ധനസഹായം നിർത്തി സർക്കാർ; ദുരിതത്തിനുമേൽ ദുരിതത്തിലായി മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർ
കൽപ്പറ്റ: ഒരായുസിന്റെ സമ്പാദ്യമെല്ലാം ഒരൊറ്റ രാത്രികൊണ്ട് ചോർന്നുപോയ മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്ക് നൽകിവന്നിരുന്ന ധനസഹായം നിർത്തി സർക്കാർ. സർക്കാർ നൽകി വരുന്ന 9,000 രൂപയുടെ ധനസഹായമാണ് നിർത്തിയത്. ഉരുൾപ്പൊട്ടലിനെ തുടർന്ന് ജീവിതോപാധി നഷ്ടപ്പെട്ടവർക്കായിരുന്നു സർക്കാർ ധനസഹായം നല്കിവന്നിരുന്നത്. തുടക്കത്തിൽ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച സഹായം വ്യാപക വിമർശനത്തിന് പിന്നാലെ 2025 ഡിസംബർ വരെ നീട്ടുകയായിരുന്നു.
എന്നാൽ, ദുരന്തബാധിതരിൽ പലരും ഇപ്പോഴും വരുമാനം പോലും ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ സർക്കാർ സഹായം അവസാനിപ്പിച്ചത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സഹായം നീട്ടിനൽകണമെന്നാണ് ഇവരുടെ ആവശ്യം. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു അതുവരെ സഹായധനം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇവരുടെ പുനരധിവാസം ഇപ്പോഴും പൂർത്തിയായിട്ടില്ല.
ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നൽകിവന്നിരുന്നത്. കഴിഞ്ഞ മാസത്തെ തുക ഇതുവരെയും ഇവരുടെ അക്കൗണ്ടിലെത്തിയിട്ടില്ല എന്നാണ് വിവരം. ആയിരത്തോളം ദുരന്തബാധിതർക്കാണ് 9000 രൂപ സർക്കാർ നൽകിവന്നിരുന്നത്. ആറ് മാസത്തിനുള്ളിൽ ഇവരെ പുനരധിവസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ പുനരധിവാസ പാക്കേജ് ഇനിയും പൂർത്തിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."