യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം
ദുബൈ: പ്രവാസി മലയാളി കുടുംബങ്ങൾക്ക് വലിയ ആശ്വാസം പകരുന്നതായി യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായ പരിധി മാറ്റം. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് 2026-'27 അധ്യയന വർഷം മുതൽ നേരത്തെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങാൻ പുതിയ പോളിസി അനുവാദം നൽകുന്നുണ്ടെങ്കിലും ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളൊന്നുമില്ലെന്നതാണ് ശ്രദ്ധേയം.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പഠന തുടർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ഈ പരിഷ്കാരം രക്ഷിതാക്കളുടെ ആശങ്കകൾ അകറ്റാൻ സഹായിക്കുമെന്ന് സ്കൂളധികൃതരും അഭിപ്രായപ്പെട്ടു.
സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന വിദേശ സിലബസ് സ്കൂളുകളെ ലക്ഷ്യം വച്ചാണ് പ്രായ പരിധി ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്. എന്നാൽ, ഏപ്രിൽ മുതൽ മാർച്ച് വരെ അധ്യയന വർഷം കണക്കാക്കുന്ന ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള പ്രവേശന ചട്ടങ്ങൾ തന്നെ തുടരും. മാർച്ച് 31ന് നിശ്ചയിച്ച പ്രായപരിധിയിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കുന്നു. ഇതനുസരിച്ച്, മാർച്ച് 31ന് ശേഷം ജനിച്ച കുട്ടികൾ മുൻപത്തെപ്പോലെ തന്നെ അടുത്ത അധ്യയന വർഷത്തിലാകും പ്രവേശനം നേടുക. ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രവേശന ചട്ടങ്ങൾ തമ്മിലുള്ള ഏകീകരണം ഉറപ്പു വരുത്തുന്നതിനാണ് ഈ തീരുമാനം.
ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാർഥികൾക്ക് ഗ്രേഡ് മാറ്റം, ബോർഡ് പരീക്ഷാ രജിസ്ട്രേഷൻ എന്നിവയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ രീതി സഹായിക്കും. പ്രത്യേകിച്ചും, 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഇന്ത്യയിലെ പ്രായപരിധി നിബന്ധനകൾ നിർണായകമായതിനാൽ രക്ഷിതാക്കൾക്ക് വ്യക്തമായ മാർഗനിർദേശം നൽകുമെന്ന് വിദ്യാലയ അധികൃതർ അറിയിച്ചു. മറ്റു സ്കൂളുകളിൽ നിന്നോ പാഠ്യ പദ്ധതികളിൽ നിന്നോ മാറുന്ന കുട്ടികൾക്ക് അവർ പൂർത്തിയാക്കിയ ക്ലാസിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ പ്രവേശനം നൽകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."