ബഹിരാകാശത്തെ ആദ്യ മുസ്ലിം വനിത; സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിച്ച അനൂഷാ അന്‍സാരിക്ക് പെണ്‍കുട്ടികളോട് ചിലത് പറയാനുണ്ട്
വാഷിങ്ട്ടണ്‍: ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ പേരാണ് അനൂഷാ അന്‍സാരി. ബഹിരാകാശത്തേക്ക് പറന്ന ആദ്യ മുസ്ലിം വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ അനൂഷ, തന്റെ സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. വെറുമൊരു സഞ്ചാരി എന്നതിലുപരി, ശാസ്ത്രസാങ്കേതിക മേഖലകളില്‍ സ്ത്രീകള്‍ക്ക് എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ എത്രത്തോളമുണ്ടെന്ന് അവര്‍ തന്റെ ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തു.
2006 സെപ്റ്റംബര്‍ 18നാണ് റഷ്യന്‍ പേടകമായ 'സോയൂസ് ടിഎംഎ9' (Soyuz TMA9) ലൂടെ അനൂഷാ അന്‍സാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിച്ചത്. പത്തു ദിവസത്തോളം അവര്‍ ബഹിരാകാശത്ത് ചിലവഴിച്ചു. ഈ യാത്രയ്ക്കായി ഏകദേശം 20 ദശലക്ഷം ഡോളറാണ് (ഏകദേശം 160 കോടിയിലധികം രൂപ) അവര്‍ സ്വന്തമായി ചിലവാക്കിയത്. ബഹിരാകാശത്തുനിന്ന് സ്വന്തം വെബ്‌ലോഗിലൂടെ അനുഭവങ്ങള്‍ പങ്കുവെച്ച ആദ്യ വ്യക്തി കൂടിയാണ് അനൂഷ.
'എന്റെ മനോഹരമായ ഗ്രഹം, സൂര്യരശ്മികളേറ്റ് എനിക്ക് താഴെ കറങ്ങിക്കൊണ്ടിരിക്കുന്നു. എനിക്ക് ശ്വാസമെടുക്കാന്‍ പോലും കഴിഞ്ഞില്ല,' ഭൂമിയെ ആദ്യമായി ബഹിരാകാശത്തുനിന്ന് കണ്ട നിമിഷത്തെക്കുറിച്ച് തന്റെ 'മൈ ഡ്രീം ഓഫ് സ്റ്റാര്‍സ്' എന്ന പുസ്തകത്തില്‍ അനൂഷ ഇങ്ങനെയാണ് എഴുതിയത്.
ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക്
1966ല്‍ ഇറാനില്‍ ജനിച്ച അനൂഷ കൗമാരപ്രായത്തിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങിലും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലും ഉന്നത ബിരുദങ്ങള്‍ നേടിയ അവര്‍, ടെലികോം മേഖലയില്‍ സ്വന്തമായി സംരംഭങ്ങള്‍ കെട്ടിപ്പടുത്ത് വിജയിച്ചു. പ്രോഡിയ സിസ്റ്റംസ് (Prodea Systems) എന്ന കമ്പനിയുടെ സഹസ്ഥാപകയായ അവര്‍ ഇപ്പോള്‍ എക്‌സ് പ്രൈസ് ഫൗണ്ടേഷന്റെ (XPRIZE Foundation) സിഇഒ ആയി സേവനമനുഷ്ഠിക്കുന്നു.
മുസ്ലിം വനിതകളോടുള്ള സന്ദേശം
മുസ്ലിം സ്ത്രീകളെക്കുറിച്ച് ലോകത്ത് നിലനില്‍ക്കുന്ന തെറ്റായ ധാരണകളെ തിരുത്താന്‍ അവര്‍ എന്നും മുന്‍പന്തിയിലുണ്ട്. 'ആരും നിങ്ങളെക്കൊണ്ട് ഇത് കഴിയില്ലെന്ന് പറയരുത്. നമ്മള്‍ സ്വയം പരിധികളെ നിശ്ചയിക്കുമ്പോഴാണ് നമ്മുടെ വളര്‍ച്ച നിലയ്ക്കുന്നത്,- അനൂഷ മുസ്ലിം സ്ത്രീതകളെ ഓര്‍മ്മിപ്പിച്ചു. ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം ലോകത്തെ പഠിപ്പിക്കാന്‍ മുസ്ലിം സ്ത്രീകള്‍ സാമൂഹികമായും തൊഴില്‍പരമായും കൂടുതല്‍ സജീവമാകണമെന്നും അവര്‍ വിശ്വസിക്കുന്നു.
പ്രധാന നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍:
* ആദ്യ മുസ്ലിം വനിതാ ബഹിരാകാശ യാത്രിക.
* ബഹിരാകാശത്തെത്തുന്ന ആദ്യ ഇറാന്‍ വംശജ.
* സ്വന്തം ചിലവില്‍ ബഹിരാകാശ യാത്ര നടത്തിയ ലോകത്തെ നാലാമത്തെ വ്യക്തി.
* ബഹിരാകാശത്തുനിന്ന് ബ്ലോഗ് എഴുതിയ ആദ്യ സഞ്ചാരി.
നിലവില്‍ ടെക്‌സാസില്‍ താമസിക്കുന്ന അനൂഷ, ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്കായി ടാറ്റ ട്രസ്റ്റുമായി സഹകരിച്ച് സാങ്കേതിക പദ്ധതികള്‍ നടപ്പാക്കിവരുന്നു. മഹാത്മാഗാന്ധിയുടെ 'ലോകത്ത് എന്ത് മാറ്റമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, ആ മാറ്റമായി നിങ്ങള്‍ മാറണം' എന്ന വാക്കുകളാണ് തന്റെ ജീവിതപ്രേരണയെന്ന് അനൂഷ പറയുന്നു.
Iranian US Woman Anousheh Ansari, co-founder of a telecom company is set to became the first Muslim woman to reach a space station. She launched on September 18, 2006, aboard the Russian Soyuz TMA-9 spacecraft and spent nearly 10 days on the ISS International Space Station. For this journey, she personally spent about 20 million dollars (approximately 146 crore rupees), which is a record in itself.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."