നിറപ്പെട്ടികളിൽ നിന്ന് വിരൽത്തുമ്പിലേക്ക്...
മലപ്പുറം: വോട്ടുപെട്ടിയുടെ നിറം നോക്കി വോട്ടുചെയ്തിരുന്ന പഴയ കാലത്തുനിന്ന് അത്യാധുനിക വോട്ടിങ് യന്ത്രത്തിലെ 'നോട്ട' വരെ എത്തിനിൽക്കുകയാണ് കേരളത്തിലെ വോട്ട് ചരിത്രം. വോട്ടെടുപ്പ് രീതികളിൽ കാലത്തിനനുസരിച്ചുള്ള വലിയ മാറ്റങ്ങൾക്കാണ് ജനാധിപത്യ പ്രക്രിയ സാക്ഷ്യംവഹിച്ചത്.
കേരള രൂപീകരണത്തിന് മുമ്പ് ഓരോ സ്ഥാനാർഥിക്കും പ്രത്യേകം ബാലറ്റ് പെട്ടികളായിരുന്നു പോളിങ് ബൂത്തുകളിൽ സജ്ജീകരിച്ചിരുന്നത്. സ്ഥാനാർഥികളുടെ എണ്ണത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള പെട്ടികൾ അന്ന് ഉപയോഗിച്ചിരുന്നു. ഓരോ സ്ഥാനാർഥിക്കും ഓരോ നിറം നൽകുകയും പെട്ടിക്ക് പുറത്ത് അവരുടെ പേര് പ്രദർശിപ്പിക്കുകയും ചെയ്യും. സമ്മതിദായകൻ തനിക്ക് ഇഷ്ടപ്പെട്ട നിറമുള്ള പെട്ടിയിൽ ബാലറ്റ് പേപ്പർ നിക്ഷേപിക്കുകയായിരുന്നു അന്നത്തെ രീതി.
എന്നാൽ, 1952ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഈ സംവിധാനത്തിൽ മാറ്റം വന്നു. പെട്ടികൾക്ക് നിറം നൽകുന്നതിന് പകരം സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ പെട്ടിയിൽ പതിപ്പിച്ചു തുടങ്ങി. ആനപ്പെട്ടിയും കടുവപ്പെട്ടിയും കാളപ്പെട്ടിയുമെല്ലാം അക്കാലത്തെ വോട്ടെടുപ്പിലെ കൗതുകങ്ങളായിരുന്നു. സ്ഥാനാർഥിയുടെ പേരിനേക്കാൾ ചിഹ്നം നോക്കി വോട്ട് ചെയ്യുന്ന രീതിയിലേക്കുള്ള പ്രധാന ചുവടുവയ്പ്പായിരുന്നു ഇത്. പിന്നീട് 1958ൽ നടന്ന ദേവികുളം ഉപതെരഞ്ഞെടുപ്പോടെയാണ് ബാലറ്റ് പേപ്പറിൽ മുദ്ര പതിപ്പിക്കുന്ന 'മാർക്കിങ് സമ്പ്രദായം' നിലവിൽ വരുന്നത്. ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരും വശത്ത് ചിഹ്നവും രേഖപ്പെടുത്തുന്ന രീതിയാണിത്. വോട്ടർ തന്റെ ഇഷ്ടപ്രകാരം ബാലറ്റ് പേപ്പറിൽ മുദ്ര പതിപ്പിച്ച ശേഷം എല്ലാവർക്കും കൂടി വയ്ക്കുന്ന പെട്ടിയിൽ നിക്ഷേപിക്കണം. വർഷങ്ങളോളം ഈ രീതി തുടർന്നുപോന്നു. അതിൽ നിന്ന് പിന്നീട് വോട്ടിങ് യന്ത്രത്തിലേക്കു മാറി. രാജ്യത്ത് ആദ്യമായി വോട്ടിങ് യന്ത്രം പരീക്ഷിക്കാനുള്ള അവസരം ലഭിച്ചത് കേരളത്തിനായിരുന്നു.
1982ലെ നിയമസഭാ തെഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിലെ 50 ബൂത്തുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ വോട്ടിങ് യന്ത്രം ഏർപ്പെടുത്തിയത്. ഇതിനെതിരേ അന്നത്തെ സ്ഥാനാർഥി എ.സി ജോസ് കോടതിയെ സമീപിച്ചതോടെ 50 ബൂത്തുകളിലും വീണ്ടും ബാലറ്റ് ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തേണ്ടിവന്നു. പിന്നീട് 1989ൽ നിയമഭേദഗതി വന്നതോടെയാണ് വോട്ടിങ് യന്ത്രത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിൽ യന്ത്രം ഉപയോഗിച്ചു. 2004 ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ വ്യാപകമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. ഇതോടെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും മുമ്പത്തേക്കാൾ വേഗത്തിലാവുകയും വോട്ടിങ് രീതി പൊതുജനങ്ങൾക്ക് പൂർണമായും പരിചിതമാവുകയും ചെയ്തു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ഏറ്റവും പുതിയ പരിഷ്‌കാരമാണ് 'നോട്ട'. ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ലെന്നു രേഖപ്പെടുത്തുന്നതിനുള്ള ബട്ടൺ കൂടി വോട്ടിങ്ങ് മെഷിനിൽ ഏർപ്പെടുത്തിട്ടുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ ഏറ്റവും അവസാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."