അബൂദബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു
അബൂദബി: അബൂദബിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറപകടത്തിൽ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരണത്തിന് കീഴടങ്ങി. ദുബൈയിലെ മലയാളി വ്യവസായി അബ്ദുൽ ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുല്ലത്തീഫ് (7) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
അബൂദബിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും കുടുംബത്തോടൊപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയും നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴു വയസ്സുകാരൻ അസാമിന്റെ ജീവൻ കൂടി നഷ്ടമായതോടെ അബ്ദുൽ ലത്തീഫിന്റെ നാല് മക്കളും അപകടത്തിൽ വിടപറഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മക്കളെല്ലാം നഷ്ടപ്പെട്ട വാർത്ത പ്രവാസ ലോകത്തെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അബൂദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."