വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്താവള സ്വീകരണ ചടങ്ങിൽ നിന്ന് നഗരസഭാ മേയർ വി.വി രാജേഷിനെ ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. തിരുവനന്തപുരത്തിന്റെ പ്രഥമ പൗരനെ അവഗണിച്ചത് നഗരവാസികളെയും ഫെഡറൽ സംവിധാനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.
തിരുവനന്തപുരം കോർപറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന പ്രചാരണമെന്ന് ശിവൻകുട്ടി ഓർമ്മിപ്പിച്ചു. എന്നാൽ അധികാരം കിട്ടി പ്രധാനമന്ത്രി എത്തിയപ്പോൾ ആ സ്വീകരണ പട്ടികയിൽ മേയർക്ക് ഇടമില്ലാതെ പോയത് വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പിയിലെ ആഭ്യന്തര കലഹമാണോ മേയറെ മാറ്റിനിർത്താൻ കാരണമെന്ന് മന്ത്രി ചോദിച്ചു. വി.വി. രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത വ്യക്തിയാണോ എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. ഈ വിഷയത്തിൽ ബി.ജെ.പി നൽകുന്ന വിശദീകരണങ്ങൾ ഒന്നും തന്നെ വിശ്വാസയോഗ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുന്ന കാര്യത്തിൽ ബി.ജെ.പി പതിവ് രീതി തന്നെയാണ് പിന്തുടരുന്നത്. നഗരസഭയുടെ പ്രോട്ടോക്കോൾ ലംഘനം വഴി ജനാധിപത്യപരമായ മര്യാദകളാണ് കാറ്റിൽ പറത്തപ്പെട്ടതെന്നും അദ്ദേഹം വിമർശിച്ചു.
വികസന കാര്യങ്ങളിലും ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ടെത്തി നഗരവികസനത്തിനായുള്ള ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കുമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ അന്നത്തെ അവകാശവാദം. എന്നാൽ ആ ബ്ലൂ പ്രിന്റ് ഇപ്പോൾ എവിടെയാണെന്ന് മന്ത്രി ചോദിച്ചു.
വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് അത് പാലിക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന് പറയുകയും ചെയ്യുന്ന നിലപാടാണ് ബി.ജെ.പി ആവർത്തിക്കുന്നത്. തിരുവനന്തപുരത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ മേയറെപ്പോലൊരു വ്യക്തിത്വത്തെ തഴഞ്ഞത് വഴി ബിജെപി സ്വന്തം പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് ഭരണഘടനാപരമായ പദവികളോടുള്ള അനാദരവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നഗരത്തിന്റെ വികസനത്തെക്കുറിച്ചും ജനപ്രതിനിധികളുടെ അന്തസിനെക്കുറിച്ചും ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. വരും ദിവസങ്ങളിൽ ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Minister V. Sivankutty has strongly criticized the decision to exclude Thiruvananthapuram Mayor V.V. Rajesh from the official team welcoming Prime Minister Narendra Modi. He called the move a violation of federal etiquette and an insult to the citizens of the city, questioning if the BJP considers their own mayor to be of "insufficient status." The minister also mocked the party for failing to deliver the "development blueprint" promised during their election campaign. v sivankutty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."