'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം'; യുഡിഎഫിനെ സ്വര്‍ണക്കൊള്ളയില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്ന് കെ.സി വേണുഗോപാല്‍
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ് ഐ ടിയെ അടൂര്‍ പ്രകാശ് എം.പിയെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സ്വര്‍ണക്കൊള്ളകേസില്‍ യുഡിഎഫിനെ കൂട്ടിക്കെട്ടാന്‍ നോക്കേണ്ടെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ശബരമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു. 22 കൊല്ലം മുമ്പ് താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്‌ഐടി മുഖ്യമന്ത്രിയുടെ കൈയില്‍ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കില്‍ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെ. പോറ്റി ജോലിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കയറിയത് 2007ലെന്ന വിവരം എസ് ഐ ടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. രാവിലെ മുതലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പ്രതികളുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യമുള്‍പ്പെടെ അടൂര്‍ പ്രകാശില്‍ നിന്ന് എസ്ഐടി ചോദിച്ചറിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."