പൊന്നാനിയിൽ ചേരി തിരിഞ്ഞ് സിപിഎം പ്രവർത്തകരുടെ കൂട്ടയടി; ഓഫീസ് അടിച്ച് തകർത്തു
മലപ്പുറം: പൊന്നാനിയിൽ സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി ഓഫീസ് ഉൾപ്പെടെ അടിച്ച് തകർത്തു. പൊന്നാനി എരമംഗലം സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിനോട് ചേർന്നുള്ള ഡിവൈഎഫ്ഐ ഓഫീസിലാണ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. പൊന്നാനിയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയാണ് സംഘർഷം എന്നാണ് സൂചന. എന്നാൽ എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് സിപിഎം വിശദീകരണം.
ഇന്നലെ രാത്രിയാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകർ രണ്ട് ചേരിയിലായി നിന്ന് ഏറ്റുമുട്ടുകയായിരുന്നു. ഓഫീസിൽ ഉണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി, ബൾബുകൾ, കസേരകൾ എന്നിവ ഉൾപ്പെടെ അടിച്ച് തകർക്കുകയായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർഥിയെ ചൊല്ലി പൊന്നാനി സിപിഐഎമ്മിൽ വിഭാഗീയത ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഘർഷമെന്നാണ് വിവരം. എന്നാൽ, ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണെന്നും പിന്നിൽ രാഷ്ട്രീയ കാരണമില്ലെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു.
അതേസമയം, വെളിയങ്കോട് ഭാഗത്തുള്ള സിപിഎം പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്നാണ് എരമംഗലത്തെ സിപിഎം പ്രവർത്തകർ പറയുന്നത്. എന്നാൽ വെളിയങ്കോടുള്ള ഒരൊറ്റ പാർട്ടി അംഗങ്ങളും പ്രശ്‌നം ഉണ്ടാക്കിയിട്ടില്ലെന്ന നിലപാടിലാണ് വെളിയങ്കോട് സിപിഎം നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."