ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; അളങ്കാനല്ലൂർ ജെല്ലിക്കെട്ട് നേരിട്ട് കാണാനെത്തി സ്റ്റാലിൻ
മധുര: ജെല്ലിക്കെട്ടിൽ കാളകളെ മെരുക്കി വിജയ്‌ക്കുന്നവർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിൽ മുൻഗണനാടിസ്ഥാനത്തിൽ അനുയോജ്യമായ തസ്തികകളിലേക്ക് പരിഗണിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. പരമ്പരാഗത ജെല്ലിക്കെട്ട് കേന്ദ്രമായ അലങ്കനല്ലൂരിൽ കാളകളുടെ ചികിത്സയ്ക്കും പരിശീലന കേന്ദ്രത്തിനായി രണ്ട് കോടി രൂപ അനുവദിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.
തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അലങ്കനല്ലൂരിൽ നടന്ന ലോകപ്രശസ്ത ജെല്ലിക്കെട്ട് മത്സരം ഉദ്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.കെ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ നിന്നും പുറത്തുനിന്നും ധാരാളം പേരാണ് മത്സരം കാണാനായി എത്തിയത്. മുഖ്യമന്ത്രി കൂടി എത്തുമെന്നതറിഞ്ഞതോടെ ജനങ്ങളുടെ എണ്ണം വർധിച്ചു.
ഈ വർഷത്തെ അലങ്കനല്ലൂർ ജെല്ലിക്കട്ടിൽ ഏകദേശം 1,100 കാളകളും ഏകദേശം 600 കാളപ്പോരാളികളും ആണ് പങ്കെടുക്കുന്നത്. പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വൈദഗ്ധ്യത്തെയും ധൈര്യത്തെയും ആദരിക്കുന്നതിനുമായി സംഘാടകർ ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നയാൾക്ക് ഒരു കാർ സമ്മാനമായി നൽകും, ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കാളയുടെ ഉടമയ്ക്ക് ഒരു ട്രാക്ടർ സമ്മാനമായി നൽകും. രണ്ടാം സമ്മാനമായി ഒരു മോട്ടോർ സൈക്കിളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, പങ്കെടുക്കുന്നവർക്ക് സൈക്കിളുകൾ, കട്ടിൽ, മെത്ത, പ്ലാസ്റ്റിക് കസേരകൾ, സ്വർണ്ണ നാണയങ്ങൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങളും നൽകും.
ഈ സമ്മാനങ്ങൾക്ക് എല്ലാം മേലെയാണ് ഇപ്പോൾ സർക്കാർ ജോലി തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അലങ്കനല്ലൂരിലെ ജെല്ലിക്കെട്ട് മത്സരത്തിനിടെ കുറഞ്ഞത് 14 പേർക്ക് പരുക്കേറ്റു. അവരിൽ നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."