ആറുലക്ഷത്തിലധികം സ്വത്തുക്കൾ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കി: ഉമീദ് പോർട്ടൽ അടച്ചു, രാജ്യത്താകെ എട്ട് ലക്ഷത്തിലേറെ വഖ്ഫ് സ്വത്തുക്കളിൽ 27 ശതമാനം മാത്രം രജിസ്റ്റർ ചെയ്തത്
ന്യൂഡൽഹി: വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിച്ചതോടെ ഉമീദ് പോർട്ടൽ അടച്ചു. രാജ്യത്താകെ എട്ട് ലക്ഷത്തിലേറെ വഖ്ഫ് സ്വത്തുക്കളിൽ 27 ശതമാനം (2.16 ലക്ഷം സ്വത്തുക്കൾ) മാത്രമാണ് രജിസ്റ്റർ ചെയ്തത്. ആറുലക്ഷത്തിലധികം സ്വത്തുക്കൾ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ടെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.നിലവിൽ 5.17 ലക്ഷം സ്വത്തുവിവരങ്ങളാണ് രജിസ്റ്റർ ചെയ്യാൻ തുടങ്ങിയത്. ഇതിൽ 2.16 ലക്ഷം അംഗീകരിച്ചു. 2.13 ലക്ഷം സ്വത്തുവകകളാണ് പരിഗണനയിലുള്ളത്. 10,869 എണ്ണം നിരസിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കണക്കുകൾ പ്രകാരം കർണാടകയാണ് ഏറ്റവും കൂടുതൽ സ്വത്തുക്കൾ (81%) രജിസ്റ്റർ ചെയ്ത സംസ്ഥാനം. 52,917 സ്വത്തുക്കൾ ആണ് കർണാടകയിൽ രജിസ്റ്റർ ചെയ്തത്. ജമ്മു കശ്മിർ 25,046 (77%), പഞ്ചാബ് 24,969 (90%), ഗുജറാത്ത് 24,133 (61%) എന്നിങ്ങനെയാണ് ബാക്കിയുള്ളവ. എന്നാൽ ഏറ്റവുമധികം വഖ്ഫ് സ്വത്തുകളുടെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചത് ഉത്തരപ്രദേശിൽ (86,345) ആണ്. തുടർന്ന് മഹാരാഷ്ട്ര (62,939), കർണാടക (58,328), കേരളം (42,772) എന്നിവയും ഉൾപ്പെടുന്നു.
രജിസ്ട്രേഷൻ നടപടികളിൽ ഏറ്റവും പിന്നിൽ പശ്ചിമബംഗാളാണ്. സംസ്ഥാനത്ത് ആകെയുള്ള 80,480 സ്വത്തുക്കളിൽ വെറും 716 (0.89%) എണ്ണം മാത്രമാണ് രജിസ്റ്റർ ചെയ്തത്. ഉത്തർപ്രദേശിലെ ശീഈ വഖ്ഫ് ബോർഡിന് 789 രജിസ്ട്രേഷൻ (5%) മാത്രമാണ് പൂർത്തിയാക്കാനായത്.
അതേസമയം സംസ്ഥാനത്തെ സുന്നി വഖഫ് ബോർഡ് 12,982 (11%) സ്വത്തുക്കൾ രജിസ്റ്റർ ചെയ്തു.പോർട്ടൽ തകരാറിലായതും നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വത്തുക്കളെക്കുറിച്ചുള്ള മൗലിക രേഖകളും ഉറവിടവും കണ്ടെത്താനുള്ള ബുദ്ധിമുട്ടും വിവിധ സംസ്ഥാനങ്ങളിലെ ഭൂമിക്ക് ഉപയോഗിക്കുന്ന വ്യത്യസ്ത മാനദണ്ഡങ്ങളുമാണ് രജിസ്ട്രേഷൻ നടപടികൾക്ക് തടസ്സമായത്.
ഇക്കാരണത്താൽ രജിസ്ട്രേഷൻ കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രിംകോടതിയും കേന്ദ്രസർക്കാരും അംഗീകരിച്ചിരുന്നില്ല. എന്നാൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്ക് മൂന്ന് മാസത്തേക്ക് പിഴ ഈടാക്കില്ലെന്നും അതത് സംസ്ഥാനങ്ങളിലെ വഖ്ഫ് ട്രൈബ്യൂണലുകളെ സമീപിക്കാമെന്നുമാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചത്. കാലാവധി നീട്ടാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് തങ്ങളുടെ സംസ്ഥാനങ്ങളിലെ വഖ്ഫ് ട്രൈബ്യൂണലുകളെ സമീപിക്കാനൊരുങ്ങുകയാണ് വഖ്ഫ് ബോർഡുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."