസ, ബീഹാര്‍, പശ്ചിമ ബംഗാള്‍, ആസാം, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി ഔപചാരിക സംഘടനാ സംവിധാനമുളള ജമാഅത്തെ ഇസ്‌ലാമി കാശ്മീര്‍ ഒഴികെ മറ്റെല്ലായിടങ്ങളിലും ബാരോമീറ്റര്‍ രാഷ്ട്രീയം നടപ്പാക്കി. തങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുമെന്ന് തോന്നിയ സ്ഥാനാര്‍ത്ഥികളെ മൂല്യബോധക്കാരായി വിലയിരുത്തുന്ന രീതിയാണ് അവര്‍ പിന്തുടര്‍ന്നത്.
രണ്ട് ദശാബ്ദക്കാലം മൂല്യമാപിനി രാഷ്ട്രീയം കൊണ്ടുനടന്ന മൗദൂദിസ്റ്റ് സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തീരുമാനം 2005ല്‍ കൈകൊണ്ടു. ആ വര്‍ഷം സെപ്തംബര്‍ 19,20 തീയതികളില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കൂടിയാലോചനാ സമിതി ജമാഅത്ത് അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അനുമതി നല്‍കി.
ജമാഅത്തെ ഇസ്‌ലാമിക്കു രൂപം നല്‍കുമ്പോള്‍ മൗദൂദി തന്റെ അനുയായികളെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് മതപരമായി മുസ്‌ലിമായവര്‍ക്കു സാമ്പത്തികമായി സോഷ്യലിസ്റ്റോ രാഷ്ട്രീയമായി മതേതരവാദിയോ ആവാന്‍ സാധിക്കില്ല എന്നാണ്. ഇസ്‌ലാം ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയാണെന്നും രാഷ്ട്രീയം അതിന്റെ അവിഭാജ്യ ഭാഗമാണെന്നും അദ്ദേഹം നിരന്തരം ഉണര്‍ത്തി. ഇസ്‌ലാമിന്റെ രാഷ്ട്രീയതയില്‍ അനുയായികളുടെ ശ്രദ്ധ അരെക്കട്ടുറപ്പിക്കുന്നതിനു ഇസ്‌ലാമിലെ 'ഇബാദത്ത്' എന്ന പരികല്‍പ്പനയ്ക്ക് തന്റേതായ വ്യാഖ്യാനം അദ്ദേഹം നല്‍കുകയും ചെയ്തു. മുഖ്യധാരാ മുസ്‌ലിം മത സംഘടനകള്‍ 'ഇബാദത്ത'ിന്റെ അര്‍ത്ഥം ആരാധന(ദൈവാരാധന)യാണെന്ന നിലപാടുകാരാണ്. അതംഗീകരിക്കാന്‍ മൗദൂദി കൂട്ടാക്കിയില്ല. കറയേശാത്ത ഫ്യൂഡല്‍ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട്, യജമാനനോട് ഭൃത്യന്‍ കാണിക്കേണ്ട അനുസരണയാണ് ഇബാദത്ത് എന്നദ്ദേഹം വിശദീകരിച്ചു. അനുസരണം, ദാസ്യവൃത്തി എന്നീ അര്‍ത്ഥങ്ങളാണ് ഇബാദത്തിന് ജമാഅത്ത് സ്ഥാപകന്‍ നല്‍കിയത്. അടിമ ഉടമയെ നിരുപാധികം അനുസരിക്കുന്നത് പോലെ, ഉടമയ്ക്കുവേണ്ടി അടിമ അപ്രതിഷേധ്യം ജോലി ചെയ്യുന്നത് പോലെ അല്ലാഹുവിന്റെ അടിമയായ മനുഷ്യന്‍ അല്ലാഹുവിന് ദാസ്യവൃത്തി ചെയ്യുന്നതാണ് ഇബാദത്ത് എന്നായിരുന്നു മൗദൂദിയുടെ മതം.
