തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി ആന്റണി രാജു
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി മുൻ മന്ത്രി ആന്റണി രാജു. കേസിലെ രണ്ടാം പ്രതിയായ ആന്റണി രാജു തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ ഹര്ജി പരിഗണിക്കും.
1990ൽ നടന്ന ഒരു മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്നാണ് ഈ തിരിമറി നടത്തിയത് എന്നാണ് പൊലിസിന്റെ കണ്ടെത്തൽ. തുടർന്ന്, വർഷങ്ങളോളം നടപടികളില്ലാതെ നീണ്ടുപോയ ഈ കേസ് മാധ്യമങ്ങൾ വീണ്ടും ചർച്ചയാക്കിയതോടെയാണ് നിയമനടപടികൾ വേഗത്തിലായത്.
സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
എംഎൽഎ സ്ഥാനത്ത് നിന്നും ആന്റണി രാജുവിനെ അയോഗ്യനാക്കുകയും ചെയ്തിരുന്നു. എംഎൽഎ സ്ഥാനത്തുനിന്നും ആറ് വർഷത്തേക്കാണ് ആന്റണിയുടെ അയോഗ്യത. കോടതിയുടെ വിധി വന്ന ജനുവരി മൂന്ന് മുതൽ അയോഗ്യത നിലവിൽ വന്നു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) അനുസരിച്ചാണ് അയോഗ്യത. കേസിൽ രണ്ട് വർഷത്തിൽ അധികം ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യനിയമം അനുസരിച്ച് നിയമസഭാംഗത്വം നഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."