കിടപ്പറയിലെ സഹകരണം സംതൃപ്ത ദാമ്പത്യത്തിന് അനിവാര്യമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: യാതൊരു കാരണവുമില്ലാതെ ഏറെക്കാലം പങ്കാളിക്കു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവസരം നിഷേധിക്കുന്നതു വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ദീര്‍ഘനാളായി കിടപ്പറയില്‍ സഹകരിക്കാത്ത ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ യുവാവ് നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ പ്രതീപ് നന്ദ്രജോഗ്, പ്രതിഭാറാണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഈ വിധി. ലൈംഗിക അവകാശം നിഷേധിക്കുന്നതിനു പുറമെ ഓഫിസില്‍ വന്ന് മേലുദ്യോഗസ്ഥനു തനിക്കെതിരേ വ്യാജപരാതികള്‍ നല്‍കിയതുമൂലം ജോലിനഷ്ടമായെന്നും പരാതിക്കാരന്‍ ഹരജിയില്‍ പറഞ്ഞിരുന്നു.
മാനസികമായി പീഡിപ്പിക്കുകയും കിടപ്പറയില്‍ സഹകരിക്കാതിരിക്കുകയും ചെയ്യുന്ന ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ ഭര്‍ത്താവിന് അനുമതി നല്‍കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരന് വിവാഹമോചനത്തിനുള്ള അനുമതി നല്‍കിയ കുടുംബകോടതി വിധി ശരിവച്ച ഡിവിഷന്‍ ബെഞ്ച്, കിടപ്പറയിലെ പരസ്പര സഹകരണം സംതൃപ്തമായ ദാമ്പത്യജീവിതത്തിന് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഏപ്രില്‍ 11 നാണ് കുടുംബകോടതി വിവാഹമോചനത്തിനു അനുമതി നല്‍കി ഉത്തരവിട്ടത്. എന്നാല്‍, കീഴ്‌ക്കോടതി ഉത്തരവു ചോദ്യംചെയ്ത് ഭാര്യ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കഴിഞ്ഞദിവസത്തെ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
പങ്കാളിയെ മാനസിഷകമായി തകര്‍ക്കുന്ന വിധത്തില്‍ അകാരണമായി ഒരിക്കലും കിടപ്പറയില്‍ സഹകരിക്കാതിരിക്കരുതെന്ന സുപ്രിംകോടതി ഉത്തരവ് പരാമര്‍ശിച്ചാണ് ഹൈക്കോടതി ഹരജിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. 2007 നവംബറിലാണ് 45 കാരനായ ഹരജിക്കാരന്റെ വിവാഹം. എന്നാല്‍ ആദ്യംമുതലേ ഭാര്യ തനിക്കു ലൈംഗികബന്ധത്തിനുള്ള അവസരം നിഷേധിക്കുകയായിരുന്നുവെന്ന് ഹരജിക്കാരന്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞു ഷിംലയിലേക്കു മധുവിധു യാത്രപോയി. അവിടെവച്ച്, തന്നെ സ്പര്‍ശിച്ചാല്‍ താമസിച്ച കെട്ടിടത്തിനു മുകളില്‍ നിന്നു താഴേക്കു ചാടുമെന്ന് പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തി.
ഇതിനു ശേഷവും അവര്‍ തന്നോടു സഹകരിച്ചിട്ടില്ലെന്നും ഹരജിക്കാരന്‍ പറഞ്ഞു. അതേസമയം, നേരത്തെയുള്ള വിവാഹവും അതില്‍ ഒരുമകളും ഉള്ള കാര്യം മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും ഭര്‍ത്താവിനു വിഷാദരോഗമുണ്ടെന്നും യുവതി കോടതിയില്‍ പറഞ്ഞു.
വിവാഹദിവസം മുതല്‍ തുടര്‍ച്ചയായ അഞ്ചുമാസം ശാരീരിക ബന്ധത്തിനു വിസമ്മതിച്ച ഭാര്യയുമായുള്ള വിവാഹമോചനത്തിന് അനുവദിക്കണമെന്ന മറ്റൊരു ഡല്‍ഹി സ്വദേശിയുടെ ആവശ്യം 2012 മാര്‍ച്ചില്‍ ഹൈക്കോടതി അംഗീകരിച്ചിരുന്നു. സമാന ആവശ്യം 2014 ജനുവരിയില്‍ ബോംബെ ഹൈക്കോടതിയും അംഗീകരിക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."