ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും വിലകുറയ്ക്കാതെ കോടികൾ കൊയ്ത് എണ്ണക്കമ്പനികൾ; കഴിഞ്ഞവർഷം ബി.പി.സി.എൽ നേടിയത് 13,275 കോടി
കൊച്ചി: അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, ജെറ്റ് ഫ്യുവൽ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാതെ എണ്ണകമ്പനികൾ കൊയ്യുന്നത് കോടികൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) നേടിയ ലാഭം 41,818.86 കോടി രൂപയാണ്. മറ്റൊരു പ്രമുഖ എണ്ണകമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) നേടിയതാകട്ടെ 31,033 കോടി രൂപയും. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് കേന്ദ്രസർക്കാരിന് 7,584.61 കോടി രൂപയാണ് ലാഭവിഹിതം ലഭിച്ചത്.
രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻ്റെ വിലയിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ മാത്രം 12 ശതമാനത്തിൻ്റെ കുറവാണുണ്ടായത്. ഇറക്കുമതി ചെലവിൽ കഴിഞ്ഞ ആറുമാസത്തിനിടെ ഏഴര ശതമാനത്തിൻ്റെ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിലയും ഇറക്കുമതി ചെലവും കുറഞ്ഞിട്ടും വിലകുറയ്ക്കാതെ സാധാരണക്കാരനെ പിഴിയുകയാണ് എണ്ണകമ്പനികൾ. കഴിഞ്ഞവർഷം പൊതുതെരഞ്ഞെടുപ്പിന് മുമ്പാണ് ഏറ്റവും അവസാനമായി പെട്രോൾ, ഡീസൽ വില കുറച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന ഉടൻതന്നെ ഇന്ധനവില ഉയർത്തി പൊതുജനങ്ങളെ ദുരിതത്തിലാക്കാനും എണ്ണകമ്പനികൾ മടിക്കാറില്ല. ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികൾക്കാണെന്ന് പറഞ്ഞ് കേന്ദ്രസർക്കാരും കൈയൊഴിയാറാണ് പതിവ്.
11ഓളം രാജ്യങ്ങളിൽ നിന്നാണ് രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ 40 ശതമാനവും റഷ്യയിൽ നിന്നാണ്. വിലയും ഇറക്കുമതി ചെലവും കുറയുമ്പോഴും വില കുറയ്ക്കാത്ത എണ്ണകമ്പനികൾക്കെതിരേ നടപടികളെടുക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തതാണ് കൂടുതൽപ്രതിസന്ധി തീർക്കുന്നത്. 2023ൽ 459.67 കോടിരൂപയും 2024ൽ 4826.57 കോടി രൂപയും 2025ൽ 2298.37 കോടി രൂപയുമാണ് ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികളിൽ നിന്ന് കേന്ദ്രസർക്കാരിന് ലാഭവിഹിതമായി ലഭിച്ചതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി വ്യക്തമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."