തന്റെ ദാസ്യവൃത്തിവാദം ജമാഅത്ത് ഗുരു ഇങ്ങനെമുന്നോട്ട് കൊണ്ടുപോയി. അല്ലാഹു നല്‍കിയ ഇസ്‌ലാം എന്ന മതത്തിന് സാമൂഹിക ജീവിതത്തിന്റെ രാഷ്ട്രീയം ഉള്‍പ്പെടെയുളള സമസ്ത മേഖലകളെയും ഉള്‍ക്കൊളളുന്ന ഒരു നിയമ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ നടപ്പിലാക്കുകയും അതിന്റെ സംരക്ഷണം ഉറപ്പാക്കുകയുമാണ് അല്ലാഹുവിന്റെ ദാസന്മാരായ മനുഷ്യര്‍ ചെയ്യേണ്ടത്. വ്യവസ്ഥയുടെ ആചാരാനുഷ്ഠാന വശംമാത്രമല്ല, അതിന്റെ രാഷ്ട്രീയവശം കൂടി ഇസ്‌ലാമിന്റെ അനുയായികള്‍ ഉള്‍ക്കൊളളുകയും പ്രയോഗവത്ക്കരിക്കുകയും ചെയ്യണം. ഇസ്‌ലാമേതര രാഷ്ട്രീയ വ്യവസ്ഥ മുസ്‌ലിം അംഗീകരിക്കുന്നതോടെ അയാള്‍ യഥാര്‍ത്ഥ മുസ്‌ലിം അല്ലാതാവുന്നു. അപ്പോള്‍ വര്‍ത്തമാനമൗദൂദിസ്റ്റുകാര്‍ മൗദൂദിയുടെ മതപ്രകാരം സമ്പൂര്‍ണ്ണ മുസ്‌ലിംകളാണോ? ഇവര്‍ നേതാവിനെഇങ്ങനെ മറന്നുകളയും എന്ന് നാമാരും നിനച്ചിരുന്നില്ല. വിശ്വാസവും രാഷ്ട്രീയവും വേര്‍തിരിക്കാനാവില്ല എന്നു പ്രചരിപ്പിച്ചു നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ രാഷ്ട്രീയ പരിവേഷത്തെ കുറിച്ച് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. സ്വതന്ത്രമായ മതരാഷ്ട്രം വേണം; എങ്കിലേ തങ്ങളുടെ വിശ്വാസങ്ങള്‍ പ്രായോഗികമാക്കാനാവൂ എന്നു പ്രചരിപ്പിച്ചവര്‍ പുതിയ പാര്‍ട്ടി രൂപീകരണത്തോടെ മതേതരത്വവും ജനാധിപത്യവും അവരുടെ ആത്മാവായി മാറിയിരിക്കുന്നു! വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ പ്രഖ്യാപനസമ്മേളനത്തില്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഫാ: അബ്രഹാം ജോസഫ് പറഞ്ഞതിങ്ങനെയാണ്:- ഭാരതത്തിലെ എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണിത്. രാമാനുജന്റെ കര്‍മ്മമാര്‍ഗ്ഗവും, ശ്രീ ശങ്കരാചാര്യന്റെ ധര്‍മ്മബോധവുമാണ് പാര്‍ട്ടിയുടെ അടിസ്ഥാനം. സംസ്ഥാനപ്രസിഡണ്ട് ഡോ. കൂട്ടില്‍ മുഹമ്മദലി പറഞ്ഞതിങ്ങനെ:- ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും വീട്ടുപടിക്കല്‍ ജനാധിപത്യവും സ്വാതന്ത്ര്യവും സോഷ്യലിസവും എത്തിക്കുകയെന്ന ദൗത്യമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്നത്. ഈ പാര്‍ട്ടി ഏതെങ്കിലും മതത്തില്‍പെട്ടവന്റേയോ, ഭാഷ സംസാരിക്കുന്നവന്റേയോ പാര്‍ട്ടിയല്ല.
