കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല
ന്യൂഡൽഹി: ഇന്ത്യൻ നിരത്തുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി വാഹനങ്ങൾ തമ്മിൽ നേരിട്ട് സംസാരിക്കുന്ന 'വെഹിക്കിൾ ടു വെഹിക്കിൾ' (വി2വി) സാങ്കേതികവിദ്യ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കനത്ത മൂടൽമഞ്ഞിലോ വളവുകളിലോ ഡ്രൈവറുടെ കണ്ണിൽപ്പെടാത്ത അപകടസാധ്യതകളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഈ വർഷം അവസാനത്തോടെ പദ്ധതി രാജ്യത്ത് വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന പത്യേക ചിപ്പ് വഴി സമീപത്തെ മറ്റ് വാഹനങ്ങളുമായി വേഗത, ദിശ, ദൂരം തുടങ്ങിയ വിവരങ്ങൾ തത്സമയം പങ്കുവയ്ക്കുന്ന സംവിധാനമാണിത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കിന്റെയോ ഇന്റർനെറ്റിന്റെയോ സഹായം ആവശ്യമില്ല എന്നതാണ്. സിം കാർഡിന് സമാനമായ ചെറിയ ഉപകരണം വഴിയാണ് സിഗ്‌നലുകൾ കൈമാറുന്നത്. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടാലോ, റോഡരികിൽ വാഹനം കേടായി കിടന്നാലോ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് ഉടൻ തന്നെ ഡിജിറ്റൽ മുന്നറിയിപ്പ് ലഭിക്കും.
കനത്ത മൂടൽമഞ്ഞിലോ മഴയിലോ ഡ്രൈവർക്ക് മുന്നിലെ വാഹനങ്ങളെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ഈ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാകും. വാഹനത്തിന്റെ മുൻവശത്ത് നിന്നുള്ള വിവരങ്ങൾ മാത്രമല്ല, വശങ്ങളിൽ നിന്നും പിന്നിൽ നിന്നും അമിതവേഗത്തിൽ വരുന്ന വാഹനങ്ങളെക്കുറിച്ചും ഡ്രൈവർക്ക് അലേർട്ട് ലഭിക്കുന്നതിനാൽ '360 ഡിഗ്രി സുരക്ഷ' ഉറപ്പാക്കുന്ന സംവിധാനമാണിത്.
ഏകദേശം 5,000 കോടി രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങളിലായിരിക്കും ഈ സംവിധാനം നിർബന്ധമാക്കുക. നിലവിൽ പ്രീമിയം കാറുകളിലുള്ള 'അഡാസ്' സംവിധാനത്തിനൊപ്പം വി2വി കൂടി ചേരുന്നതോടെ സുരക്ഷാ കവചം ഇരട്ടിയാകും. എന്നാൽ ഈ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ വാഹനങ്ങളുടെ വിലയിൽ എത്ര വർധനവുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
the central government is preparing to implement ‘vehicle to vehicle’ (v2v) technology, which allows vehicles to communicate directly with each other, to enhance safety and reduce accidents on indian roads.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."