hospitality and hotel administration; applications open until 25th; exam on april 25th
HOME
DETAILS
MAL
ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ; അപേക്ഷ 25 വരെ; പരീക്ഷ ഏപ്രിൽ 25ന്
January 02, 2026 | 3:07 AM
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (NCHMCT) നടത്തുന്ന മൂന്ന് വർഷ (ആറ് സെമസ്റ്റർ) ബി.എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ (BSc HHA) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെൻറ് ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (NCHM JEE 2026) വഴിയാണ് പ്രവേശനം.
കേന്ദ്ര സർക്കാർ/ പൊതു മേഖല / സംസ്ഥാന സർക്കാറുകൾ എന്നിവയുടെയും സ്വകാര്യ മേഖലയിലെയും 80 ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കാണ് പ്രവേശനം. 12000ൽ അധികം സീറ്റുകളുണ്ട്. നാഷനൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന പരീക്ഷ ഏപ്രിൽ 25ന് നടക്കും. ഹോസ്പിറ്റാലിറ്റി മേഖലയിൽ സൂപ്പർവൈസർ തസ്തികയിലുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാവശ്യമായ നൈപുണികളും അറിവുകളും പകർന്നുനൽകുന്ന വിധത്തിലാണ് കരിക്കുലം.
ഹോട്ടൽ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനവും ലഭിക്കും. ഒരു വർഷം കൂടെ പഠിച്ച് ഓണേഴ്‌സ് ബിരുദം നേടാനും അവസരമുണ്ടാകും. ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച്, ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്കാണ് യോഗ്യത. ഇത്തവണ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയാണ് ബിരുദം നൽകുന്നത്.
2 മണിക്കൂർ പരീക്ഷ
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. ന്യൂമെറിക്കൽ എബിലിറ്റി & അനലിറ്റിക്കൽ ആപ്റ്റിറ്റിയൂഡ് (15 ചോദ്യങ്ങൾ), റീസണിങ് & ലോജിക്കൽ ഡിഡക്ഷൻ (15), ജനറൽ നോളജ് & കറന്റ് അഫയേഴ്‌സ് (15), ഇംഗ്ലിഷ് ലാംഗ്വേജ് (45), ആപ്റ്റിറ്റിയൂഡ് ഫോർ സർവിസ് സെക്ടർ (30) എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് കുറയും. മോക്ക് ടെസ്റ്റ് www.nta.ac.in ൽ ലഭ്യമാണ്. തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, മംഗളൂരു, ബെംഗളൂരു, ചെന്നൈ അടക്കം 120 പരീക്ഷാകേന്ദ്രങ്ങളുണ്ട്. മുൻഗണനയനുസരിച്ച് നാല് കേന്ദ്രങ്ങൾ അപേക്ഷയോടൊപ്പം നൽകണം. പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷം പ്രത്യേക കൗൺസിലിങ് വഴിയാണ് വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം നൽകുന്നത്.
കേരളത്തിൽ 4 സ്ഥാപനങ്ങൾ
കേന്ദ്രസർക്കാറിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് & കാറ്ററിങ് ടെക്‌നോളജി (IHMCT) കോവളം, സംസ്ഥാന സർക്കാറിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ( SIHM) കോഴിക്കോട് എന്നിവിടങ്ങളിൽ എൻ.സി.എച്ച്.എം ജെ.ഇ.ഇ വഴിയാണ് പ്രവേശനം. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളായ മൂന്നാർ കേറ്ററിങ് കോളജിലും ഓറിയന്റൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് വയനാടിലും പഠനാവസരമുണ്ട്.
തൊഴിൽ സാധ്യതകൾ
ബിരുദധാരികൾക്ക് ഹോസ്പിറ്റലുകൾ, റിസോർട്ടുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, റെയിൽവേ, വിമാന കമ്പനികൾ, ഷിപ്പിങ്/ ക്രൂസ് ലൈൻസ്, വൻകിട വ്യവസായ സ്ഥാപനങ്ങൾ, ഫുഡ് ഔട്ട്ലെറ്റുകൾ തുടങ്ങിയ മേഖലകളിൽ ഹോട്ടൽ മാനേജർ, റസ്റ്റോറന്റ് മാനേജർ, ഫ്രണ്ട് ഓഫിസ് മാനേജർ, കിച്ചൻ സൂപ്പർവൈസർ, ഫുഡ് & ബീവറേജ് മാനേജർ, ട്രാവൽ ആൻഡ് ടൂറിസം മാനേജർ, ഹൗസ് കീപ്പിങ് മാനേജർ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. കൂടാതെ ഹോട്ടൽ, കാറ്ററിങ് വ്യവസായ മേഖലകളിൽ സംരംഭകരാകാനും ഹോട്ടൽ മാനേജ്‌മെന്റ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റ്യൂട്ടുകളിലും മറ്റും അധ്യാപകരാകാനും അവസരങ്ങളുണ്ട്.
അപേക്ഷ
ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.nic.in/nchm-jee വഴി ജനുവരി 25നു വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. 1000 രൂപയാണ് അപേക്ഷാഫീസ്. പട്ടിക/ ഭിന്നശേഷി/തേർഡ് ജെൻഡർ വിഭാഗത്തിന് 450 രൂപയും ജനറൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 700 രൂപയും മതി. ജനുവരി 25ന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷകർക്ക് പ്രായപരിധിയില്ല. ഇംഗ്ലിഷ് /ഹിന്ദിയിൽ ചോദ്യപേപ്പർ ലഭ്യമാണ്. അപേക്ഷയിൽ വേണ്ട ഭാഷ തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾ www.nta.ac.in, exams.nta.nic.in/nchm-jee എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. ഇമെയിൽ: [email protected], ഹെൽപ് ഡെസ്‌ക്: 011-40759000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."