രൂപഭാവങ്ങള്‍കൊണ്ടും പ്രഖ്യാപനങ്ങള്‍കൊണ്ടും ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ശുദ്ധ മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നു വന്നു. മതേതരത്വത്തെപ്പറ്റി ജമാഅത്തിന്റെ 1952ലെ നിലപാട് ഇങ്ങനെയായിരുന്നു: താത്വികമായും കര്‍മ്മപരമായും ദീനും സെക്യുലറിസവും പരസ്പരം വിരുദ്ധമാണ്. നേര്‍ക്കു നേരെയുളളത് അവ രണ്ടില്‍ ഏതെങ്കിലുമൊന്നിനോട് മാത്രം പൂര്‍ണ്ണബന്ധം സ്ഥാപിച്ച് മറ്റേതിനെസന്തോഷത്തോടെ യാത്രയാക്കുകയെന്നുളളതാണ്. ഏഴു പതിറ്റാണ്ടിനിടയിലുളള ജമാഅത്തിന്റെ രാഷ്ട്രീയ നിലപാട് സമ്പൂര്‍ണ്ണ വൈരുദ്ധ്യമായിരുന്നു എന്നതാണ് നേര്.
മുഖ്യധാരയിലേക്ക് പ്രവേശനം കിട്ടുന്നതിനും മുസ്‌ലിം ചെറുപ്പക്കാരെ സ്വന്തം അണികളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പരിസ്ഥിതി- ദളിത്- ആദിവാസി സമരങ്ങളിലും മറ്റു പൗരാവകാശ പ്രസ്ഥാനങ്ങളിലും സോളിഡാരിറ്റി അണിചേരുന്നത്. സമൂഹത്തില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കുക എന്നതാണ് അവരുടെ പ്രഥമ പദ്ധതി. അത്തരം പ്രസ്ഥാനങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സ്ഥാനവും മാന്യതയും ഉണ്ടാക്കിക്കൊടുക്കുന്ന തരത്തില്‍ മലയാളത്തിലെ ബുദ്ധിജീവികള്‍ പെരുമാറുന്നത് ആലോചനക്കുറവാണ്. ഏറ്റവും അവസാനമായി രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സോളിഡാരിറ്റിയേക്കാള്‍ ഒന്നുകൂടി പോപ്പുലറും സെക്യുലറും ആയി പ്രവര്‍ത്തിക്കാനുളള ഒരുക്കത്തിലാണ്.
സാമ്രാജ്യത്വത്തിനോ കുത്തക മുതലാളിത്തത്തിനോ ഫ്യൂഡലിസത്തിനു തന്നെയോ ഉണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ വലുതാണ് മതരാഷ്ട്ര വാദികളുടെ വിഭാഗീയതയ്ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന സാമൂഹ്യ വിപത്തുകള്‍. വര്‍ഗീയതകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തലമുറകളിലേക്കു നീണ്ടുചെല്ലും. ആയിരം കൊല്ലം മുന്‍പ് നടന്ന കുരിശു യുദ്ധങ്ങളുടെ ഓര്‍മ്മ ഇപ്പോഴും പാശ്ചാത്യരെയും പൗരസ്ഥ്യരെയും വേട്ടയാടുന്നത് ഉദാഹരണം. മതവര്‍ഗീയത സൃഷ്ടിക്കുന്ന ക്രൂരതകള്‍ക്ക് അതിരുണ്ടോ?
ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദിയോട് ഇന്നത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം യാതൊരു ബന്ധവുമില്ല. സത്യത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ പെരുവഴിയിലാണ്. ജനാധിപത്യ മതേതര മുഖംമൂടി അണിഞ്ഞ് അവര്‍ വെല്‍ഫെയറായും ആക്റ്റിവിസ്റ്റുകളായും വരുന്നത് മൗദൂദിസത്തിന്റെ ഇരിപ്പിടത്തിന് തീ പിടിച്ചുതുടങ്ങിയതു കൊണ്ടാണ്. അടിസ്ഥാനപരമായി മുസ്‌ലിം സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങളുളളപ്പോള്‍ അതില്‍ മൗനം പാലിച്ച് കേരളത്തിലെ പ്രകൃതിയുടെയും ദളിതരുടെയും ആദിവാസികളുടെയും അവകാശത്തില്‍ ഉണ്ടെന്ന് ഭാവിക്കുന്ന തരം താല്‍പര്യവും മൗദൂദിസം മറച്ചു പിടിച്ച് രാഷ്ട്രീയ രംഗപ്രവേശനം സാധ്യമാക്കാനുളള അവരുടെ തന്ത്രമാണെന്ന് വേണം മനസ്സിലാക്കാന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമുള്‍പ്പെടെയുളളവ സെക്യുലര്‍ നിലപാട് സ്വീകരിക്കുന്നുവെന്ന പൊതുധാരണ, അടുത്തയിടെ എം.ഗംഗാധരന്‍മാഷ് പറഞ്ഞതുപോലെ ഒരു തരം മുഖാവരണം മാത്രമാണ്. മാധ്യമം പത്രം പാതി സെക്യുലറാണ്. പക്ഷേ പ്രബോധനത്തിന്റെ സ്ഥിതിയെന്താ? അതില്‍ പരിസ്ഥിതി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നുണ്ടോ? ഇസ്‌ലാമിസം മുന്‍ നിര്‍ത്തിയുളള പ്രവര്‍ത്തനം മാത്രമേ അതിലുളളൂ. വളരെ തീവ്രമായ ചിന്തകളുണ്ടാക്കുന്ന ലോകമുസ്‌ലിം പ്രശ്‌നങ്ങള്‍ അങ്ങേയറ്റം വൈകാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ പ്രത്യയ ശാസ്ത്രം വ്യക്തമാക്കപ്പെടുന്നത് പ്രബോധനത്തിലൂടെയാണ്. പുറമെ നാം കാണുന്നത് മനോഹരമായ സെക്യുലര്‍ മുഖമാണ്. ജമാഅത്തുകാര്‍ക്കൊരു ഹിഡന്‍ അജണ്ടയുണ്ട്. അവരുമായി ബന്ധപ്പെട്ട പലതും സുതാര്യമല്ല. ഉദാഹരണത്തിന് ഇന്ത്യയിലാകെ പ്രസ്ഥാനമുണ്ടാക്കിയ ജമാഅത്തെ ഇസ്‌ലാമിക്ക് കാശ്മീരില്‍ പ്രസ്ഥാനമില്ല. കാശ്മീര്‍ ഇന്ത്യക്കു പുറത്താണെന്ന നിലയാണ്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ കാശ്മീരില്ല. അതെന്തു കൊണ്ടാണ്? കാശ്മീര്‍ പാക്കിസ്ഥാനില്‍ ലയിക്കണമെന്നാഗ്രഹിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയാണുളളത്. മുസ്‌ലിംലീഗുപോലും ജമ്മുകാശ്മീരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അവിടെ പ്രവര്‍ത്തകരെ കിട്ടുന്നില്ലെന്നാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് നേതൃത്വം വാദിക്കുന്നത്. എത്ര പരിഹാസ്യമാണത്.
