20 രൂപ അധികം വേണം...സ്റ്റോപ്പില്ലാത്തിടത്തും ബസ് നിര്‍ത്തും; നിരക്ക് കുറച്ചും കുടിവെള്ളം നൽകിയും കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം:കെ.എസ്.ആര്‍.ടിയില്‍ ദീര്‍ഘദൂരയാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി. സ്റ്റോപ്പില്ലാത്ത സ്ഥലത്തും 20 രൂപ അധികം നല്‍കിയാല്‍ യാത്രക്കാരെ കയറ്റുന്ന സംവിധാനമാണ് ആരംഭിക്കുന്നത്. ചലോ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കയറേണ്ട സ്ഥലം നല്‍കിയാല്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താം. പ്രീമിയം ദീര്‍ഘദൂര ബസുകളിലാണ് ഇതിനുള്ള സൗകര്യം. ഇന്നലെ ഈ പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു.
ഇതിന് പുറമെ ഡയനാമിക് പ്രൈസിങ് എന്ന സംവിധാനവും ഉദ്ഘാടനം ചെയ്തു. ദീര്‍ഘദൂര ബസുകളില്‍ അമ്പത് ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന പദ്ധതിയാണിത്. തല്‍സമയ ബുക്കിങ് വഴി യാത്രക്കാര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. മാന്‍ഡിസ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്.
ഇനിമുതല്‍ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളവും ലഭിക്കും. സര്‍ക്കാര്‍ കുപ്പിവെള്ളമായ ഹില്ലി അക്വായുമായി സഹകരിച്ച് കെ.എല്‍. 15 എന്ന ബ്രാന്‍ഡില്‍ 13 രൂപ നിരക്കിലാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം നല്‍കുന്നത്. ഒരു കുപ്പി വെള്ളം വിറ്റാല്‍ കണ്ടക്ടര്‍ക്ക് രണ്ട് രൂപയും ഡ്രൈവര്‍ക്ക് ഒരു രൂപയും ലഭിക്കും. എല്ലാ ദീര്‍ഘദൂര ബസുകളിലും ഇത് ലഭിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."