രാഹുൽ മാങ്കൂട്ടത്തിൽ നിയമപോരാട്ടത്തിന്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; പേഴ്സണൽ സ്റ്റാഫിനും ഡ്രൈവർക്കുമെതിരെ കേസ്
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപരമായ പോരാട്ടം തുടരാനാണ് രാഹുലിന്റെ നീക്കം.
'ബലാത്സംഗമായി കണക്കാക്കാനാവില്ല, സമ്മതപ്രകാരമുള്ള ബന്ധം'രാഹുലിന്റെ ഹരജിയിലെ പ്രധാന വാദങ്ങൾ
എഫ്.ഐ.ആറിലെ ആരോപണം ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ല. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ്. വർഷങ്ങൾ നീണ്ട ബന്ധം തകർന്നപ്പോൾ കേസാക്കി മാറ്റിയതാണ്. പരാതി നൽകിയത് സാധാരണ രീതിയിലല്ല, പൊലിസിന് പകരം മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും, കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും രാഹുൽ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഏത് സമയത്തും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറാണെന്നും രാഹുൽ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എസ്. രാജീവാണ് രാഹുലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത്. കേസിൽ ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. പാലക്കാട്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ രാഹുലിനായി പൊലിസ് ഊർജിത അന്വേഷണം നടത്തുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നാരോപിച്ച് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് ആയ ഫസൽ, ഡ്രൈവർ ആൽവിൻ എന്നിവരെ പൊലിസ് കേസിൽ പ്രതിചേർത്തു. ഇരുവരും ചേർന്നാണ് രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ചതെന്നും രക്ഷപ്പെടാൻ സഹായിച്ചതെന്നും പൊലിസ് വ്യക്തമാക്കുന്നു. ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും, ബന്ധുക്കൾ ഡി.ജി.പിക്ക് പരാതി നൽകിയതിനെ തുടർന്ന് മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. രാഹുൽ സഞ്ചരിച്ച അമേയ്സ് കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകാൻ തയ്യാറാണെന്ന് ഇന്നലെ പൊലിസിനെ അറിയിച്ചിരുന്നു. എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.
Rahul Mankootathil, a Congress MLA from Palakkad, Kerala, is facing a severe legal crisis after being accused of rape and coerced abortion by a woman. The MLA's anticipatory bail plea was rejected by the Sessions Court and is now scheduled to be heard by the High Court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."