പാക്കിസ്ഥാന്‍ രൂപീകരണത്തെ തുടക്കത്തില്‍ എതിര്‍ത്ത അബുല്‍ അഅ്‌ലാ മൗദൂദിയും അനുചരന്മാരും അതൊരു യാഥാര്‍ത്ഥ്യമായതോടെ അജണ്ടയില്‍ മാറ്റം വരുത്തി. പാക്കിസ്ഥാനെഇസ്‌ലാമീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാക് ജമാഅത്ത് പ്രവര്‍ത്തിച്ചു. എന്നാല്‍ പട്ടാളാധിപത്യത്തില്‍ അമര്‍ന്ന് പാക്കിസ്ഥാനില ജമാഅത്തിനു വലുതായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സിന്ധ്, ബലൂചി, മുഹാജിര്‍, ബംഗാള്‍ ഉപദേശീയ വികാരങ്ങള്‍ക്കു മീതെ ശക്തമായ ഇസ്‌ലാമിക സൗഭ്രാത്രം കെട്ടിപ്പടുക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമി പരാജയപ്പെട്ടു. ഖാദിയാനീ പ്രശ്‌നത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ജമാഅത്തെ ഇസ്‌ലാമിക്കു പക്ഷെ സാധാരണ ജനങ്ങളെ അഭിസംബോധനചെയ്യാനോ ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു നേതൃത്വം നല്‍കാനോ കഴിയാതെ പോയി. ജനസ്വാധീനമില്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതില്‍ കവിഞ്ഞ ഒന്നുമില്ലാത്ത അവസ്ഥയിലേക്കാണ് പാക്കിസ്ഥാനില്‍ ജമാഅത്തെ ഇസ്‌ലാമി ചുരുങ്ങിയത്. സിയാവുല്‍ ഹഖിനോട് സഹകരിച്ച് പാക്കിസ്ഥാന്റെ ഇസ് ലാമീകരണം പൂര്‍ത്തിയാക്കാം എന്ന ആഗ്രഹവും ഫലവത്തായില്ല. പാക് ജമാഅത്തിന്റെ വീഡിയോ ചിത്രങ്ങള്‍ കണ്ടാല്‍ അറിയാം; മലപ്പുറത്തെ മുസ്‌ലിം ലീഗിന്റേതിനേക്കാള്‍ കേമമായ ഒരു തര്‍ബിയത്തും ഇവര്‍ക്ക് അവകാശപ്പെടാനില്ലെന്ന്. ഇതാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു മേജര്‍ ഖണ്ഡത്തിന്റെ പരിണിതി.
വാരാന്തയോഗങ്ങള്‍, പുസ്തക പാരായണം, സമ്മേളനങ്ങള്‍, പത്രനടത്തിപ്പ്, റിലീഫ് വര്‍ക്ക്, പ്രബോധനം, സ്ഥാപനനടത്തിപ്പ് ഇവയാണ് ജമാഅത്തിന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ ഭരണവ്യവസ്ഥ അനിസ്‌ലാമികമായതിനാല്‍ അതിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന ജമാഅത്ത് പാതി ദഹിക്കാത്ത ആശയമായി പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരെയും ഇന്ന് ആശയക്കുഴപ്പത്തിലാക്കുന്നു.
അയ്യായിരത്തില്‍ താഴെ അംഗങ്ങളും പതിനയ്യായിരത്തോളം പ്രവര്‍ത്തകരുമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ബലം. ഹിന്ദു വര്‍ഗീയതയ്ക്കു പകരം ചൂണ്ടിക്കാണിക്കാനുളള മുസ്‌ലിം കൂട്ടായ്മയായാണ് എതിരാളികള്‍ ജമാഅത്തിനെ കാണുന്നത്. തങ്ങള്‍ വര്‍ഗീയ വാദികളാണെന്ന് തെറ്റിദ്ധരിക്കപ്പെടാതിരിക്കാനുളള ബദ്ധപ്പാടിനിടയ്ക്ക് മുസ്‌ലിംകള്‍ നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയോട് സമര്‍ത്ഥമായി