നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ
പട്ന: മരണാനന്തര ചടങ്ങുകൾക്ക് പോലും വിവേചനം നേരിടേണ്ടി വരുന്ന ദളിത് ജീവിതങ്ങളുടെ ദുരവസ്ഥ വെളിപ്പെടുത്തി ബിഹാറിൽ നിന്നൊരു വാർത്ത. പൊതു ശ്മശാനത്തിലേക്കുള്ള വഴി സവർണ്ണ വിഭാഗങ്ങളും കടയുടമകളും തടഞ്ഞതിനെത്തുടർന്ന് 91-കാരിയായ ദളിത് വയോധികയുടെ മൃതദേഹം കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പൊതുറോഡിൽ സംസ്കരിക്കേണ്ടി വന്നു. ബിഹാറിലെ വൈശാലി ജില്ലയിലാണ് രാജ്യം നടുങ്ങിയ ഈ സംഭവം നടന്നത്.
സംഭവം ഇങ്ങനെ:
വൈശാലി സ്വദേശിനിയായ ജപ്കി ദേവി (91) അന്തരിച്ചതിനെത്തുടർന്ന് മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ പൊതു ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് തടസ്സം നേരിട്ടത്.ശ്മശാനത്തിലേക്കുള്ള വഴിയിലുള്ള ക്ഷേത്രത്തിന് സമീപത്തെ കൈയേറ്റക്കാരും ചില പ്രാദേശിക കടയുടമകളുമാണ് വഴി നൽകാൻ തയ്യാറാകാതിരുന്നത്.
മണിക്കൂറുകളോളം അധികൃതരോടും വഴി തടഞ്ഞവരോടും അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ മൃതദേഹത്തോട് അനാദരവ് കാട്ടാൻ വയ്യാതെ, മറ്റൊരു മാർഗവുമില്ലാത്തതിനാൽ കുടുംബം പൊതുറോഡിൽ തന്നെ ചിതയൊരുക്കി സംസ്കാരം നടത്തുകയായിരുന്നു.
"ഞങ്ങൾ പലതവണ വഴി ചോദിച്ചു, കാലുപിടിച്ചു. പക്ഷേ ആരും കനിഞ്ഞില്ല. നീതി ലഭിക്കാത്തതിനാലാണ് ഞങ്ങൾക്ക് അമ്മയുടെ മൃതദേഹം റോഡിൽ ദഹിപ്പിക്കേണ്ടി വന്നത്," ജപ്കി ദേവിയുടെ മകൻ സങ്കീത് മാഞ്ചി വേദനയോടെ പറഞ്ഞു.
അന്വേഷണം പ്രഖ്യാപിച്ചു
സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ വൈശാലി ജില്ലാ മജിസ്‌ട്രേറ്റ് വർഷ സിംഗ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രാഥമിക അന്വേഷണത്തിൽ വഴി നിഷേധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു.
ശ്മശാനത്തിലേക്കുള്ള വഴിയിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."