വൈറലാവാൻ റോഡിൽ തീയിട്ട് ജന്മദിനാഘോഷം; യുവാവ് അറസ്റ്റിൽ; വാഹനം കണ്ടുകെട്ടി
ദുബൈ: സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനായി പൊതുനിരത്തിൽ തീയിടുന്നത് അടക്കമുള്ള അപകടകരമായ പ്രവൃത്തികൾ അനുവദിക്കില്ലെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി. ജന്മദിനാഘോഷത്തിന്റെ ഭാഗമായി എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് റോഡിന് തീയിട്ട ഒരു യുവാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ദുബൈ പൊലിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുരുതര നിയമലംഘനം
പൊതുനിരത്തുകളെ, ഓൺലൈനിൽ ശ്രദ്ധ നേടാനുള്ള അപകടകരമായ സ്റ്റണ്ടുകൾക്ക് വേദിയാക്കുന്നത് ഗുരുതരവും അംഗീകരിക്കാൻ കഴിയാത്തതുമായ പെരുമാറ്റമാണെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. ഇത് പൊതുജനങ്ങളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലിസ് നടപടി
സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ യുവാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ വിളിപ്പിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്തു. യുവാവിന്റെ ഈ പ്രവൃത്തികൾ മൂലമുണ്ടായ എല്ലാ നിയമലംഘനങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇയാൾ ഉത്തരവാദിയായിരിക്കുമെന്നും പൊലിസ് അറിയിച്ചു.
ശിക്ഷ
പ്രതിക്ക് 2000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിന്റുകളും നൽകി. കൂടാതെ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്തു.
രക്ഷകർത്താക്കൾ ജാഗ്രത പാലിക്കണം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾ അനുകരിക്കുന്നത് തടയാൻ മക്കളുടെ പെരുമാറ്റത്തിൽ ശ്രദ്ധ വേണമെന്ന് ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ രക്ഷാകർത്താക്കളോട് ആവശ്യപ്പെട്ടു. "സമൂഹ മാധ്യങ്ങളിൽ ലൈക്കിന് വേണ്ടിയുള്ള ശ്രമം ജീവൻ അപകടപ്പെടുത്തുന്നതോ നിയമപരമായ ശിക്ഷക്ക് കാരണമാകുന്നതോ ആയിരിക്കാം" അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത്തരം അശ്രദ്ധമായ പ്രവൃത്തികൾ കണ്ടെത്താനും കർശനമായി കൈകാര്യം ചെയ്യാനും പൊലിസ് ഫീൽഡ് പട്രോളിംഗും സ്മാർട്ട് നിരീക്ഷണവും ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Dubai Police have warned against dangerous stunts, including setting fires on public roads, after arresting a youth who set a road ablaze for a birthday celebration video.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."