പ്രതികരിക്കാന്‍ ജമാത്തെ ഇസ്‌ലാമിക്ക് സാധിക്കുന്നില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ സത്യം പറഞ്ഞാല്‍ ജമാഅത്തെ ഇസ്‌ലാമി പ്രസക്തമായ ഒരു പങ്കും വഹിക്കുന്നില്ല. റിക്ഷാവണ്ടി വലിക്കുന്നവരും വെളളംകോരികളും ഭൂവുടമകളുടെ പാടങ്ങളില്‍ അടിമവേല ചെയ്യുന്നവരുമായ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ ഇന്ത്യന്‍ മുസല്‍മാന് സാന്ത്വനമോ സംരക്ഷണമോ പ്രതീക്ഷയോ എന്തിനധികം ഇസ്‌ലാമികമായ ശിക്ഷണം പോലും നല്‍കാന്‍ സാധിക്കാത്ത ഒരു മധ്യവര്‍ഗ സംഘടനയെ ഇസ്‌ലാമിക പ്രസ്ഥാനം എന്നു വിശേഷിപ്പിക്കുന്നതിലെ യുക്തിഭംഗം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
പത്രമാസികകളും പുസ്തകങ്ങളും വായിക്കാനറിയാത്ത നിരക്ഷരരാണ് ഇന്ത്യന്‍ മുസ്‌ലിംകളില്‍ വലിയൊരു ഭാഗം. ഇവര്‍ക്കു മാത്രമല്ല ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട കീഴാള ജനതയ്ക്കും ഇസ്‌ലാമിക പ്രസ്ഥാനം സാന്ത്വനമരുളേണ്ടതുണ്ട്. ഇന്ത്യയിലെത്തിയ സൂഫി പണ്ഡിതന്മാര്‍ നേരിട്ടു സംവദിച്ചത് ഈ ജനവിഭാഗങ്ങളോടാണ്. അച്ചടിച്ച പുസ്തകങ്ങളായിരുന്നില്ല അവരുടെ മാധ്യമം. ഹൃദയത്തിന്റെ ഭാഷയിലാണ് അവര്‍ സംസാരിച്ചത്. അവരുടെ പ്രാര്‍ത്ഥനകളില്‍ കീഴാളര്‍ സാന്ത്വനം കണ്ടെത്തി, സ്വാതന്ത്ര്യത്തിനു ശേഷം തുടര്‍ച്ച നഷ്ടപ്പെട്ടുപോയ ഈ പ്രബോധനശൃംഖലയാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഹൃദയത്തെ ഇസ്‌ലാമുമായി കൂട്ടിയിണക്കിയത്. ഈ പാരമ്പര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യവസ്ഥാപിതമായി ദഅ്‌വത്ത് നടത്തുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിലെ ഇസ്‌ലാ മിക പ്രസ്ഥാനം പ്രസ്താവ്യമായ സാന്നിധ്യമേ അല്ല.
ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുമ്പില്‍ മറ്റുളളവരെപ്പോലെ പകച്ചു നില്‍ക്കാന്‍ മാത്രമേ ജമാഅത്തിനും കഴിഞ്ഞുളളൂ എന്ന വസ്തുതയും വിസ്മരിക്കരുത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പോലും സന്ദര്‍ഭം ആവശ്യപ്പെട്ട രീതിയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രസ്ഥാനത്തിന് സാധിച്ചില്ല. മറ്റു നേതാക്കളുമൊത്ത് നരസിംഹറാവുവിന്റെ ഉമ്മറപ്പടിയില്‍ ഖിന്നരായി കാത്തുനില്‍ക്കാന്‍ മാത്രമേ ജമാഅത്ത് നേതൃത്വത്തിന് സാധിച്ചുളളൂ. ഒടുവില്‍ വിഡ്ഢികളാക്കപ്പെടുകയും ചെയ്തു. കെടുകാര്യസ്ഥതയുടെ പേരില്‍ ഇന്ത്യന്‍ മുസ്‌ലിം നേതൃത്വത്തെ ആക്ഷേപിക്കുന്ന ജമാഅത്തും പ്രസ്തുത കെടുകാര്യസ്ഥതയില്‍ പങ്കാളിയാണെന്ന വാസ്തവം ബോധപൂര്‍വ്വം മറച്ചുവെക്കപ്പെടുന്നു.
