മസ്കിനെ കൂട്ടി ഷെയ്ഖ് ഹംദാന്റെ ഡ്രൈവ്; ദുബൈയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിർണ്ണായക കൂടിക്കാഴ്ച
ദുബൈ: ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഷെയ്ഖ് ഹംദാനും മസ്കും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സാങ്കേതിക വിദ്യ, ബഹിരാകാശ പര്യവേക്ഷണം, മാനവികതയുടെ ഭാവി തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ ഇരുവരും തമ്മിൽ ആഴത്തിലുള്ള ചർച്ചകൾ നടത്തിയതായി ഷെയ്ഖ് ഹംദാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. തന്ത്രപ്രധാനമായ ബന്ധങ്ങൾക്ക് ദുബൈ നൽകുന്ന പ്രത്യേക പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു മസ്കിനൊപ്പം ഷെയ്ഖ് ഹംദാൻ തന്നെ വാഹനം ഓടിച്ചു നടത്തിയ ഈ യാത്ര.
വ്യക്തിപരമായ അടുപ്പവും തന്ത്രപരമായ പങ്കാളിത്തവും പ്രകടമാക്കുന്നതായിരുന്നു കൂടിക്കാഴ്ചയുടെ ഓരോ നിമിഷവും. മസ്കുമായി കൈകൊടുക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതും കൂടാതെ, ഇരുവരും തങ്ങളുടെ മക്കളുടെ കൈകൾ ചേർത്തുപിടിച്ച് മജ്‌ലിസിലേക്ക് നടക്കുന്നതിന്റെയും ഹൃദ്യമായ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ദുബൈയുടെ ആകാശരേഖ പശ്ചാത്തലമായുള്ള മനോഹരമായ മജ്‌ലിസിലാണ് ഈ സുപ്രധാന കൂടിക്കാഴ്ച നടന്നത്. ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മസ്കിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
ദുബൈയുടെ നഗര ഗതാഗത സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള സഹകരണങ്ങളാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട. ഇലോൺ മസ്കിന്റെ 'ദി ബോറിംഗ് കമ്പനി'യുമായി ചേർന്ന് ദുബൈ വികസിപ്പിക്കുന്ന 'ദുബൈ ലൂപ്പ്' പദ്ധതി ഇതിൽ പ്രധാനമാണ്.
17 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭൂഗർഭ ഗതാഗത ശൃംഖലയിലൂടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഗതാഗതത്തിന് പുറമെ, സ്പേസ് എക്സ് (SpaceX) വഴി യുഎഇയുടെ ബഹിരാകാശ പദ്ധതികൾക്കും മസ്കിന്റെ കമ്പനികൾ വലിയ പിന്തുണയാണ് നൽകി വരുന്നത്.
2025-ൽ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണവും സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ ദൗത്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ദുബൈയും മസ്കിന്റെ സംരംഭങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന് തെളിവാണ്. ദുബൈയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടികളിൽ പതിവ് സാന്നിധ്യമായ മസ്ക്, കൃത്രിമബുദ്ധിയിലും നഗര വികസനത്തിലും ദുബൈ നടത്തുന്ന കുതിപ്പിനെ ഏറെ താല്പര്യത്തോടെയാണ് നോക്കികാണുന്നത്. ഭാവി ലോകത്തിന് മാതൃകയാകുന്ന അത്യാധുനിക നഗരമായി ദുബൈയെ മാറ്റാനുള്ള പദ്ധതികൾക്ക് കൂടിക്കാഴ്ച കൂടുതൽ വേഗം പകരുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
sheikh hamdan meets elon musk in dubai to discuss innovation governance mobility and technology focused projects meeting aims drive revolutionary changes strengthen partnerships and accelerate dubai long term development vision across key sectors and future oriented initiatives and global collaboration
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."