വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ വീട്ടിൽ കയറി അടിച്ച് യുവാക്കൾ; തല്ലി താഴെയിട്ടു, ഫോണും കവർന്നു
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിനെ (34) വീട് കയറി ആക്രമിച്ചു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കയറിയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാലു പേർക്കെതിരെ ശൂരനാട് പൊലിസ് കേസെടുത്തു. അക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം ഉണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കൾ വീട് നോക്കി വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനം ഉണ്ടാക്കുകയായിരുന്നു. പിന്നാലെ വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും പുറത്തിറങ്ങാൻ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു പുറത്തേക്ക് വന്ന കിരണിനെ സംഘം മർദിക്കുകയായിരുന്നു. കിരണിനെ അടിച്ച് താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നതായും പരാതിയിൽ പറയുന്നു.
അതേസമയം, ഇത് ആദ്യ സംഭവമല്ലെന്നാണ് റിപ്പോർട്ട്. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ വീടിനു മുന്നിലെത്തി വെല്ലുവിളി നടത്താറുണ്ട്. സംഭവത്തിൽ കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറഞ്ഞു.
2021 ജൂൺ 21 നാണ് കേരളത്തെ ഞെട്ടിച്ച വിസ്മയയുടെ ആത്മഹത്യ ഉണ്ടാകുന്നത്. നിലമേൽ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാർഥിയുമായിരുന്ന വിസ്‌മയ (24) സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണപ്പെട്ടത്. ഭർത്താവായ മുൻ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരണിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ കിരൺ കുമാറിനെ കോടതി 10 വർഷം തടവിനു ശിക്ഷിച്ചു. നിലവിൽ, സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിൽ കഴിഞ്ഞു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."