വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: വി.സി നിയമനത്തില്‍ സുപ്രിംകോടതിക്കെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വി.സിയെ നിയമിക്കാന്‍ അധികാരം ചാന്‍സലര്‍ക്കാണ്. യു.ജി.സി ചട്ടവും കണ്ണൂര്‍ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ല. വിസി നിയമനം സേര്‍ച്ച് കമ്മിറ്റിക്ക് വിട്ട തീരുമാനത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് കെ.ടി.യു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഓരോ സര്‍വകലാശാലയ്ക്കും ഒരു പേരു വീതം ശുപാര്‍ശ ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ സമിതിയോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയും ചാന്‍സലറും തമ്മിലുള്ള കത്തിടപാടുകള്‍ പരിശോധിച്ച ശേഷം ഒരു പേരു വീതം അടുത്ത ബുധനാഴ്ചയ്ക്കകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
അടുത്ത വ്യാഴാഴ്ച കോടതി വിഷയം വീണ്ടും പരിഗണിക്കും.
സാങ്കേതിക സര്‍വകലാശാലയിലെ വി.സി പാനല്‍ തയാറാക്കിയത് ജസ്റ്റിസ് ധൂലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയാണ്. ഡോ. നിലോയ് ഗാംഗുലി (പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഐ.ഐ.ടി ഖരഗ്പൂര്‍) ഡോ. വി.എന്‍. അച്യുത നായ്കന്‍ (പ്രൊഫസര്‍, റിലൈബിലിറ്റി എന്‍ജിനീയറിങ് സെന്റര്‍, ഐ.ഐ.ടി ഖരഗ്പൂര്‍) ഡോ. അവിനാഷ് കുമാര്‍ അഗര്‍വാള്‍ (ഡയരക്ടര്‍, ഐ.ഐ.ടി ജോധ്പൂര്‍) ഡോ. ബിനോദ് കുമാര്‍ കനൗജിയ (ഡയരക്ടര്‍, ബി.ആര്‍ അംബേദ്കര്‍ , എന്‍.ഐ.ടി ജലന്ധര്‍) എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.
ഇതില്‍ നിലോയ് ഗാംഗുലിയും അച്യുത നായ്കനും സംസ്ഥാന സര്‍ക്കാരിന്റെ നോമിനികളും മറ്റു രണ്ടുപേര്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നോമിനികളുമാണ്.
ഡോ. ടി.ആര്‍ ഗോവിന്ദരാജന്‍ (വിസിറ്റിങ് പ്രൊഫസര്‍, മദ്രാസ് സര്‍വകലാശാല), ഡോ. എസ് ചാറ്റര്‍ജി (റിട്ട. പ്രൊഫ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ്), ഡോ. മുകുള്‍ എസ്.എസ് (ഡയരക്ടര്‍, ഐ.ഐ.ഐ.ടി, അലഹബാദ്) ഡോ. വി കാമകോടി, (ഡയരക്ടര്‍, ഐ.ഐ.ടി മദ്രാസ്) എന്നിവരാണ് ഡിജിറ്റല്‍ സര്‍വകലാശാല വി.സി പാനല്‍ തയാറാക്കിയ സമിതിയില്‍ ധൂലിയക്ക് പുറമെയുണ്ടായിരുന്ന മറ്റംഗങ്ങള്‍.
മുകുള്‍ എസ്.എസ്, വി. കാമകോടി എന്നിവര്‍ ഗവര്‍ണറുടെ നോമിനിയും മറ്റു രണ്ടുപേര്‍ സംസ്ഥാന സര്‍ക്കാരിന്റെ നോമിനികളുമാണ്.
നിയമനത്തിനുള്ള മുന്‍ഗണനാ പാനല്‍ തയാറാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും നിലപാട് ധൂലിയ സമിതി പരിശോധിക്കും. ഇതിനായി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും സമിതി വിലയിരുത്തും. ഡിജിറ്റല്‍ സര്‍വകലാശാല വി.സി നിയമനത്തിന് ധൂലിയയുടെ സമിതി മുഖ്യമന്ത്രിക്കു കൈമാറിയ പട്ടികയില്‍ സിസ തോമസ്, ജിന്‍ ജോസ്, പ്രിയ ചന്ദ്രന്‍, രാജശ്രീ എം.എസ്, സജി ഗോപിനാഥ് എന്നീ അഞ്ച് പേരുകളാണ് സ്ഥാനം പിടിച്ചത്. മുഖ്യമന്ത്രി മുന്‍ഗണന പട്ടിക തയാറാക്കിയപ്പോള്‍ സജി ഗോപിനാഥ് ഒന്നാമനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."