ഇസ്‌ലാം വ്യക്തിനിഷ്ഠമായ ചില ആചാരങ്ങളില്‍ ഖണ്ഢിതമായ മതമാണെന്ന ധാരണയെ തിരുത്തുന്നതിനും സര്‍വാനിശായിയായ രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക വ്യവസ്ഥയായി ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതും സാധിക്കുകയെന്നത് ഒരു നിസാര നേട്ടമാണെന്ന് പറയാനാവില്ല. പ െക്ഷ, തങ്ങള്‍ ഊന്നല്‍ നല്‍കിയ രാഷ്ട്രീയ ഇസ്‌ലാമിനെഒരു ചിന്താ സംപ്രത്യയം എന്നതില്‍ കവിഞ്ഞ് പ്രായോഗികാനുഭവമാക്കി മാറ്റുന്നതിനുളള തുടര്‍പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല രാഷ്ട്രീയ ഇസ്‌ലാം തികഞ്ഞ പരാജയമാണെന്നു വിലയിരുത്താന്‍ സിയാവുദ്ധീന്‍ സര്‍ദാറിനെപ്പോലുളള ധിഷണാശാലികളെ പ്രേരിപ്പിക്കുന്നതില്‍ അത് കലാശിക്കുകയും ചെയ്തു.
മുസ്‌ലിമിന്റെ സമ്പൂര്‍ണതയ്ക്കു പരിക്കേല്‍ക്കുംവിധം രാഷ്ട്രീയഇസ്‌ലാം എന്ന ഒരു പരികല്‍പന രൂപപ്പെടാന്‍ ഇടയാക്കിയതിന് ജമാഅത്തെ ഇസ്‌ലാമിക്കാണ് ഉത്തരവാദിത്തം. മൗദൂദി വരച്ചു കാണിച്ച ഇസ്‌ലാമിക രാഷ്ട്രം വെറുമൊരു ഫണ്ടമെന്റലിസ്റ്റ് മൂഢസ്വര്‍ഗ്ഗമാണെന്നു നിരീക്ഷകര്‍ ഇന്നു വിലയിരുത്തുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ ധൈഷണികമായി കരുത്തുളള ഒരു ബുദ്ധിജീവി പോലും ജമാഅത്ത് പക്ഷത്തില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ പരാജയം ഇസ്‌ലാമിന്റെ പരാജയമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമിനെ പ്രതിനിധീകരിക്കേണ്ട ചുമതല ആര്‍ക്ക് എന്ന ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്. ദേശാതിര്‍ത്തികളില്ലാത്ത ഒരിസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉദയമാവാം ഈ നൂറ്റാണ്ട് ആവശ്യപ്പെടുന്നത്. മുസ്‌ലിം ജനത്തിനെഅതിന്റെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രാപ്തമാക്കുന്ന ഒരാഗോള ഇസ്‌ലാമിക പ്രസ്ഥാനം ഉദയം ചെയ്യേണ്ടിയിരിക്കുന്നു. സകല മൂല്യങ്ങളും വില്‍പ്പനയ്ക്ക് വെച്ച ജമാഅത്തുകാര്‍ ഇസ്‌ലാം പറഞ്ഞുനടക്കുന്നതില്‍ അര്‍ത്ഥമെന്തുണ്ട്?
ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരനെ വഴിയില്‍ പിടിച്ചു നിര്‍ത്തി മൗദൂദിയെ കുറിച്ച് ചോദിച്ചാല്‍ ആ പഴയ വാചാലത ഉണ്ടാവാന്‍ തരമില്ല. തോടുപൊട്ടിച്ച് പുറത്തു ചാടാനാവാത്ത പരാതീനതകള്‍, തോടിന് ഉറപ്പ് കൂടിയാല്‍ ജീവന്‍ തോടിനകത്ത് പൊറുതിമുട്ടി മരിക്കും. സത്യത്തില്‍, ഗതികേടിന്റെ പരിണാമമാണ് ജമാഅത്തുകാരുടേത്. അതിന്റെ ഒടുക്കത്തെ ഉദാഹരണമായിരുന്നു തിരൂരില്‍ ജമാഅത്ത് പത്രം നടത്തിയ ഷോപ്പിംഗ് മാമാങ്കം. പ്രസ്തുത മാമാങ്കത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സ്വന്തം സ്റ്റാളില്‍ തൂക്കിയ ഫ്‌ളക്‌സില്‍ വലിയ ഫോണ്ടില്‍ നിരത്തിയ വാചകങ്ങള്‍ അത്യധികം കൗതുകമുണര്‍ത്തുന്നതായിരുന്നു. വാചകം ഇങ്ങനെ: വിഷം നിറച്ച കോപ്പയ്ക്കും ചുണ്ടിനുമിടയ്ക്ക് ഒത്തു തീര്‍പ്പാക്കാനുളളതാണ് നിലപാടുകള്‍ എന്ന് സോക്രട്ടീസിന് തോന്നിയിട്ടില്ല; ഞങ്ങള്‍ക്കും. നിറംമാറ്റത്തില്‍ ഓന്തിനെപ്പോലും വെല്ലുന്ന ജമാഅത്ത് തങ്ങളെ സോക്രട്ടീസിനോടുപമിച്ചതിലെ സാംഗത്യം പിടികിട്ടിയിട്ടില്ല. ഒരുപക്ഷേ, ഈ ലേഖനം വായിച്ചു തീരും മുമ്പ് അവര്‍ പഴയ നിലപാടുകളിലേക്ക് തിരിച്ചു വരാനും മതി. ജമാഅത്തല്ലേ പാര്‍ട്ടി.
ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് ദീനല്ല, ദുന്‍യാവാണ് വലുതെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന തിരൂര്‍ മാമാങ്കത്തില്‍ രാവിനെ പകലാക്കി പെണ്‍തരികള്‍ നൃത്തമാടിയത് ഇസ്‌ലാമിക്കാര്‍ക്ക് ന്യായീകരിക്കാന്‍ കഴിയുമോ? ഏതു നിലപാടിന്റെ അടിസ്ഥാനത്തിലാണാവോ മുതലാളിത്തം തുളളിച്ചാടിയ ഉത്സവത്തിന് ഇക്കൂട്ടര്‍ തയ്യാറായത്. നാടും നഗരവും വീടും കുടുംബവും കയറിയിറങ്ങി മുതലാളിത്ത കുത്തക വിരുദ്ധ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചവര്‍ മുതലാളിത്ത ഉപഭോഗ സംസ്‌ക്കാരത്തിലേക്ക് മാറിച്ചവിട്ടിയതെങ്ങനെ? ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളെ ജമാഅത്തെ ഇസ്‌ലാമി ഇനി നേരിടേണ്ടി വരും; തീര്‍ച്ച.
മാധ്യമ മുതലാളിത്തം കൊണ്ടോ, പ്രചാരണയുദ്ധങ്ങള്‍ കൊണ്ടോ, വിദേശ ധനത്തിന്റെ ഒഴുക്കുകൊണ്ടോ പ്രബുദ്ധ ഭൂമികയില്‍ ജമാഅത്തുകാര്‍ ഇനി പിടിച്ചു നില്‍ക്കാന്‍ പാടുപെടും. ഉണ്ണിയെ കണ്ടാലറിയാം, ഊരിലെ പഞ്ഞം എന്നു പറയും പോലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമകാലിക കരണംമറിച്ചില്‍ കണ്ടാലറിയാം ആ പാര്‍ട്ടിയുടെ പ്രായോഗികമായ പിന്നോക്കാവസ്ഥ. എന്നാലും ജമാഅത്തുകാര്‍ക്ക് ഇത്രയ്ക്കു സെക്യുലറാവാന്‍ കഴിയുമോ!?
( സമസ്ത 85-ാം വാർഷിക സുവനീർ)
A critical exploration of Jamaat-e-Islami’s shift from Maududian ideology to democratic politics, revealing the contradictions between religious principles and modern political ambitions. The analysis highlights the movement’s struggle for relevance, its alliance with secular narratives, and the challenges faced in reconciling faith-based activism with contemporary democratic values.
Archive Note : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."