മയക്കി കിടത്തിയ ശേഷം മോഷണം; വിവാദ ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്‌കറുടെ വീട്ടിൽ നേപ്പാൾ സ്വദേശിയായ ജോലിക്കാരൻ്റെ അതിക്രമം
പുണെ:വിവാദങ്ങളിൽ കുടുങ്ങി സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറുടെ വീട്ടിൽ നടന്ന മോഷണം.പൂജ ഖേദ്‌കറെയും മാതാപിതാക്കളെയും ബോധരഹിതരാക്കി വീട്ടുജോലിക്കാരൻ മോഷണം നടത്തിയതായാണ് പരാതി. പുണെ ബാനർ റോഡിലെ 'നാഷണൽ സൊസൈറ്റി'യിലുള്ള ഇവരുടെ ബംഗ്ലാവിൽ ശനിയാഴ്ച രാത്രി 11:30-ഓടെയാണ് സംഭവം. നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരനും നാലഞ്ചു പേരും ചേർന്നാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
പൂജ ഖേദ്‌കർ നൽകിയ വിവരമനുസരിച്ച്, വീട്ടിലെ ഭക്ഷണത്തിലോ പാനീയത്തിലോ മയക്കുമരുന്ന് കലർത്തിയാണ് അക്രമി കുടുംബത്തെ അപായപ്പെടുത്തിയത്.പൂജയുടെ മാതാപിതാക്കളായ ദിലീപ് ഖേദ്‌കർ, മനോരമ ഖേദ്‌കർ എന്നിവർക്ക് പുറമെ വീട്ടിലെ പാചകക്കാരൻ, ഡ്രൈവർ, സെക്യൂരിറ്റി ജീവനക്കാരൻ എന്നിവരെയും ബോധരഹിതരായ നിലയിലാണ് കണ്ടെത്തിയത്.
രാത്രി വീട്ടിലെത്തിയ പൂജയെ അക്രമികൾ കെട്ടിയിടുകയും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവരുകയും ചെയ്തു. അക്രമികൾ പോയതിനുശേഷം കെട്ടഴിച്ച് പുറത്തുകടന്ന പൂജ മറ്റൊരു ഫോൺ വഴിയാണ് പൊലിസിനെ വിവരമറിയിച്ചത്.
അന്വേഷണം പുരോഗമിക്കുന്നു
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചതുർശൃംഗി പൊലിസ് അബോധാവസ്ഥയിലായിരുന്ന അഞ്ചുപേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഇപ്പോൾ തൃപ്തികരമാണ്.15 ദിവസം മുമ്പ് മാത്രം ജോലിക്കെത്തിയ നേപ്പാൾ സ്വദേശിയാണ് പ്രധാന പ്രതിയെന്ന് പൊലിസ് സംശയിക്കുന്നു. ഇയാൾ കുടുംബത്തിന്റെ ദിനചര്യകൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് മോഷണം ആസൂത്രണം ചെയ്തത്.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും പൂജ ഖേദ്‌കർ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. മാതാപിതാക്കളുടെ ആരോഗ്യം വീണ്ടെടുത്ത ശേഷം പരാതി നൽകാമെന്നാണ് അവർ അറിയിച്ചിട്ടുള്ളത്. വീട്ടിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ അയൽപക്കത്തെ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ്.വ്യാജരേഖകൾ ചമച്ച് സിവിൽ സർവീസിൽ പ്രവേശിച്ചുവെന്ന ആരോപണത്തെത്തുടർന്ന് സെപ്റ്റംബർ 2024-ലാണ് പൂജ ഖേദ്‌കറെ കേന്ദ്രസർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."