തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എമാരും പയറ്റിനിറങ്ങിയത് കൗതുകമുയർത്തി. നാലുപേർ വിശ്വാസം കാത്തപ്പോൾ ഒരാൾ പരാജയത്തിന്റെ കയ്പറിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥികളായി തിരുവനന്തപുരം കോർപറേഷനിലേക്ക് കെ.എസ് ശബരീനാഥൻ, തൃശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലേക്ക് അനിൽ അക്കര, ഇടുക്കി കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് ഇ.എം ആഗസ്തി, പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിലേക്ക് സി.പി.എമ്മിലെ കെ.സി രാജഗോപാലൻ, കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് ചടയമംഗലം ഡിവിഷനിലേക്ക് സി.പി.ഐയിലെ ആർ. ലതാദേവി എന്നിവരാണ് മത്സരത്തിനിറങ്ങിയത്.
അനിൽ അക്കര 2000 മുതൽ 2010 വരെ തൃശൂർ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 339 വോട്ടിനാണ് ജയിച്ചത്. ഇദ്ദേഹം വീണ്ടും ഇവിടെ പ്രസിഡന്റാകുമെന്നാണ് കരുതുന്നത്. സി.പി.എമ്മിലെ പഴയപടക്കുതിരയായ കെ.സി രാജഗോപാലൻ മെഴുവേലി ഗ്രാമപഞ്ചായത്തിലെ മാരാമൺ വാർഡിൽ നിന്ന് 28 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റും 1988ൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2006ൽ ആറൻമുള നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിലെ ചടയമംഗലം ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.ഐയിലെ ഡോ.ആർ. ലതാദേവി 1996ൽ ചടയമംഗലം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചിരുന്നു. ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യകൂടിയാണ്.
ഇവർ നാലുപേരും വെന്നിക്കൊടി പാറിച്ചപ്പോൾ അഞ്ചാമൻ ഇ.എം ആഗസ്തിയുടെ പരാജയം ദയനീയമായിരുന്നു. കട്ടപ്പന നഗരസഭ ചെയർമാൻ ആകുമെന്ന ധാരണയിൽ മത്‌സരിച്ച ഇദ്ദേഹം പരാജയപ്പെട്ടു. ജില്ലയിലെ തകർപ്പൻ വിജയത്തിനിടെയാണ് ആഗസ്തിക്ക് കാലിടറിയത്. 59 വോട്ടുകൾക്ക് സി.പി.എമ്മിലെ സി.ആർ മുരളിയോടാണ് ആഗസ്തി അടിയറവ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."