കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി
കൊല്ലം: കാൽനൂറ്റാണ്ട് കൈപ്പിടിയിലൊതുക്കിയ കൊല്ലം കോർപ്പറേഷൻ ഭരണം നഷ്ടമായതിനെച്ചൊല്ലി സി.പി.എം ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത. തോൽവിക്ക് കാരണം മേയർ സ്ഥാനാർഥിയായിരുന്ന വി.കെ അനിരുദ്ധന്റെ വ്യക്തി പ്രഭാവമില്ലായ്മയാണെന്ന ജില്ലാ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചതോടെ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ വി.കെ. അനിരുദ്ധൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. റിപ്പോർട്ടിലെ പരാമർശങ്ങൾ തന്നെ മുറിപ്പെടുത്തിയെന്നും നാടകവും സാംബശിവന്റെ കഥാപ്രസംഗവും കണ്ട് പാർട്ടിയിലേക്ക് വന്ന തനിക്ക് പ്രസ്ഥാനമാണ് എല്ലാമെന്നും മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്നാണ് വികാരാധീനനായി അദ്ദേഹം ഹാൾ വിട്ടത്.
പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് ജനങ്ങൾക്കിടയിൽ തിരിച്ചടിയായി. 25 വർഷത്തെ തുടർച്ചയായ ഭരണം ജനങ്ങളിൽ ഭരണവിരുദ്ധ വികാര വിരസതയുണ്ടാക്കി. എൽ.ഡി.എഫിന്റെ കുത്തക സീറ്റുകളിൽ പോലും യു.ഡി.എഫും ബി.ജെ.പിയും അട്ടിമറി വിജയം നേടി, തുടങ്ങിയവയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
കഴിഞ്ഞ തവണ 38 ഡിവിഷനുകളിൽ വിജയിച്ച എൽ.ഡി.എഫ് ഇത്തവണ വെറും 16 സീറ്റുകളിലേക്ക് കൂപ്പുകുത്തി. പത്ത് സീറ്റുകൾ മാത്രമുണ്ടായിരുന്ന യു.ഡി.എഫ് 27 ഡിവിഷനുകൾ പിടിച്ചെടുത്താണ് അധികാരം പിടിച്ചത്. "ഇക്കൊല്ലം മാറും" എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് ഭരണവിരുദ്ധ വികാരം അനുകൂലമായി മാറി.
കോർപ്പറേഷന് പുറമെ കരുനാഗപ്പള്ളി നഗരസഭയും എൽ.ഡി.എഫിന് നഷ്ടമായി. സി.പി.എമ്മിലെ വിഭാഗീയതയാണ് കരുനാഗപ്പള്ളിയിലെ പരാജയത്തിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു. കടയ്ക്കൽ പഞ്ചായത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതും പാർട്ടിക്ക് വലിയ ആഘാതമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കൊല്ലത്തെ ഈ തകർച്ച സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
cpm report blames mayoral candidate for kollam defeat; vk anirudhan walks out in protest
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."