ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്
ഇരിട്ടി: ശബരിമല സ്വർണക്കവർച്ചാ കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത അന്വേഷണസംഘം, മുൻ മന്ത്രിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇരിട്ടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത അന്വേഷണ സംഘം കടകംപള്ളി സുരേന്ദ്രന്റെ കാര്യത്തിൽ മെല്ലെപ്പോക്ക് നടത്തുകയാണ്. തന്റെ മൊഴി കേട്ടു എന്ന് മന്ത്രി പറയുന്നത് കേട്ടു. അത് മൊഴിയെടുക്കലായിരുന്നോ അതോ വെറുമൊരു അഭിമുഖമായിരുന്നോ എന്ന് പൊലിസ് വ്യക്തമാക്കണം. തന്ത്രിക്ക് മുകളിലാണ് ദേവസ്വം ബോർഡ്. തന്ത്രിയെ നിയന്ത്രിക്കേണ്ടത് മന്ത്രിയായിരുന്നു. ഉന്നതതലത്തിലുള്ള ഒത്താശയില്ലാതെ ഇത്രയും വലിയൊരു സ്വർണക്കൊള്ളയും അതിന്റെ അന്താരാഷ്ട്ര ഇടപാടുകളും നടക്കില്ല. കേസിലെ പ്രതിയായ വാസു അടക്കമുള്ളവരെ സിപിഐഎം ഇപ്പോഴും സംരക്ഷിക്കുകയാണ്. ജാമ്യം പോലും ലഭിക്കാത്ത ഗൗരവകരമായ കുറ്റം ചെയ്തിട്ടും പ്രതികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ പാർട്ടി തയ്യാറാകാത്തത് ദുരൂഹമാണ്.
ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണം ഇതുവരെ വീണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല എന്നത് വലിയ പരാജയമാണ്. ഹൈക്കോടതി പോലും ഉന്നതരെ പിടികൂടണമെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പലരെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. "മുഴുവൻ കള്ളന്മാരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യണം. സ്വർണം എവിടെപ്പോയി എന്ന് കണ്ടെത്താൻ നിലവിലെ അന്വേഷണം പര്യാപ്തമല്ല എന്നും സണ്ണി ജോസഫ് പറഞ്ഞു. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനും എല്ലാ പ്രതികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അതിവേഗ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
KPCC President Sunny Joseph has alleged that both the Thantri (head priest) and the former Devaswom Minister are responsible for the Sabarimala gold heist. Following the arrest of Thantri Kandararu Rajeevaru, Joseph questioned whether the police were truly interrogating former Minister Kadakampally Surendran or merely conducting a friendly interview. He criticized the investigation for failing to recover the stolen gold and accused the CPIM of shielding the key accused in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."