നെല്ല് സംഭരണം; രണ്ടുവട്ടം പരാജയപ്പെട്ട സംവിധാനം പരിഷ്‌കാരത്തോടെ വീണ്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് കർഷകരുടെ നിരന്തര ആവശ്യമായ നെല്ല് സംഭരിക്കുമ്പോൾത്തന്നെ വില നൽകുന്ന സംവിധാനത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും നടപ്പാക്കൽ പ്രക്രിയയിൽ ആശങ്ക ഒഴിഞ്ഞിട്ടില്ല. മുമ്പ് രണ്ടുവട്ടം പരീക്ഷിച്ച് പരാജയപ്പെട്ട സംവിധാനം വീണ്ടും നടപ്പാക്കാനൊരുങ്ങുമ്പോൾ അത് വിജയിപ്പിക്കാൻ സർക്കാർ കണ്ടെത്തിയ മാർഗങ്ങൾ തന്നെയാകും വിജയവഴിയിൽ പ്രധാനം. വരമ്പത്ത് കൂലി നൽകുക എന്ന ഈ സംവിധാനം പ്രായോഗികമായി നടപ്പാകണമെങ്കിൽ സഹകരണ സ്ഥാപനങ്ങൾക്ക് പണവും നെല്ല് സംഭരണത്തിന് സംവിധാനവും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒത്തൊരുമയും ആവശ്യമാണ്.
പുതിയ സംവിധാനത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തിയത് സഹകരണ ബാങ്കുകളെ സഹായിക്കാൻ വേണ്ടിയാണെന്നാണ് വ്യക്തമാകുന്നത്. ബുദ്ധിമുട്ടിൽ ഓടിക്കൊണ്ടിരുന്ന സഹകരണ ബാങ്കുകൾ, നെല്ല് സംഭരിക്കുമ്പോൾ അതിനുള്ള പണം എങ്ങനെ നൽകുമെന്നതായിരുന്നു മുമ്പ് പ്രഖ്യാപനം ഉണ്ടായപ്പോഴുള്ള പ്രധാനപ്രശ്‌നം. കേരള ബാങ്കു വഴി ഇത് മറികടക്കാനാണ് തീരുമാനമെങ്കിലും സംഭരിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അരിക്കമ്പനികൾ വഴി സംഭരണം നടത്താനാണ് തീരുമാനമെങ്കിലും അവരുടെ സഹകരണം എത്രത്തോളം ലഭിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടിവരും.
മുമ്പ് സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി സംഭരണത്തിന് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും പരാജയം മണത്തതോടെ പിൻമാറുകയായിരുന്നു.
ഒടുവിൽ 2023ൽ അതിന് വീണ്ടും ശ്രമംനടന്നെങ്കിലും ഭൂരിഭാഗം സംഘങ്ങൾക്കും നെല്ല് സംഭരിക്കാനുള്ള ഗോഡൗണുകളും സാമ്പത്തിക ശേഷിയും ഇല്ലെന്നത് തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."